Connect with us

Gulf

സഊദി ഉപ പ്രതിരോധ മന്ത്രി യു എസ് പ്രസിഡന്റുമായി കൂടിക്കാഴ്ച നടത്തി

Published

|

Last Updated

വാഷിംഗ്ടണ്‍ | ഗള്‍ഫ് മേഖലയിലെ യുദ്ധഭീതിയുടെ സാഹചര്യത്തില്‍ സഊദി ഉപപ്രതിരോധ മന്ത്രി പ്രിന്‍സ് ഖാലിദ് ബിന്‍ സല്‍മാന്‍ രാജകുമാരന്‍ യു എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപുമായി വൈറ്റ് ഹൗസില്‍ കൂടിക്കാഴ്ച നടത്തി. നിലവിലെ സ്ഥിതിഗതികള്‍ ഇരുവരും തമ്മില്‍ ചര്‍ച്ച ചെയ്തു. വെള്ളിയാഴ്ച യു എസ് ഡ്രോണ്‍ ആക്രമണത്തില്‍ ഇറാനിലെ സൈനിക കമാന്‍ഡറായ ഖാസിം സുലൈമാനി കൊലപ്പെട്ടതിനു ശേഷം അറബ് മേഖലയില്‍ സംഘര്‍ഷം രൂക്ഷമായതിന്റെ പശ്ചാത്തലത്തിലായിരുന്നു കൂടിക്കാഴ്ച.

സഊദി കിരീടാവകാശിയും പ്രതിരോധ മന്ത്രിയുമായ മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരന്റെ പ്രത്യേക നിര്‍ദേശ പ്രകാരമാണ് ഖാലിദ് ബിന്‍ സല്‍മാന്‍ രാജകുമാരന്‍ അമേരിക്കയിലെത്തിയത്. സംഘര്‍ഷത്തെ തുടര്‍ന്ന് ഗള്‍ഫ് മേഖലയില്‍ രൂപപ്പെട്ട വെല്ലുവിളികളെ നേരിടാനുള്ള ശ്രമങ്ങള്‍, പരസ്പര വെല്ലുവിളികള്‍, സൈനിക സഹകരണം തുടങ്ങിയ വിഷയങ്ങളും ഇരു രാഷ്ട്രങ്ങളും തമ്മിലുള്ള ഉഭയകക്ഷി സഹകരണവും കൂടിക്കാഴ്ചയില്‍ ചര്‍ച്ച ചെയ്തതായി ഖാലിദ് ബിന്‍ സല്‍മാന്‍ രാജകുമാരന്‍ പറഞ്ഞു.

ട്രംപുമായുള്ള കൂടിക്കാഴ്ചക്ക് മുമ്പ് ഖാലിദ് ബിന്‍ സല്‍മാന്‍ രാജകുമാരന്‍ യു എസ് സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപിയോ, പ്രതിരോധ സെക്രട്ടറി മൈക്ക് എസ്പര്‍, ദേശീയ സുരക്ഷാ ഉപദേശകന്‍ റോബര്‍ട്ട് ഒബ്രിയാന്‍, മറ്റ് മുതിര്‍ന്ന അമേരിക്കന്‍ ഉദ്യോഗസ്ഥരുമായും ചര്‍ച്ച നടത്തിയിരുന്നു. അമേരിക്കന്‍ സന്ദര്‍ശനത്തിന് ശേഷം ഖാലിദ് ബിന്‍ സല്‍മാന്‍ രാജകുമാരന്‍ ബ്രിട്ടനും സന്ദര്‍ശിക്കും.

Latest