Connect with us

National

യു പി പോലീസ് മകനെ പിടിച്ചുകൊണ്ടുപോയി; നെഞ്ചുപൊട്ടി മരിച്ച 45കാരന്റെ കുടുംബം നൊമ്പരക്കാഴ്ചയാകുന്നു

Published

|

Last Updated

ഇറും ഖാന്‍

ലക്‌നോ | പ്രതിഷേധത്തിൽ പങ്കെടുത്തതിന് ഉത്തർ പ്രദേശ് പോലീസ് മകനെ പിടിച്ചുകൊണ്ടുപോയതിൽ നെഞ്ചുപൊട്ടി മരിച്ച 45കാരന്റെ കുടുംബം നൊമ്പരക്കാഴ്ചയാകുന്നു. ഇടക്കിടെ മാനസികാസ്വാസ്ഥ്യം പ്രകടിപ്പിക്കുന്ന 18കാരൻ മകന്റെ അറസ്റ്റും ഭർത്താവിന്റെ മരണവും ഉടച്ചുകളഞ്ഞത് ഇറും ഖാൻ എന്ന വനിതയുടെ ജീവിതം കൂടിയായിരുന്നു.
ലക്‌നോയിലെ ചേരിപ്രദേശത്ത് നിന്ന് ഖദ്രയിലെ ഒറ്റമുറി വാടക വീട്ടിലേക്ക് മാറിയിട്ട് ഏതാനും മാസങ്ങളേ ആയിട്ടുള്ളൂ. ഏറെ സന്തോഷം നൽകിയതായിരുന്നു ആ കൂടുമാറ്റം. എന്നാൽ ഇപ്പോൾ അതേ വീട് ഇറും ഖാനെ വേട്ടയാടുന്നു. ഭർത്താവ് റോഷൻ ഖാന്റെ മരണത്തിന് മുമ്പ് തന്നെ മൂന്ന് വീടുകളിൽ ജോലിക്ക് പോയിരുന്നു ഇറും ഖാൻ.

ചെറിയ കടയുള്ള റോഷന്റെ വരുമാനം വാടകക്കും മറ്റ് ചെലവുകൾക്കും തികയില്ലായിരുന്നു. ആമിനാബാദിലെ ചേരിപ്രദേശത്തെ മാതാപിതാക്കളുടെ അടുക്കലാണ് ഇപ്പോൾ ഇറും ഖാനും ഒരു മകളടക്കം നാല് കുട്ടികളുമുള്ളത്.
ഡിസംബർ 19നാണ് രാജ്യത്തെ മറ്റിടങ്ങളിലെന്ന പോലെ ഖദ്ര പ്രദേശത്തും പ്രതിഷേധമുണ്ടായത്. രണ്ടാം ദിവസം അർധരാത്രിക്ക് ശേഷം പോലീസ് ഭീകരാന്തരീക്ഷം സൃഷ്ടിച്ച് വീടുകൾ തോറും കയറിയിറങ്ങി കണ്ണിൽ കണ്ടവരെ പിടിച്ചുകൊണ്ടുപോയി. പ്രത്യേകിച്ച് യുവാക്കളെയും കൗമാരക്കാരെയുമാണ് പോലീസ് ലക്ഷ്യമിട്ടത്. ഇവരിലൊരാളായിരുന്നു ഇറുമിന്റെ 18കാരൻ മകൻ കാമില്‍.

കർഫ്യൂ ഏർപ്പെടുത്തിയതിനാൽ ജോലി നേരത്തേ പൂർത്തിയാക്കി വീട്ടിലെത്തിയിരുന്നു മകൻ. ഡിസംബർ 21ന് പുലർച്ചെ രണ്ട് മണിക്കാണ് ഇവരുടെ പ്രദേശത്ത് പോലീസെത്തിയത്. ഇറുമിന്റെ കുടുംബവും മറ്റ് നാല് കുടുംബങ്ങളും താമസിക്കുന്ന കെട്ടിടത്തിന്റെ പ്രധാന കവാടം ചവിട്ടാൻ തുടങ്ങി. ഉച്ചത്തിൽ ചീത്തവിളിയുമുണ്ടായിരുന്നു. അയൽപക്കത്ത് നിന്നൊക്കെ ആളുകളെ പിടിച്ചുകൊണ്ടുപോകുന്നത് അറിഞ്ഞതിനാൽ ഗേറ്റ് തുറന്നില്ല. തുടർന്ന് കോണി വെച്ച് കെട്ടിടത്തിന് മുകളിൽ കയറിയ പോലീസ് അകത്തെത്തി. വീട്ടിനുള്ളിൽ കടന്ന പോലീസ് അവിടെ താമസിച്ച അഞ്ച് കുടുംബത്തിൽ നിന്നുമുള്ള പുരുഷന്മാരെ പിടികൂടി. ഇവരിൽ കാമിൽ ഖാനും ഉൾപ്പെട്ടു. മകന്റെ മാനസിക രോഗവിവരം ഇറും ഖാൻ പറഞ്ഞെങ്കിലും പോലീസ് ചെവിക്കൊണ്ടില്ല.
അന്ന് രാത്രി തന്നെ ഭർത്താവിന് അസുഖം വർധിച്ചു. അസുഖബാധിതനായിരിക്കുമ്പോഴും മകനെ കുറിച്ച് എപ്പോഴും അന്വേഷിച്ചുകൊണ്ടിരുന്നു അദ്ദേഹം. അവസാനമായി മകനെ കാണാനാകാതെ മൂന്നാം ദിവസം ഭർത്താവ് മരിച്ചു. മകനെ ഭീകരാന്തരീക്ഷം സൃഷ്ടിച്ച് പോലീസ് കൊണ്ടുപോയതിനെ തുടർന്നുണ്ടായ മാനസികാഘാതമാണ് തന്റെ ഭർത്താവിനെ കൊന്നതെന്ന് ഇറൂം ഖാൻ പറയുന്നു. വൃക്കരോഗമുള്ള ഭർതൃസഹോദരനെയും അറസ്റ്റ് ചെയ്തിരുന്നു.

പിറ്റേന്ന് കാമിലിനെ കാണാൻ സഹോദരൻ ബബ്‌ലു ഖാനോടൊപ്പം ജയിലിന് സമീപം ഒരു ദിവസം മുഴുവൻ ഇറൂം കാത്തുനിന്നെങ്കിലും പ്രയോജനമുണ്ടായില്ല. ബബ്‌ലു ഖാന്റെ ജീവനോപാധിയായ റിക്ഷയും ബൈക്കും ആണ് ജാമ്യത്തിന് വേണ്ടി ഉപയോഗിച്ചത്. പിതാവിന്റെ മരണത്തിന്റെ പിറ്റേന്നാണ് കാമിൽ മോചിതനായത്. പോലീസ് വീണ്ടും പിടിച്ചുകൊണ്ടുപോകുമോയെന്ന ഭയം കാരണം ഖദ്രയിലേക്ക് ഇനിയില്ലെന്നാണ് കാമിൽ പറയുന്നത്.

Latest