Connect with us

Eranakulam

ഉള്ളി വിളയിക്കാം ഇനി വീട്ടുവളപ്പിലും; ജീവനി പദ്ധതിക്ക് തൃശൂരിൽ തുടക്കം

Published

|

Last Updated

കൊച്ചി | ഉള്ളി വിലയിൽ കണ്ണെരിഞ്ഞവർക്ക് ഇനി സ്വന്തം വീട്ടുപറമ്പിൽ ഉള്ളി വിളയിച്ചെടുക്കാൻ പദ്ധതിയൊരുങ്ങുന്നു. ഇതര സംസ്ഥാനങ്ങളിൽ നിന്ന് ഉള്ളി വാങ്ങി ശീലമുള്ള കേരളീയർക്ക് അടുക്കളത്തോട്ടത്തിൽ ഉള്ളികൃഷി ചെയ്യുന്നതിനാണ് കൃഷി വകുപ്പ് തുടക്കം കുറിക്കുന്നത്.

സംസ്ഥാനമൊട്ടാകെ വിഷരഹിത പച്ചക്കറി ലഭ്യമാക്കുന്നതിന് ആരോഗ്യവകുപ്പുമായി സഹകരിച്ച് ആരംഭിച്ച ജീവനി കൃഷി പദ്ധതിയിലുൾപ്പെടുത്തി തൃശൂർ ജില്ലയിലാണ് ആദ്യഘട്ടമെന്ന നിലയിൽ വീടുകളിൽ ഉള്ളികൃഷി ചെയ്യുന്നതിന് നടപടിയൊരുങ്ങുന്നത്. ഉള്ളി കിഴങ്ങു ശേഖരണത്തിന് പ്രത്യേക കാലപരിധിയുണ്ടെന്നതിനാൽ തുടക്കത്തിൽ, വിത്ത് പാകി ഉള്ളിത്തണ്ട് മുളപ്പിച്ചെടുത്ത് ഉപയോഗിക്കുന്നതിനാണ് ആലോചിക്കുന്നത്. ഇതിന്റെ ഭാഗമായി തൃശൂർ ജില്ലയിലെ 105 കൃഷിഭവനുകൾ മുഖേന ആവശ്യക്കാർക്ക് ഉള്ളിവിത്ത് നൽകുന്നതിന് സംവിധാനമൊരുക്കും. ക്രമേണ മറ്റു ജില്ലകളിലും ഇത് നടപ്പാക്കാനാണ് ആലോചന.സംസ്ഥാനത്ത് കൃഷി പാഠശാലകൾ തുടങ്ങുക, ഭൗമസൂചിക പദവി ലഭിച്ച വിത്തുകൾ ഉൾപ്പെടെ 100 പരമ്പരാഗത പച്ചക്കറി വിത്തിനങ്ങൾ തിരഞ്ഞെടുത്ത് പ്രചരിപ്പിക്കുക, സ്‌കൂളുകൾ, വീട്ടുവളപ്പുകൾ, മട്ടുപ്പാവ് എന്നിവിടങ്ങളിലെ കൃഷിക്ക് പ്രോത്സാഹനം നൽകുക തുടങ്ങി നിരവധി പദ്ധതികളുൾപ്പെട്ടതാണ് ജീവനി പദ്ധതി. നിലവിൽ തൃശൂരിലെ അന്തിക്കാട് ബ്ലോക്കിലും പാലക്കാട് അട്ടപ്പാടിയിലും പരീക്ഷണാടിസ്ഥാനത്തിൽ പാടശേഖരത്തിൽ ഉള്ളി കൃഷി ചെയ്തു വരുന്നുണ്ട്. ഇതിന്റെ വിളവെടുപ്പ് ഏപ്രിലിലാണ് നടക്കുക. അടുത്ത സീസണിൽ മറ്റു ജില്ലകളിലും ഇത്തരത്തിൽ വിപുലമായ രീതിയിൽ “ജീവനി”യിൽ ഉൾപ്പെടുത്തി ഉള്ളി കൃഷി ചെയ്യാനാണ് കൃഷി വകുപ്പിന്റെ ആലോചന. തൃശൂരിൽ കൃഷിവിജ്ഞാനകേന്ദ്രം വഴിയാണ് ബെംഗളൂരുവിൽ നിന്നും മറ്റും ഉള്ളി വിത്തെത്തിച്ച് നൽകുക.നേരത്തേ പാലക്കാട്, മലപ്പുറം, തൃശൂർ ജില്ലകളിൽ ഉള്ളി കൃഷിക്ക് അനുയോജ്യമായ പ്രദേശങ്ങളുണ്ടെന്ന് കണ്ടെത്തിയിരുന്നു.

ഇവിടെ വിപുലമായ രീതിയിൽ കൃഷി ചെയ്യാൻ കളമൊരുങ്ങിയെങ്കിലും നടന്നില്ല. ഉള്ളിയുടെ നടീൽ രീതിയും മറ്റു കൃഷി മുറകളും നേരത്തേ കാർഷിക സർവകലാശാല ഗവേഷണ കേന്ദ്രം കൂടുതൽ പഠനങ്ങൾക്ക് വിധേയമാക്കിയിരുന്നു.ആർക്ക കല്യാൺ എന്ന ഇനമാണ് കേരളത്തിനു പറ്റിയതെന്നും കണ്ടെത്തിയിരുന്നു.ആഗസ്റ്റ് , സെപ്റ്റംബർ മാസങ്ങളിൽ വിളവിറക്കി ഒക്ടോബർ മുതൽ ഡിസംബർ, ജനുവരി വരെയുള്ള തണുപ്പ് കാലാവസ്ഥയാണ് ഉള്ളിക്ക് ഏറ്റവും അനുയോജ്യമായത്. ചെറിയ ഉള്ളിക്കും വലിയ ഉള്ളിക്കും ഇത് ബാധകമാണ്. നട്ട് മൂന്നര മാസമാകുമ്പോഴേക്കും ഉള്ളി വലുതായി മണ്ണിന് പുറമേ കാണാനാകും.

ബ്യൂറോ ചീഫ്, സിറാജ്, കൊച്ചി

Latest