Connect with us

Editorial

സംയുക്ത പ്രക്ഷോഭം തുടരണം

Published

|

Last Updated

പൗരത്വ വിഷയത്തിൽ സംയുക്ത പ്രക്ഷോഭത്തിൽ നിന്നു മാറി സ്വന്തം സമരവുമായി മുന്നോട്ട് പോകാൻ തീരുമാനിച്ചിരിക്കുകയാണ് വെള്ളിയാഴ്ച കൊച്ചിയിൽ ചേർന്ന യു ഡി എഫ് നേതൃയോഗം. തിരുവനന്തപുരത്ത് രക്തസാക്ഷി മണ്ഡപത്തിൽ നടത്തിയതു പോലെ എൽ ഡി എഫുമായി സഹകരിച്ചുള്ള സമരം തുടരണമെന്നു യോഗത്തിൽ അഭിപ്രായം ഉയർന്നെങ്കിലും നേതൃത്വം നിരാകരിക്കുകയായിരുന്നു. ഗാന്ധി രക്തസാക്ഷി ദിനമായ ജനുവരി 30ന് ജില്ലാ കേന്ദ്രങ്ങളിൽ മനുഷ്യ ഭൂപടങ്ങൾ ഒരുക്കൽ, മണ്ഡലം തലത്തിൽ ഭരണഘടനാ സംരക്ഷണ സമിതി രൂപപവത്കരണം തുടങ്ങി വിവിധ പ്രക്ഷോഭ പരിപാടികൾ ആവിഷ്‌കരിക്കുകയുമുണ്ടായി നേതൃയോഗം.

സ്വാതന്ത്ര്യാനന്തര ഇന്ത്യ നേരിടുന്ന ഏറ്റവും ഗുരുതരവും ആപത്കരവുമായ വിഷയമാണ് മതം അടിസ്ഥാനമാക്കിയുള്ള പൗരത്വദാനവും നിഷേധവും. ഭരണഘടനക്കു കടക വിരുദ്ധവും രാജ്യത്തിന്റെ അഖണ്ഡതക്ക് തന്നെ ഭീഷണി ഉയർത്തുന്നതുമാണിത്. മതേതര സമൂഹം ഇതിനെതിരെ ശക്തമായി പ്രക്ഷോഭത്തിനിറങ്ങണമെന്നും നിയമ ഭേദഗതിയിൽ നിന്നു സർക്കാർ പിറകോട്ട് പോവുന്നതു വരെ സമരരംഗത്തു ഉറച്ചു നിൽക്കണമെന്നുമുള്ള കാര്യത്തിൽ ബി ജെ പി ഒഴികെയുള്ള കേരളത്തിലെ മുഴുവൻ പ്രസ്ഥാനങ്ങളും ഏകസ്വരക്കാരാണ്. വിഷയത്തിന്റെ ഗൗരവം കണക്കിലെടുത്താണ് നേരത്തേ രാഷ്ട്രീയ ഭിന്നത മറന്നു സംയുക്ത സമരത്തിനു എല്ലാ കക്ഷികളും തയ്യാറായത്.

യോജിച്ചുള്ള സമരങ്ങൾ മതേതര കേരളത്തിന് വലിയ ആവേശം പകരുകയും സംഘ്പരിവാർ ക്യാമ്പുകളിൽ അങ്കലാപ്പ് സൃഷ്ടിക്കുകയും ചെയ്തിരുന്നു. ഇത്തരമൊരു സാഹചര്യത്തിൽ സംയുക്ത സമരം ഇനി വേണ്ടെന്ന ഐക്യമുന്നണി നേതൃയോഗ തീരുമാനം കേരളീയ സമൂഹത്തിൽ കടുത്ത നിരാശ ഉയർത്തിയിട്ടുണ്ട്.

മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി ഉൾപ്പെടെ പല പ്രമുഖ നേതാക്കളും നേരത്തേ സംയുക്ത സമരത്തിന്റെ അനിവാര്യത ഊന്നിപ്പറഞ്ഞതാണ്. കേരളത്തിന്റെ യോജിച്ച പോരാട്ട നിലപാടിനെ ഇന്ത്യയൊട്ടാകെ സ്വാഗതം ചെയ്തതായും രാജ്യത്തിന് ഏറ്റവും നല്ല സന്ദേശമാണ് ഇതിലൂടെ നമ്മുടെ സംസ്ഥാനം നൽകിയതെന്നുമാണ് തിരുവനന്തപുരത്തെ സംയുക്ത പ്രക്ഷോഭത്തെക്കുറിച്ചു ഉമ്മൻ ചാണ്ടി പ്രതികരിച്ചത്. ദേശീയതലത്തിലെ ഇപ്പോഴത്തെ സാഹചര്യം വിലയിരുത്തി ബി ജെ പി ഇതരകക്ഷികൾ യോജിച്ച പോരാട്ടത്തിന് തയ്യാറാകണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തിരുന്നു. അരിക്കു വേണ്ടി 52 വർഷം മുമ്പ് കേരളത്തിലെ ഭരണ പ്രതിപക്ഷ കക്ഷികൾ സംയുക്ത സമരം നടത്തിയ കാര്യം അദ്ദേഹം അനുസ്മരിക്കുകയും ചെയ്തു. രാഷ്ട്രപതിയെ കണ്ട് പൗരത്വ ഭേദഗതി നിയമത്തിനെതിരായ ഉത്കണ്ഠ അറിയിക്കുന്നതിന് സർവകക്ഷി പ്രതിനിധി സംഘത്തെ അയക്കുന്നതിന്റെയും എല്ലാവരും യോജിച്ച് മുന്നോട്ട് പോകുന്നതിന്റെയും സാധ്യതകൾ പരിശോധിക്കാൻ ഒരാഴ്ച മുമ്പ് തിരുവനന്തപുരത്ത് ചേർന്ന ബഹു കക്ഷി യോഗം മുഖ്യമന്ത്രിയെയും പ്രതിപക്ഷനേതാവിനെയും ചുമതലപ്പെടുത്തിയതുമാണ്. രാഷ്ട്രപതി ഭവന് മുന്നിൽ നടന്ന പ്രതിഷേധത്തിൽ കോൺഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധി സി പി എം നേതാവ് സീതാറാം യെച്ചൂരിയോടൊപ്പം പങ്കെടുത്തു ഈ സമരവേദിയിൽ കക്ഷിരാഷ്ട്രീയ വ്യത്യാസങ്ങൾക്കതീതമായി ഒന്നിച്ചു നിൽക്കേണ്ടതിന്റെ അനിവാര്യത താഴേത്തട്ടിലെ നേതാക്കളെയും അണികളെയും ബോധ്യപ്പെടുത്തിയതുമാണ്. എന്നിട്ടും എന്തിനാണ് യോജിച്ചുള്ള സമരത്തോട് യു ഡി എഫ് ഇപ്പോൾ വിസമ്മതം പ്രകടിപ്പിക്കുന്നത്?

ദേശീയതലത്തിൽ ഫാസിസ്റ്റ് ശക്തികളെ ശക്തമായി പ്രതിരോധിക്കുന്ന പ്രസ്ഥാനം കോൺഗ്രസ് മാത്രമാണെന്നും പാർട്ടി സംഘടിപ്പിച്ച ഫാസിസ്റ്റു വിരുദ്ധ പോരാട്ടങ്ങളിൽ നിന്നു കേരളത്തിലെ സി പി എം നാളിതുവരെ ഒളിച്ചോടുകയായിരുന്നുവെന്നുമാണ് ഒരു പ്രമുഖ കോൺഗ്രസ് നേതാവ് പറഞ്ഞ കാരണം. എന്നാൽ പൗരത്വ നിയമ ഭേദഗതിക്കെതിരെ പിണറായിയുടെ നേതൃത്വത്തിൽ സംസ്ഥാന സർക്കാറും ഇടതുമുന്നണിയും ഇതുവരെ സ്വീകരിച്ച നിലപാട് ധീരവും ഉറച്ചതുമാണെന്ന കാര്യം അംഗീകരിച്ചേ തീരൂ. നിയമസഭ ചേർന്നു പ്രതിഷേധ പ്രമേയം പാസ്സാക്കിയതും ഭേദഗതി നിയമം പിൻവലിക്കാൻ കേന്ദ്രത്തോട് ആവശ്യപ്പെട്ടതും പൗരത്വ രജിസ്റ്ററുമായി സഹകരിക്കില്ലെന്ന മുഖ്യമന്ത്രിയുടെ പ്രഖ്യാപനവുമെല്ലാം കേരളീയ സമൂഹത്തിൽ മാത്രമല്ല, ദേശീയ തലത്തിൽ വൻ പ്രതീക്ഷയും ആവേശവും സൃഷ്ടിച്ചിട്ടുണ്ട്. ഈ സാഹചര്യത്തിൽ പതിവു രാഷ്ട്രീയ ആരോപണങ്ങളുന്നയിച്ചു സംയുക്ത സമരത്തിൽ നിന്നു പിന്തിരിയുന്നത്, സംസ്ഥാനത്ത് ആളിപ്പടരുന്ന പ്രതിഷേധ സമരത്തിന്റെ വീര്യം കുറക്കാനും ഫാസിസ്റ്റ് ശക്തികളെ സഹായിക്കാനും മാത്രമേ ഉപകരിക്കൂ. ആർ എസ് എസ് സിദ്ധാന്തിക്കുന്ന സവർണാധിപത്യ ഹിന്ദുത്വ രാജ്യത്തിന്റെ സൃഷ്ടിപ്പിലേക്കുള്ള കാൽവെപ്പാണ് പൗരത്വ നിയമ ഭേദഗതിയും ദേശീയ പൗരത്വ രജിസ്റ്ററുമെല്ലാം. അവരുടെ സങ്കൽപ്പത്തിലുള്ള രാജ്യം നിലവിൽ വന്നുകഴിഞ്ഞാൽ മുസ്‌ലിംകളെ മാത്രമല്ല, മറ്റു ഹൈന്ദവേതര മതങ്ങളെയും ഹൈന്ദവരിലെ തന്നെ കീഴ്ജാതിക്കാരെയും അതുദോഷകരമായി ബാധിക്കും. ഇപ്പോൾ അരങ്ങേറുന്ന പൗരത്വ നിയമ പ്രക്ഷോഭത്തിൽ രാജ്യവ്യാപകമായി മത, ജാതി ഭേദമന്യേ ജനങ്ങൾ പങ്കെടുക്കുന്നതിന്റെ പശ്ചാത്തലമിതാണ്. ഈ പ്രക്ഷോഭം ദുർബലപ്പെട്ടാൽ സവർണ മേധാവിത്വ രാജ്യത്തിലേക്കുള്ള പ്രയാണത്തിനത് ഗതിവേഗം വർധിപ്പിക്കും.

രാഷ്ട്രീയ കക്ഷികൾക്കിടയിൽ നയങ്ങളിലും പ്രവർത്തന രീതികളിലും മറ്റും അഭിപ്രായഭിന്നതകളുണ്ടാകാം. എങ്കിലും സംസ്ഥാനത്തെ ഇടതു, വലതു മുന്നണി ഘടക കക്ഷികളെല്ലാം സംഘ്പരിവാറിന്റെ ഹിന്ദുത്വ അജൻഡകളോട് ശക്തിയുക്തം വിയോജിക്കുന്നവരും മതനിരപേക്ഷത അംഗീകരിക്കുന്നവരുമായതിനാൽ മതേതരത്വത്തിനും ജനാധിപത്യത്തിനും എതിരേ വരുന്ന ഭീഷണികളെ ചെറുക്കുന്നതിൽ ഒറ്റക്കെട്ടാകാൻ അവർക്കു സാധിക്കേണ്ടതാണ്. കേരളീയ ജനത ആഗ്രഹിക്കുന്നതും അതാണെന്നു ജില്ലാതല, പ്രാദേശിക തല സംയുക്ത പ്രതിഷേധ റാലികളിലെ ബഹുപാർട്ടി, സംഘടനാ പ്രവർത്തകരുടെ മികച്ച പങ്കാളിത്തം വ്യക്തമാക്കുന്നു. സങ്കുചിത കക്ഷി ചിന്താഗതികളല്ല, ജനനന്മയും രാഷ്ട്ര താത്പര്യവുമാണ് രാഷ്ട്രീയ നേതൃത്വങ്ങളെ നയിക്കേണ്ടത്.