Connect with us

International

ലിബിയയില്‍ സൈനിക അക്കാദമിക്കു നേരെ ആക്രമണം; 30 പേര്‍ കൊല്ലപ്പെട്ടു

Published

|

Last Updated

ട്രിപ്പോളി | ലിബിയന്‍ തലസ്ഥാനമായ ട്രിപ്പോളിയിലെ സൈനിക അക്കാദമിക്കു നേരെ ശനിയാഴ്ചയുണ്ടായ ആക്രമണത്തില്‍ 30 പേര്‍ കൊല്ലപ്പെടുകയും 33 പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു. ട്രിപ്പോളി സര്‍ക്കാറിന്റെ ആരോഗ്യ മന്ത്രാലയമാണ് ഈ വിവരം പുറത്തുവിട്ടത്. കിടപ്പുമുറിയിലേക്ക് പോകുന്നതിനു മുമ്പായി പരേഡ് ഗ്രൗണ്ടില്‍ കൂടിയിരുന്ന കാഡറ്റുകളാണ് കൊല്ലപ്പെട്ടതെന്ന് യു എന്‍ അംഗീകൃത നാഷണല്‍ അക്കോഡ് സര്‍ക്കാറിന്റെ (ജി എന്‍ എ) ആരോഗ്യ മന്ത്രാലയ വക്താവ് അമിന്‍ അല്‍ ഹാഷെമി പറഞ്ഞു. മൃതദേഹങ്ങള്‍ കത്തിപ്പോവുകയോ ചിന്നിച്ചിതറുകയോ ചെയ്തതിനാല്‍ കൊല്ലപ്പെട്ടവരെ തിരിച്ചറിയുക വളരെ പ്രയാസകരമാണെന്ന് മെഡിക്കല്‍ വൃത്തങ്ങള്‍ വ്യക്തമാക്കി. 18നും 22നും ഇടയില്‍ പ്രായമുള്ള സൈനിക വിദ്യാര്‍ഥികളാണ് ആക്രമണത്തിന് ഇരയായവരില്‍ ഭൂരിഭാഗവുമെന്ന് ഒരു പത്ര റിപ്പോര്‍ട്ട് പറഞ്ഞു.

വിമത സൈനിക കമാന്‍ഡര്‍ ഖലീഫ ഹഫ്തര്‍ നേതൃത്വം നല്‍കുന്ന സ്വയം പ്രഖ്യാപിത ലിബിയന്‍ നാഷണല്‍ ആര്‍മി (എല്‍ എന്‍ എ) യില്‍ നിന്നുള്ള കടന്നാക്രമണങ്ങളെ അഭിമുഖീകരിച്ചു വരികയാണ് കഴിഞ്ഞ ഏപ്രില്‍ മുതല്‍ ജി എന്‍ എ. രാജ്യത്തിന്റെ കിഴക്കന്‍ മേഖല താവളമാക്കി പ്രവര്‍ത്തിക്കുന്ന വിമത സര്‍ക്കാറിന്റെ അനുബന്ധ ഗ്രൂപ്പാണ് എല്‍ എന്‍ എ. ട്രിപ്പോളിയില്‍ അടുത്തിടെയായി ഷെല്ലാക്രമണങ്ങളും റെയ്ഡുകളും വര്‍ധിച്ചിട്ടുണ്ട്. ജി എന്‍ എക്ക് പിന്തുണയുമായി സൈന്യത്തെ അനുവദിക്കുന്നതിന് അനുകൂലമായി തുര്‍ക്കി പാര്‍ലിമെന്റ് വോട്ട് ചെയ്ത സാഹചര്യത്തില്‍ മേഖലയില്‍ ആക്രമണങ്ങള്‍ വര്‍ധിച്ചേക്കുമെന്ന് ഭീതിയുയര്‍ന്നിട്ടുണ്ട്.