Connect with us

National

നിര്‍ഭയ കേസ്: അന്നെനിക്ക് 19 വയസ്സ്, വധശിക്ഷ ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിയുടെ തിരുത്തല്‍ ഹരജി

Published

|

Last Updated

ന്യൂഡല്‍ഹി | നിര്‍ഭയ കേസില്‍ നാല് പ്രതികളുടെ വധശിക്ഷ നടപ്പിലാക്കാന്‍ ദിവസങ്ങള്‍ മാത്രം ശേഷിക്കെ, സുപ്രീം കോടതിയില്‍ പ്രതികളിലൊരാളുടെ തിരുത്തല്‍ ഹരജി. വധശിക്ഷ ഒഴിവാക്കണമെന്ന് പ്രതി വിനയ് ശര്‍മയുടെ അഭിഭാഷകന്‍ കോടതിയില്‍ ആവശ്യപ്പെട്ടു. സംഭവം നടക്കുമ്പോള്‍ വിനയ് ശര്‍മക്ക് 19 വയസ് മാത്രമെ ഉണ്ടായിരുന്നുള്ളൂവെന്നും പ്രതിയുടെ പ്രായവും സാമൂഹിക-സാമ്പത്തിക പശ്ചാത്തലവും കോടതി പരിഗണിക്കേണ്ടിയിരുന്നുവെന്നും ഹരജിയില്‍ പറയുന്നു.

മുമ്പ് ചില ബലാത്സംഗ കേസുകളിലും ബലാത്സംഗത്തിനു ശേഷം കൊലപാതകം നടന്ന കേസുകളിലും സുപ്രീം കോടതി ഇടപെടലിലൂടെ വധശിക്ഷ ജീവപര്യന്തമാക്കി കുറച്ചിട്ടുണ്ട്. സമാനമായ നടപടി നിര്‍ഭയ കേസിലും ഉണ്ടാകണമെന്നും ഹരജിയില്‍ അഭ്യര്‍ഥിച്ചു.
നിര്‍ഭയ കേസില്‍ മുകേഷ്, പവന്‍ ഗുപ്ത, വിനയ് ശര്‍മ, അക്ഷയ് കുമാര്‍ സിംഗ് എന്നീ പ്രതികള്‍ക്കാണ് വിചാരണ കോടതി വധശിക്ഷ വിധിച്ചത്. അപ്പീലുകളെല്ലാം തള്ളിയതിനെ തുടര്‍ന്ന് കഴിഞ്ഞദിവസം ഇവരുടെ മരണവാറണ്ട് പുറപ്പെടുവിച്ചിരുന്നു. ഈ മാസം 22ന് രാവിലെ ഏഴിനാണ് വധശിക്ഷ നടപ്പിലാക്കാന്‍ തീരുമാനിച്ചിട്ടുള്ളത്.

ഏറ്റവും അവസാന നിയമ വഴി എന്ന നിലയിലാണ് വിനയ് ശര്‍മയുടെ തിരുത്തല്‍ ഹരജി. പ്രതി അക്ഷയ് കുമാര്‍ സമര്‍പ്പിച്ച റിവ്യൂ ഹരജി കഴിഞ്ഞമാസം സുപ്രീം കോടതി തള്ളിയിരുന്നു. 2012 ഡിസംബര്‍ 16നാണ് നിര്‍ഭയ സംഭവമുണ്ടായത്. മെഡിക്കല്‍ വിദ്യാര്‍ഥിനിയായ യുവതിയെ ഓടുന്ന ബസില്‍ വച്ച് ആറ് പേര്‍ ചേര്‍ന്ന് ബലാത്സംഗം ചെയ്യുകയും ശേഷം റോഡിലേക്ക് തള്ളിയിടുകയുമായിരുന്നു. ഗുരുതരമായി പരുക്കേറ്റ യുവതി ചികിത്സക്കിടെ സിംഗപ്പൂരിലെ ആശുപത്രിയില്‍ വച്ച് മരിച്ചു.