Connect with us

National

ദീപികക്ക് പിന്തുണ; ഛപാക് കാണാന്‍ വിദ്യാര്‍ഥികള്‍ക്ക് കോണ്‍ഗ്രസിന്റെ സൗജന്യ ടിക്കറ്റ്

Published

|

Last Updated

ന്യൂഡല്‍ഹി | ജെ എന്‍ യുവില്‍ സമരത്തിലുള്ള വിദ്യാര്‍ഥികള്‍ക്ക് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ച നടി ദീപിക പദുക്കോണിന്റെ സിനിമയായ ഛപാക് കാണാന്‍ വിദ്യാര്‍ഥികള്‍ക്ക് കോണ്‍ഗ്രസ് സൗജന്യ ടിക്കറ്റ് വിതരണം ചെയ്യും. ശശി തരൂര്‍ എം പിയാണ് ഇക്കാര്യം അറിയിച്ചത്. ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചതിന്റെ പേരില്‍ ആരും ബഹിഷ്‌കരിക്കപ്പെടരുതെന്നാണ് കോണ്‍ഗ്രസ് നയമെന്ന് വാര്‍ത്താ ഏജന്‍സിയോട് പ്രതികരിക്കവെ അദ്ദേഹം പറഞ്ഞു.

അതിനിടെ, ദീപികയുടെ നിലപാടിന് പിന്തുണ നല്‍കുന്നതിന്റെ ഭാഗമായി കോണ്‍ഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ ഛപാക് സിനിമക്ക് നികുതിയിളവ് പ്രഖ്യാപിച്ചു. ഡല്‍ഹിയില്‍ കോണ്‍ഗ്രസ് നേതാവായ അല്‍ക ലാമ്പയും ഡല്‍ഹി കോണ്‍ഗ്രസ് അധ്യക്ഷന്‍ സുഭാഷ് ചോപ്രയുടെ മകള്‍ ശിവാനി ചോപ്രയും ചേര്‍ന്ന്ഛപാക് സ്പെഷ്യല്‍ സ്‌ക്രീനിംഗ് സംഘടിപ്പിച്ചു. മധ്യപ്രദേശിലെ ഭോപ്പാലില്‍ കോണ്‍ഗ്രസ് വിദ്യാര്‍ഥി യൂണിയനായ എന്‍ എസ് യുവിന്റെ നേതൃത്വത്തില്‍ സിനിമയുടെ സൗജന്യ ടിക്കറ്റ് വിതരണം ചെയ്തു.

ജെ എന്‍ യു വിദ്യാര്‍ഥികളുടെ സമരത്തിന് കാമ്പസില്‍ നേരിട്ടെത്തി പിന്തുണയറിയിച്ചതിന്റെ പേരില്‍ ദീപികയുടെ ചിത്രമായ ഛപാക് ബഹിഷ്‌കരിക്കണമെന്ന് ബി ജെ പി ആഹ്വാനം ചെയ്തിരുന്നു. പകരം മറാത്ത യുദ്ധവീരന്‍ തന്‍ഹാജി മാലുശ്രീയുടെ ജീവിതകഥ പറയുന്ന തന്‍ഹാജി എന്ന സിനിമ കാണണമെന്ന് ആവശ്യപ്പെട്ട വിദ്യാര്‍ഥികള്‍ക്ക് സൗജന്യ ടിക്കറ്റ് വിതരണം ചെയ്യുകയും ചെയ്തു.

---- facebook comment plugin here -----

Latest