പന്നിപ്പനി: ഏത് സീസണിലും വരാവുന്ന രോഗം

Posted on: January 10, 2020 10:04 am | Last updated: January 10, 2020 at 10:04 am


കോഴിക്കോട് | പന്നിപ്പനി അഥവാ എച്ച് 1 എൻ 1 കേരളത്തിൽ എല്ലാ സീസണിലും കണ്ടുവരുന്ന അസുഖമായി മാറിയതായി ആരോഗ്യ വകുപ്പിന്റെ നിരീക്ഷണം. സംസ്ഥാനത്ത് രോഗം ആദ്യമായി റിപ്പോർട്ട് ചെയ്യപ്പെട്ട 2009 മുതൽ ആദ്യത്തെ നാല് വർഷം മഴക്കാലത്ത് മാത്രമായിരുന്നു പന്നിപ്പനി റിപ്പോർട്ട് ചെയ്യപ്പെട്ടിരുന്നത്.

എന്നാൽ അതിന് ശേഷം എലിപ്പനി, ഡെങ്കിപ്പനി എന്നീ അസുഖങ്ങളെ പോലെ പന്നിപ്പനിയും എല്ലാ മാസങ്ങളിലും സംസ്ഥാനത്ത് റിപ്പോർട്ട് ചെയ്യപ്പെടുന്നു. 2009 ആഗസ്റ്റ് മൂന്നിന് പൂണെയിലാണ് രാജ്യത്തെ ആദ്യത്തെ പന്നിപ്പനി മരണം റിപ്പോർട്ട് ചെയ്തത്. കേരളത്തിൽ ആദ്യത്തെ മരണം ഇതേവർഷം ആഗസ്റ്റ് 11ന് തിരുവനന്തപുരത്ത് റിപ്പോർട്ട് ചെയ്തു. തുടർന്നുള്ള ഓരോ വർഷവും സംസ്ഥാനത്ത് റിപ്പോർട്ട് ചെയ്യപ്പെടുന്ന പന്നിപ്പനി കേസുകളിൽ ഏറ്റക്കുറച്ചിലുകളുണ്ടായതായി കേന്ദ്ര, സംസ്ഥാന ആരോഗ്യവകുപ്പുകളുടെ കണക്കുകൾ ചൂണ്ടിക്കാട്ടുന്നു.

ALSO READ  ഒരു ദിവസം ശരീരത്തിലെത്തേണ്ട സിങ്കിന്റെ അളവ് അറിയാം

കഴിഞ്ഞ വർഷം പന്നിപ്പനി ബാധിച്ച് സംസ്ഥാനത്ത് 44 പേരാണ് മരിച്ചത്. 2010ൽ രാജ്യത്താകമാനം 20,604 കേസുകൾ റിപ്പോർട്ട് ചെയ്യപ്പെടുകയും 1,763 പേർ മരണപ്പെടുകയും ചെയ്തു. ഈ കാലയളവിൽ കേരളത്തിൽ 89 മരണങ്ങളാണ് റിപ്പോർട്ട് ചെയ്തത്. 2011,12,13,14 വർഷങ്ങളിൽ രാജ്യത്ത് റിപ്പോർട്ട് ചെയ്യപ്പെട്ടത് യഥാക്രമം 603, 5,044, 5,253, 937 കേസുകളാണ്. ഈ കാലയളവിൽ ദേശീയ തലത്തിലെ മരണനിരക്ക് യഥാക്രമം 75,405,699,218 എന്നിങ്ങനെയാണ്. 2011ൽ രാജ്യത്ത് റിപ്പോർട്ട് ചെയ്ത 75 മരണങ്ങളിൽ പത്തും കേരളത്തിലാണ്. 2011ലാണ് താരതമ്യേന മരണ നിരക്ക് കുറവ് രേഖപ്പെടുത്തിയത്. 2015, 16,17,18, 19 വർഷങ്ങളിൽ 2,991, 263, 2,270, 1,128, 1,216 എന്നിങ്ങനെയാണ് ദേശീയ തലത്തിൽ പന്നിപ്പനി ബാധിച്ച് മരിച്ചവരുടെ കണക്ക്.

2011മുതൽ 2020 ജനുവരി വരെ കേരളത്തിൽ മരിച്ചത് 290 പേരാണ്. ഓരോ വർഷവും ദേശീയ തലത്തിലും കേരളത്തിലും രോഗം റിപ്പോർട്ട് ചെയ്യപ്പെടുന്നതിന്റെ തോതിൽ വ്യത്യാസമുള്ളതായി കണക്കുകൾ ചൂണ്ടിക്കാട്ടുന്നു. മറ്റ് പനികളെ പോലെ തന്നെ എല്ലാ സമയത്തും പന്നിപ്പനി ജാഗ്രത ആവശ്യമാണെന്ന് എച്ച് വൺ എൻ വൺ സ്റ്റേറ്റ് നോഡൽ ഓഫീസർ ഡോ. അമർ ഫെറ്റ്ൽ സിറാജിനോട് പറഞ്ഞു. എല്ലാ സീസണിലും കണ്ടുവരുന്ന അസുഖമായതിനാൽ ഇതിനാവശ്യമായ മരുന്നുകൾ എല്ലാ മെഡിക്കൽ സ്റ്റോറുകളിലും ലഭ്യമാണെന്നും അദ്ദേഹം പറഞ്ഞു.