Connect with us

National

അക്രമം നടത്തിയെന്ന് ആരോപണം; ഐഷെ ഘോഷ് ഉള്‍പ്പടെയുള്ളവര്‍ക്കെതിരെ കേസെടുത്ത് ഡല്‍ഹി പോലീസ്

Published

|

Last Updated

ന്യൂഡല്‍ഹി | ജവഹര്‍ലാല്‍ നെഹ്‌റു സര്‍വകലാശാല (ജെ എന്‍ യു)യില്‍ അക്രമം നടത്തിയെന്ന് ആരോപിച്ച് വിദ്യാര്‍ഥി യൂണിയന്‍ നേതാവ് ഐഷെ ഘോഷ് ഉള്‍പ്പടെ ഒമ്പതു പേര്‍ക്കെതിരെ ഡല്‍ഹി പോലീസ് കേസെടുത്തു. ഇവരുടെ വൃത്തത്തില്‍ അടയാളപ്പെടുത്തിയ ചിത്രങ്ങളും പോലീസ് വാര്‍ത്താ സമ്മേളനത്തില്‍ പുറത്തുവിട്ടു. ഇടതു വിദ്യാര്‍ഥികള്‍ നയിക്കുന്ന യൂണിയനിലെ അംഗങ്ങളാണ് പോലീസ് ഹിറ്റ് ലിസ്റ്റിലുള്ളവരില്‍ ഭൂരിഭാഗവും. എന്നാല്‍, ഞായറാഴ്ച വൈകീട്ട് മുഖംമൂടിയണിഞ്ഞ സംഘം വിദ്യാര്‍ഥികളെയും അധ്യാപകരെയും ആക്രമിച്ച സംഭവത്തില്‍ വിശദ വിവരങ്ങളൊന്നും നല്‍കാന്‍ പോലീസ് തയാറായില്ല.

ഫീസ് വര്‍ധനക്കെതിരെ സമരം നടത്തിയ വിദ്യാര്‍ഥികള്‍ അക്രമം നടത്തിയെന്ന് ആരോപിച്ച് ഐഷെ ഘോഷിനു പുറമെ ചുന്‍ചുന്‍ കുമാര്‍, പങ്കജ് മിശ്ര, വാസ്‌കര്‍ വിജയ്, സുചേത തലൂക്ദര്‍, പ്രിയ രഞ്ജന്‍, ദോലന്‍ സാവന്ത്, യോഗേന്ദ്ര ഭരദ്വാജ്, വികാസ് പട്ടേല്‍ എന്നിവര്‍ക്കെതിരെയാണ് കേസെടുത്തിട്ടുള്ളത്. ഇവരില്‍ യോഗേന്ദ്രയും വികാസും എ ബി വി പി പ്രവര്‍ത്തകരാണെന്നാണ് വിവരം.

ജനുവരി ഒന്നു മുതല്‍ അഞ്ചു വരെയുള്ള വിന്റര്‍ സെമസ്റ്റര്‍ പരീക്ഷക്ക് രജിസ്റ്റര്‍ ചെയ്യാന്‍ കാമ്പസിലെ ഭൂരിഭാഗം വിദ്യാര്‍ഥികളും ആഗ്രഹിച്ചിരുന്നുവെന്നും എന്നാല്‍, ഇടത് വിദ്യാര്‍ഥി ഗ്രൂപ്പുകള്‍ അവരെ അതിന് അനുവദിച്ചില്ലെന്നും മുതിര്‍ന്ന പോലീസുദ്യോഗസ്ഥന്‍ ജോയ് ടിര്‍കെ വാര്‍ത്താ സമ്മേളനത്തില്‍ വ്യക്തമാക്കി. ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ തടയുന്നതിനായി ഇടതു ഗ്രൂപ്പുകള്‍ കാമ്പസിലെ സര്‍വര്‍ റൂം ആക്രമിച്ചതായും ഫീസ് വര്‍ധനക്കെതിരായ സമരം മുഴുവന്‍ വിദ്യാര്‍ഥികളിലും അടിച്ചേല്‍പ്പിക്കാന്‍ ശ്രമിച്ചതായും അദ്ദേഹം പറഞ്ഞു.

അതേസമയം, സിസിടിവി ദൃശ്യങ്ങളോ വീഡിയോ റെക്കോര്‍ഡിംഗുകളോ സാക്ഷികളോ ഇല്ലാത്തത് മുഖംമൂടി അക്രമികളെ തിരിച്ചറിയുക പ്രയാസകരമാക്കിയിട്ടുണ്ടെന്നാണ് പോലീസ് പറയുന്നത്. എന്നാല്‍, കാമ്പസില്‍ അക്രമം നടത്തിയെന്ന് ആരോപണം ശക്തമായി നിഷേധിച്ച ഐഷെ ഘോഷ് പോലീസ് നിര്‍ലജ്ജം ഒരു വിഭാഗത്തിന്റെ പക്ഷം പിടിച്ചുള്ള അന്ധമായ നടപടികളാണ് സ്വീകരിക്കുന്നതെന്ന് പറഞ്ഞു. “ഗുണ്ടാ സംഘത്തിന്റെ അക്രമം തടയാനാണ് ശ്രമിച്ചത്. ഞാന്‍ മുഖംമൂടിയൊന്നും ധരിച്ചിരുന്നില്ല. രക്തം പുരണ്ട എന്റെ വസ്ത്രങ്ങള്‍ ഇപ്പോഴും എന്റെ കൈയിലുണ്ട്.”- ഐഷെ വ്യക്തമാക്കി.