Connect with us

Kerala

ഗവര്‍ണര്‍ പ്രവര്‍ത്തിക്കുന്നത് ബി ജെ പി സംസ്ഥാന അധ്യക്ഷനെപ്പോലെ : രൂക്ഷ വിമര്‍ശവുമായി സിപിഎം

Published

|

Last Updated

തിരുവനന്തപുരം | പൗരത്വ നിയമത്തെ അനുകൂലിക്കുന്ന ഗവര്‍ണര്‍ക്കെതിരെ രൂക്ഷ വിമര്‍ശവുമായി സിപിഎം. സകല പരിധികളും ലംഘിച്ചുള്ള രാഷ്ട്രീയ കളിയാണ് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ നടത്തുന്നതെന്നും ഇതൊന്നും കേരളത്തില്‍ ചെലവാകില്ലെന്നും സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. ബി ജെ പി സംസ്ഥാന അധ്യക്ഷനെ പോലെയാണ് ഗവര്‍ണര്‍ പ്രവര്‍ത്തിക്കുന്നതെന്നും കോടിയേരി പ്രസ്താവനയില്‍ ആരോപിച്ചു.

ഭരണഘടനയുടെ അന്തസത്തക്ക് നിരക്കാത്ത ജല്‍പനങ്ങളാണ് ഗവര്‍ണര്‍ നടത്തുന്നത്. നിയമസഭ പാസാക്കിയ പ്രമേയം ഏത് നിയമത്തിന്റെ ലംഘനമാണെന്ന് ഗവര്‍ണര്‍ വ്യക്തമാക്കണം. ഏത് നിയമത്തിന്റെ പിന്‍ബലത്തിലാണ് ഗവര്‍ണര്‍ നിയമസഭയുടെ നടപടിയെ വിമര്‍ശിക്കുന്നത്?
അരുണാചല്‍ കേസില്‍ 2016ല്‍ സുപ്രീംകോടതി പുറപ്പെടുവിച്ച വിധിന്യായത്തിലെ പ്രസക്തഭാഗങ്ങള്‍ ഗവര്‍ണര്‍ ഒന്നു വായിച്ചാല്‍ നന്നായിരുന്നു. നിയമസഭയുടെ നടപടികളില്‍ ഇടപെടാന്‍ ഗവര്‍ണര്‍ക്ക് അധികാരമില്ല എന്നാണ് സുപ്രീം കോടതി അര്‍ത്ഥശങ്കയ്ക്കിടയില്ലാത്ത വിധം വിധിച്ചത്.

എത്രയോ സന്ദര്‍ഭങ്ങളില്‍ എത്രയോ വിഷയങ്ങളില്‍ സംസ്ഥാന നിയമസഭ പ്രമേയങ്ങള്‍ പാസാക്കിയിട്ടുണ്ട്. അന്നും ഡല്‍ഹിയില്‍ കേന്ദ്ര സര്‍ക്കാരും കേരളത്തില്‍ ഗവര്‍ണര്‍മാരും ഉണ്ടായിരുന്നു. അന്നൊന്നുമില്ലാത്ത പെരുമാറ്റമാണ് ഗവര്‍ണര്‍ പദവിയിലിരുന്നു കൊണ്ട് ആരിഫ് മുഹമ്മദ്ഖാന്‍ കാഴ്ചവച്ചിരിക്കുന്നത്.
ഇതൊന്നും കേരളത്തില്‍ ചെലവാകില്ലെന്ന് അല്‍പമെങ്കിലും ബുദ്ധിയും ബോധവുമുള്ള ബുദ്ധിയുള്ള ആര്‍ എസ് എസുകാര്‍ ഗവര്‍ണറെ ഉപദേശിക്കണമെന്നും കോടിയേരി പ്രസ്താവനയില്‍ പറഞ്ഞു.