Connect with us

National

ജെ എന്‍ യുവില്‍ നടന്നത് ജനാധിപത്യത്തിനും യുക്തിചിന്തകള്‍ക്കുമെതിരായ കടന്നാക്രമണം: യെച്ചൂരി

Published

|

Last Updated

ന്യൂഡല്‍ഹി | ജവഹര്‍ലാല്‍ നെഹ്‌റു സര്‍വകലാശാലയില്‍ (ജെ എന്‍ യു) വിദ്യാര്‍ഥികള്‍ക്കും അധ്യാപകര്‍ക്കും നേരെ സംഘ്പരിവാര്‍ നടത്തിയ ആക്രമണം ജനാധിപത്യത്തിനും യുക്തിചിന്തകള്‍ക്കുമെതിരായ കടന്നാക്രമണമാണെന്ന് സി പി എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. അധ്യാപകരെ ആക്രമിക്കുന്നത് കേട്ടുകേള്‍വി പോലും ഇല്ലാത്ത കാര്യമാണ്. ഫാസിസ്റ്റ് നടപടികളും രീതികളുമാണ് അവിടെ കണ്ടത്. അക്രമം നടത്തിയവരെയെല്ലാം പിടികൂടി മാതൃകാപരമായി ശിക്ഷിക്കണമെന്നും സി പി എം ജനറല്‍ സെക്രട്ടറി ആവശ്യപ്പെട്ടു.

പുറത്തുനിന്നെത്തിയവര്‍ വിദ്യാര്‍ഥികളെയും അധ്യാപകരെയും ആക്രമിക്കുന്നുവെന്നാണ് സര്‍വകലാശാല ആദ്യം ട്വീറ്റ് ചെയ്തത്. എന്നാല്‍ കുറച്ചു കഴിഞ്ഞപ്പോള്‍ വിദ്യാര്‍ഥികള്‍ തമ്മിലുള്ള പ്രശ്നമായി ഇതിനെ ചിത്രീകരിക്കാന്‍ ശ്രമിച്ചു. എന്നാല്‍ അക്രമകാരികള്‍ സര്‍വകലാശാലയിലെ വിദ്യാര്‍ഥികളല്ലെന്നും ഇവര്‍ ആയുധങ്ങളുമായി പുറത്തുനിന്നെത്തിയവരാണെന്നും വ്യക്തമായിരുന്നു. വിദ്യാര്‍ഥികള്‍ തമ്മിലുള്ള പ്രശ്നമായി ഇതിനെ ആര്‍ക്കും ലഘൂകരിച്ച് കാണാനാകില്ല.

അതിക്രമം നടന്ന് മണിക്കൂറുകള്‍ കഴിഞ്ഞിട്ടും വൈസ് ചാന്‍സലര്‍ സംഭവത്തില്‍ പ്രതികരിക്കുകയോ സമാധാനാന്തരീക്ഷം പുനസ്ഥാപിക്കാന്‍ പോലീസിനോട് ആവശ്യപ്പെടുകയോ ചെയ്തില്ല. ഇതെല്ലാം കണക്കിലെടുക്കുമ്പോള്‍ വൈസ് ചാന്‍സിലര്‍ സ്വയം പദവിയൊഴിയുകയോ അദ്ദേഹത്തെ തത്സ്ഥാനത്തു നിന്നു നീക്കാന്‍ അധികൃതര്‍ നടപടി സ്വീകരിക്കുകയോ വേണമെന്നും യെച്ചൂരി ആവശ്യപ്പെട്ടു.
അക്രമികള്‍ തെരുവുവിളക്കുകള്‍ അണയ്ക്കുകയും മുഖം മറയ്ക്കുകയും ചെയ്തത് തങ്ങള്‍ ആരാണെന്ന് വെളിപ്പെടുത്തരുതെന്ന നിര്‍ബന്ധമുണ്ടായിരുന്നതിനാലാണ്. മുന്‍കൂട്ടി തയാറാക്കിയ പദ്ധതി പ്രകാരമാണ് അക്രമകാരികള്‍ കാമ്പസിനകത്ത് പ്രവേശിച്ചതെന്ന് വ്യക്തമാണ്. എപ്പോള്‍, ഏത് വഴി അക്രമം അഴിച്ചുവിടണമെന്ന് അവര്‍ക്ക് നല്ല ധാരണയുണ്ടായിരുന്നുവെന്നും യെച്ചൂരി പറഞ്ഞു.

Latest