Kerala
പൗരത്വ ഭേദഗതി നിയമം: കേന്ദ്ര മന്ത്രിയുടെ ഗൃഹസന്ദര്‍ശന പരിപാടി തുടക്കത്തിലെ പാളി; വിയോജിച്ച് ജോര്‍ജ് ഓണക്കൂര്‍

തിരുവനന്തപുരം | പൗരത്വ ഭേദഗതി നിയമത്തില്‍ പിന്തുണ തേടി ബിജെപി നടത്തുന്ന ഗൃഹസന്ദര്‍ശനം കേരളത്തില്‍ തുടക്കത്തിലെ പാളി. കേന്ദ്ര ആഭ്യന്തര സഹമന്ത്രി കിരണ്‍ റിജ്ജുവാണ് ഇതിനായി കേരളത്തില്‍ സന്ദര്‍ശനത്തിനെത്തിയത്. സാഹിത്യകാരന്‍ ജോര്‍ജ് ഓണക്കൂറിന്റെ തിരുവനന്തപുരത്തെ വസതിയിലായിരുന്നു അദ്ദേഹം ആദ്യ ഭവന സന്ദര്‍ശന പരിപാടി. മുസ്ലിങ്ങളെ മാത്രം ഒഴിവാക്കിയുള്ള നിയമത്തോട് ജോര്‍ജ് ഓണക്കൂര്‍ വിയോജിപ്പ് അറിയിച്ചതോടെയാണ് റിജ്ജുവിന്റെ സന്ദര്‍ശന പരിപാടി തുടക്കത്തിലെ പാളിയത്
ഒരു മതത്തെ മാത്രം പൗരത്വ ഭേദഗതി നിയമത്തില്‍ നിന്ന് ഒഴിവാക്കിയത് ശരിയായില്ലെന്ന് ഓണക്കൂര്‍ മന്ത്രിയെ അറിയിച്ചു. ഇന്ത്യയിലേക്ക് വരുന്നവര്‍ക്ക് മതം നോക്കി പൗരത്വം നല്‍കരുത്. എല്ലാവരെയും ഉള്‍ക്കൊള്ളുന്നതാണ് ഇന്ത്യ സംസ്‌കാരമെന്നും ഓണക്കൂര്‍ കേന്ദ്രമന്ത്രിയെ ഓര്‍മിപ്പിച്ചു. ബിജെപിയുടെ പല പരിപാടികളിലും സജീവമായ പങ്കെടുത്ത ഓണക്കൂറില്‍നിന്നുണ്ടായ ഇത്തരമൊരു വിമര്‍ശം റിജ്ജുവിന് കനത്ത പ്രഹരമായി. പിന്നീട് മറ്റ് വീടുകളൊന്നും സന്ദര്‍ശിക്കാതെ റിജ്ജു പരിപാടി വെട്ടിച്ചുരുക്കുകയായിരുന്നു. നിയമത്തെ താന്‍ അനുകൂലിക്കുന്നുണ്ടെങ്കിലും ഒരു മതത്തെ മാത്രം ഒഴിവാക്കിയത് ശരിയായ നിലപാടല്ലെന്ന് അദ്ദേഹം പിന്നീട് മാധ്യമങ്ങളോട് പറഞ്ഞു.
അതേസമയം പൗരത്വ ഭേദഗതി നിയമത്തില്‍ കേരള നിയമസഭാ പാസാക്കിയ പ്രമേയം രാഷ്ട്രീയ ഗിമ്മിക്കാണെന്ന് കേന്ദ്രമന്ത്രി കിരണ്‍ റിജിജ്ജു വിമര്‍ശിച്ചു. കേരളത്തിലെ ചിലര്‍ രാജ്യത്തെ വികസനം തടയാന്‍ ശ്രമിക്കുന്നു. കേരളത്തിലെ യുവാക്കള്‍ ആ വഴിക്ക് പോകില്ലെന്ന് ഉറപ്പുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.