Connect with us

Kozhikode

പൗരത്വ നിയമത്തെക്കുറിച്ച് പറയാൻ ബി ജെ പിക്കാർ ഈവഴി വരേണ്ട; വീടുകൾക്ക് മുന്നിൽ സ്റ്റിക്കർ

Published

|

Last Updated

താമരശ്ശേരി | പൗരത്വ ഭേഗഗതി നിയമ ബോധവത്കരണത്തിന്റെ പേരും പറഞ്ഞ് ബി ജെ പി, ആർ എസ് എസ് പ്രവർത്തകർ വീടുകളിലേക്ക് വരേണ്ടെന്ന് കാണിച്ച് താമരശ്ശേരി മേഖലയിൽ വീടുകൾക്ക് മുന്നിൽ സ്റ്റിക്കർ പതിച്ചു. കാരാടിയിലെ യുവജന കൂട്ടായ്മയാണ് പൗരത്വ ഭേദഗതി നിയമത്തിനെതിരായ പോരാട്ടത്തിന്റെ ഭാഗമായി സ്റ്റിക്കർ പതിക്കൽ ആരംഭിച്ചത്.

സ്റ്റിക്കർ പതിക്കൽ ആരംഭിച്ചതോടെ കൂടുതൽ പേർ സ്റ്റിക്കർ ആവശ്യപ്പെട്ട് രംഗത്തെത്തി. കാരാടിയിൽ മാത്രം നൂറിൽ പരം സ്റ്റിക്കറുകൾ പതിച്ചു. ഓടക്കുന്നിലെ യുവജന കൂട്ടായ്മ ആയിരം സ്റ്റിക്കറാണ് വീടുകളിൽ പതിക്കാൻ തയ്യാറാക്കിയത്. ഭരണഘടനാ വിരുദ്ധമാണ് ഈ നിയമം എന്ന് പൂർണ ബോധ്യമുണ്ടെന്നും ഇതിനെ അനുകൂലിച്ച് വിവരിക്കാൻ ബി ജെ പി-ആർ എസ് എസ് പ്രവർത്തകർ ഈ വഴിക്ക് വരേണ്ടെന്നുമാണ് സ്റ്റിക്കറിലുള്ളത്.

ബി ജെ പി പ്രവർത്തകർ ജനപ്രതിനിധികളെയും മുസ്ലിം സംഘടനാ നേതാക്കളെയും സമീപിച്ച് ലഘുലേഖ നൽകി ഫോട്ടോ എടുക്കുകയും ഇത് സമൂഹ മാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ച് പ്രക്ഷോഭത്തെ തകർക്കാനുള്ള ശ്രമം നടത്തുകയും ചെയ്തതോടെയാണ് ഗൃഹ സമ്പർക്കത്തിനെതിരെ സ്റ്റിക്കർ പതിച്ചുള്ള പ്രതിരോധം ആരംഭിച്ചത്. കൂടുതൽ പ്രദേശങ്ങളിലേക്ക് സ്റ്റിക്കർ പ്രതിഷേധം വ്യാപിച്ചത് സംഘപരിവാറിന്റെ ഗൃഹസമ്പർക്ക പ്രതിരോധത്തിന് തിരിച്ചടിയായി.

ബോധവൽക്കരണത്തിനെന്ന പേരിൽ വീട്ടിലെത്തുന്നവരെ അകറ്റി നിർത്തണമെന്നും സ്ത്രീകൾ ഉൾപ്പെടെയുള്ളവരുടെ ഫോട്ടോ എടുത്ത് പ്രചരിപ്പിക്കുന്നതിനെതിരെ ജാഗ്ര പുലർത്തണെന്നും സോഷ്യൽ മീഡിയയിലും വ്യാപക പ്രചാരണം നടക്കുന്നുണ്ട്.