Connect with us

National

ട്വന്റി 20 യിൽ ജയിച്ചു തുടങ്ങാൻ ടീം ഇന്ത്യ ഇന്ന് ലങ്കക്കെതിരെ

Published

|

Last Updated

ഗുവാഹത്തി | പുതു വർഷത്തിലെ ആദ്യ വിജയം തേടി വിരാട് കോലിയും സംഘവും ഇന്നിറങ്ങും. മൂന്ന് ടി20 മത്സരങ്ങളടങ്ങിയ പരമ്പരയിലെ ആദ്യ മത്സരം ഗുവാഹത്തിയിൽ ബർസാപര സ്‌റ്റേഡിയത്തിൽ ഇന്ന് നടക്കുന്നത്. ബംഗ്ലാദേശ്, വെസ്റ്റൻഡീസ് എന്നീ ടീമുകളെ തകർത്ത ആത്മവിശ്വാസത്തിലാണ് ഇന്ത്യ കളത്തിലിറങ്ങുന്നത്. ടി20 പരമ്പരകളിൽ ഏറ്റുമുട്ടിയപ്പോൾ ഇതുവരെ ഇന്ത്യയെ തോൽപ്പിക്കാൻ ശ്രീലങ്കക്ക് സാധിച്ചിട്ടില്ല.
ഭുവനേശ്വർ കുമാർ, ഹാർദിക് പാണ്ഡ്യ, ദീപക് ചാഹർ എന്നീ പ്രധാന താരങ്ങൾ പരുക്ക് മൂലം വിട്ടുനിൽക്കുമ്പോൾ രോഹിത് ശർമ, മുഹമ്മദ് ഷമി എന്നിവർക്ക് ബി സി സി ഐ വിശ്രമം അനുവദിക്കുകയായിരുന്നു.

രോഹിത്തിന്റെ അഭാവത്തിൽ ശിഖർ ധവാനും കെ എൽ രാഹുലും ഓപണർമാരാകും. ബൗളിംഗിലെ കുന്തമുന ജസ്പ്രീത് ബുംറ പരുക്ക് ഭേദമായി ടീമിലേക്കെത്തിയത് ഇന്ത്യൻ ക്യാമ്പിന് ഊർജമേകിയിട്ടുണ്ട്. ഷമിയുടെയും ഭുവനേശ്വറിന്റെയും അഭാവത്തിൽ നവ്ദീപ് സൈനിയും ഷാർദൂൽ താക്കൂറുമാകും പേസ് നിരയിൽ ബുംറക്കൊപ്പമെത്തുക. മലയാളി താരം സഞ്ജു വി സാംസണിനെ ടീമിൽ ഇത്തവണയും ഉൾപ്പെടുത്തിയിട്ടുണ്ടെങ്കിലും ആദ്യ ഇലവനിൽ കളിക്കുമോ എന്ന് സംശയമാണ്.

ലസിത് മലിംഗ നയിക്കുന്ന ലങ്കൻ ടീമിൽ ഏയ്ഞ്ചലോ മാത്യൂസിന്റെ തിരിച്ചുവരവാണ് ശ്രദ്ധേയം. 18 മാസങ്ങൾക്ക് ശേഷമാണ് താരം ടീമിൽ കളിക്കാനെത്തുന്നത്. ടി20 ലോകകപ്പ് മുന്നിൽ കണ്ടാണ് അനുഭവസമ്പന്നനായ താരത്തെ ശ്രീലങ്ക തിരിച്ചുവിളിക്കുന്നത്. മാത്യൂസിന് പുറമെ കുശാൽ പെരേര, ധനുഷ്‌ക ഗുണതിലക, അവിഷ്‌ക ഫെർണാണ്ടോ, ധനഞ്ജയ് സിൽവ, കുശാൽ മെൻഡിസ് എന്നീ താരങ്ങളും ഇന്ത്യക്കെതിരെ കളത്തിലിറങ്ങും.

ഇന്ത്യയും ശ്രീലങ്കയും തമ്മിലുള്ള മത്സരങ്ങളുടെ കണക്കുകൾ പരിശോധിച്ചാൽ കഴിഞ്ഞ 12 വർഷത്തിനിടെ 59 രാജ്യാന്തര മത്സരങ്ങളാണ് ഇന്ത്യയും ശ്രീലങ്കയും തമ്മിൽ നടന്നിരിക്കുന്നത്. ഈ കാലഘട്ടത്തിൽ 44 മത്സരങ്ങൾ ഇന്ത്യ ജയിച്ചു. പത്ത് മത്സരങ്ങളിൽ തോൽക്കുകയും ചെയ്തു.
ടീം ഇന്ത്യ: വിരാട് കോലി (ക്യാപ്റ്റൻ), ശിഖർ ധവാൻ, കെ.എൽ. രാഹുൽ, ശ്രേയസ് അയ്യർ, ഋഷഭ് പന്ത്, രവീന്ദ്ര ജഡേജ, ശിവം ദുബെ, യുസ്വേന്ദ്ര ചാഹൽ, കുൽദീപ് യാദവ്, ജസ്പ്രീത് ബുമ്ര, നവ്ദീപ് സെയ്‌നി, ഷാർദൂൽ ഠാക്കൂർ, മനീഷ് പാണ്ഡെ, വാഷിങ്ടൻ സുന്ദർ, സഞ്ജു സാംസൺ.
ടീം ശ്രീലങ്ക: ലസിത് മലിംഗ (നായകൻ), ധനുഷ്‌ക ഗുണതിലക, അവിഷ്‌ക ഫെർനാണ്ഡോ, ഏഞ്ചലോ മാത്യൂസ്, ദശുൻ ശനക, കുശാൽ പെരേര, നിരോഷൻ ദിക്ക്‌വെല്ല, ധനഞ്ജയ ഡി സിൽവ, ഇസുരു ഉഡാന, ഭാനുക രാജപക്‌സെ, ഒഷാഡ ഫെർനാണ്ഡോ, വാനിഡു ഹസരംഗ, ലഹിരു കുമാര, കുസാൽ മെൻഡിസ്, ലക്ഷൺ സൻഡകൻ, കസുൻ രജിത.

കോലിയെ കാത്ത് വമ്പൻ റെക്കോർഡ്

ശ്രീലങ്കക്കെതിരെ ആദ്യ ടി20 മത്സരത്തിനിറങ്ങുന്ന ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോലിയെ കാത്ത് വമ്പൻ റെക്കോഡ്. ഒരു റൺസെടുത്താൽ ടി20യിൽ ഏറ്റവും കൂടുതൽ റൺസ് നേടുന്ന താരമെന്ന നേട്ടം കോലിയുടെ പേരിലാകും. നിലവിൽ രോഹിത് ശർമക്കൊപ്പം ഈ റെക്കോഡ് പങ്കിടുകയാണ് വിരാട് കോലി. ഇരുവരും 2633 റൺസാണ് നേടിയിട്ടുള്ളത്. രോഹിത്തിന് പരമ്പയിൽ വിശ്രമം അനുവദിച്ചതിനാൽ കോലിക്ക് അനായാസം റെക്കോഡ് സ്വന്തമാക്കാം.

70 ഇന്നിംഗ്‌സുകളിൽ നിന്നാണ് കോലി ഇത്രയും റൺസ് സ്വന്തമാക്കിയത്. എന്നാൽ രോഹിത്തിന് 96 ഇന്നിംഗ്‌സുകൾ വേണ്ടി വന്നു. കഴിഞ്ഞ മാസം വെസ്റ്റിൻഡീസിനെതിരെ നടന്ന ടി20 പരമ്പരയിൽ തകർപ്പൻ ഫോമിലായിരുന്നു കോലി. ആദ്യ ടി20യിൽ 50 പന്തിൽ നിന്ന് മാത്രം 94 റൺസാണ് കോലി നേടിയത്. മൂന്നാം മത്സരത്തിൽ 29 പന്ത് മാത്രം നേരിട്ട താരം 70 റൺസെടുത്തിരുന്നു.

സുരക്ഷ ശക്തമാക്കി

ഇന്ന് തുടങ്ങുന്ന ഇന്ത്യ- ശ്രീലങ്ക മത്സരത്തിന് കനത്ത സുരക്ഷ. സ്‌റ്റേഡിയത്തിലേക്ക് പേഴ്‌സ്, താക്കോൽ, മൊബൈൽ ഫോൺ എന്നിവ മാത്രമെ അനുവദിക്കൂ. പോസ്റ്ററോ ബാനറുകളുമായി സ്‌റ്റേഡിയത്തിലേക്ക് പ്രവേശിക്കാൻ അനുവദിക്കില്ലെന്ന് അസം ക്രിക്കറ്റ് അസോസിയേഷൻ പ്രസിഡന്റ് രമൺ ദത്ത അറിയിച്ചു. പൗരത്വ ഭേദഗതി നിയമവുമായി ബന്ധപ്പെട്ട പ്രതിഷേധങ്ങൾ നടക്കുന്നതിനാലാണ് സുരക്ഷ ശക്തമാക്കിയിരിക്കുന്നത്.

Latest