Connect with us

International

ഖാസിം സുലൈമാനിയുടെ വധം: ട്രംപിനെതിരായ പ്രമേയം ഇന്ന് ജനപ്രതിനിധി സഭയില്‍

Published

|

Last Updated

വാഷിംഗ്ടണ്‍ ഡി സി | ഇറാനില്‍ ആക്രമണം നടത്തി സൈനിക കമാന്‍ഡര്‍ ഖാസിം സുലൈമാനിയെ കൊലപ്പെടുത്തിയ വിഷയത്തില്‍ യു എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെതിരായ പ്രമേയം ജനപ്രതിനിധി സഭ ഇന്ന് പരിഗണിക്കും. സൈനിക നടപടികളില്‍ പ്രസിഡന്റിനുള്ള അധികാരം വെട്ടിച്ചുരുക്കണമെന്നാണ് പ്രമേയത്തില്‍ പ്രധാനമായും ആവശ്യപ്പെടുന്നത്.

ജനപ്രതിനിധികളോടോ സെനറ്റിനോടോ യു എസ് കോണ്‍ഗ്രസിനോടോ ചര്‍ച്ച ചെയ്യാതെയും കൂടിയാലോചനകള്‍ നടത്താതെയും ട്രംപ് സ്വീകരിച്ച നടപടി അമേരിക്കയെ അപകടത്തിലാക്കിയെന്ന് സ്പീക്കര്‍ നാന്‍സി പെലോസി വിമര്‍ശിച്ചു. രാജ്യത്തെയും സൈനികരെയും പ്രതിരോധത്തിലാക്കുന്ന സമീപനമാണ് ട്രംപിന്റെ ഭാഗത്തു നിന്നുണ്ടായത്. ഇത്തരം നടപടികള്‍ക്ക് കടിഞ്ഞാണിടാനും അമേരിക്കയുടെ ഭാഗത്ത് നിന്ന് പ്രകോപനപരമായ നീക്കങ്ങള്‍ ഉണ്ടാകാതിരിക്കാനും പ്രമേയം പാസാകേണ്ടത് അനിവാര്യമാണെന്നും പെലോസി വ്യക്തമാക്കി.

അതിനിടെ, ഇറാനെതിരായ ആക്രമണവുമായി ബന്ധപ്പെട്ട് ട്രംപ് വൈറ്റ് ഹൗസില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തെ റിപ്പബ്ലിക്കന്‍ സെനറ്റര്‍മാര്‍ കടുത്ത ഭാഷയില്‍ വിമര്‍ശിച്ചു. ഒരു സൈനിക നടപടിയുമായി ബന്ധപ്പെട്ട് എന്റെ രാഷ്ട്രീയജീവിതത്തില്‍ കണ്ട ഏറ്റവും മോശം വാര്‍ത്താ സമ്മേളനമായിരുന്നു അത് എന്ന് റിപ്പബ്ലിക്കന്‍ സെനറ്റര്‍ മൈക്ക് ലീ പറഞ്ഞു. സൈനിക നടപടി സ്വീകരിക്കേണ്ടത് അത് യുഎസ് കോണ്‍ഗ്രസിന്റെ അനുമതിയോടെയാകണമെന്നും മൈക്ക് ലീ പറഞ്ഞു. ജനപ്രതിനിധി സഭയില്‍ വരുന്ന പ്രമേയത്തെ അനുകൂലിച്ചു വോട്ട് ചെയ്യുമെന്ന് റിപ്പബ്ലിക്കന്‍ സെനറ്ററായ റാന്‍ഡ് പോളും വ്യക്തമാക്കി.

Latest