Connect with us

National

ജെ എന്‍ യുവില്‍ വിദ്യാര്‍ഥികളുടെ തല തല്ലിപ്പൊട്ടിച്ച് എ ബി വി പി ഗുണ്ടകള്‍; നിരവധി അധ്യാപകര്‍ക്കും പരുക്ക്

Published

|

Last Updated

ജെഎൻയുവിൽ എബിവിപി നടത്തിയ ആക്രമണത്തിൽ പരുക്കേറ്റ ജെ എന്‍ യു യൂണിയന്‍ അധ്യക്ഷയും എസ് എഫ് ഐ നേതാവുമായ ഐഷി ഘോഷ്

ന്യൂഡല്‍ഹി |  ജവഹര്‍ലാല്‍ നെഹ്‌റു സര്‍വ്വകലാശാലയില്‍ സമരം ചെയ്യുന്ന ഇടത് വിദ്യാര്‍ഥി നേതാക്കള്‍ക്ക് നേരെ എ ബി വി പി ആക്രമണം. ആക്രമണത്തില്‍ ജെ എന്‍ യു യൂണിയന്‍ അധ്യക്ഷയും എസ് എഫ് ഐ നേതാവുമായ ഐഷി ഘോഷ്, ജനറല്‍ സെക്രട്ടറി സതീഷ് അടക്കമുള്ള വിദ്യാര്‍ഥികള്‍ക്കും പ്രൊഫ. സുചിത്ര സെന്‍ അടക്കമുള്ള അധ്യാപകര്‍ക്കുമാണ് പരുക്കേറ്റത്. ഐഷി ഘോഷിനെ ഗുരുതര പരുക്കുകളോടെ എയിംസില്‍ പ്രവേശിപ്പിച്ചു. നിരവധി വിദ്യാര്‍ഥികളുടെ പരുക്ക് സാരമുള്ളതാണെന്നാണ് റിപ്പോര്‍ട്ട്.

സര്‍വ്വകലാശാലയിലെ അഡ്മിനിസ്‌ട്രേറ്റീവ് ബ്ലോക്കിന് സമീപം സമരം ചെയ്യുന്ന വിദ്യാര്‍ഥികള്‍ക്ക് നേരെയാണ് ആക്രമണമുണ്ടായത്. പ്രകോപനമില്ലാതെയാണ് ആക്രമണമുണ്ടായതെന്ന് യൂണിയന്‍ ഭാരവാഹികള്‍ പറഞ്ഞു. മുഖംമൂടി ധരിച്ചെത്തിയ 50 ഓളം പേര്‍ ഹോസ്റ്റലിനുള്ളില്‍വരെ കയറി വിദ്യാര്‍ഥികളെ മര്‍ദിക്കുകയായിരുന്നു.  ചുറ്റികയും മറ്റു മാരകായുധങ്ങളുമായാണ് മുഖം മൂടിയണിഞ്ഞ സംഘം വിദ്യാര്‍ഥികളെ മര്‍ദിച്ചത്. ഇതിന്റെ വീഡിയോ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. ജെ എന്‍ യുവിന്റെ പ്രധാന കവാടത്തില്‍ ഇപ്പോഴും ആര്‍ എസ് എസ്, എ ബി വി പി പ്രവര്‍ത്തകര്‍ നിലയുറപ്പിച്ചിരിക്കുകയാണ്്. പോലീസ് ഇതുവരെയും ഒരു നടപടിയും സ്വീകരിച്ചിട്ടില്ല.

ആക്രമണത്തിൽ പരുക്കേറ്റ ജെഎൻയു പ്രൊഫസർ സുചിത്ര സെൻ

സംഘര്‍ഷത്തെ തുടര്‍ന്ന് ക്യാമ്പസില്‍ പോലീസ് സുരക്ഷ ശക്തമാക്കി. തലയാട്ടികള്‍ തകര്‍ക്കാന്‍മാത്രം വലുപ്പമുള്ള കല്ലുകളാണ് അക്രമികള്‍ വിദ്യാര്‍ഥികള്‍ക്കും അധ്യാപകര്‍ക്കും നേരെ എറിഞ്ഞതെന്ന് ജെ എന്‍ യു പ്രൊഫസര്‍ അതുല്‍ സൂദ് പ്രതികരിച്ചു, അക്രമികള്‍ മുഖം മറച്ചാണ് എത്തിയത്. അവര്‍ എറിഞ്ഞതൊന്നും ചെറിയ കല്ലുകളായിരുന്നില്ല. ങ്ങളുടെ തലയോട്ടിയടക്കം തകര്‍ക്കാന്‍ പോന്ന വലിയ വലുപ്പത്തിലുള്ളവയായിരുന്നു. ശബ്ദം കേട്ട് വന്ന താന്‍ കണ്ടത് തന്റെ വാഹനമടക്കം അവിടെയുണ്ടായിരുന്നതെല്ലാം അക്രമികള്‍ നശിപ്പിക്കുന്നതായിരുന്നെന്നും അതുല്‍ സൂദ് പറഞ്ഞു.