Connect with us

Kozhikode

നാടുണര്‍ത്തി മര്‍കസ് ദിനം: യൂണിറ്റുകളില്‍ സമ്മേളന കാഹളമുയര്‍ന്നു

Published

|

Last Updated

മര്‍കസ് ദിനത്തില്‍ മര്‍കസ് പ്രധാനകവാടത്തിന് മുമ്പില്‍ കാന്തപുരം എ.പി അബൂബക്കര്‍ മുസ്ലിയാര്‍ പതാക ഉയര്‍ത്തുന്നു.

കോഴിക്കോട് | 2020 ഏപ്രിൽ 9, 10, 11, 12 തീയതികളിൽ നടക്കുന്ന മർകസ് 43ാം വാർഷിക സമ്മേളനത്തിന്റെ ഭാഗമായി സംസ്ഥാന വ്യാപകമായി നടന്ന മർകസ് ദിനം ശ്രദ്ധേയമായി. യൂനിറ്റുകളിൽ നടന്ന പരിപാടികൾ സമ്മേളനത്തിന്റെ പ്രാദേശിക പ്രചാരണ പരിപാടികളുടെ തുടക്കമായി. മദ്‌റസകൾ, സ്‌കൂളുകൾ, ദഅ്വാ ശരീഅ കോളജുകൾ എന്നിവ കേന്ദ്രീകരിച്ചും വൈവിധ്യമാർന്ന പരിപാടികൾ നടന്നു.

സുബ്ഹി മുതൽ പ്രവർത്തകരും വിദ്യാർഥികളും സജീവമായിറങ്ങി സമ്മേളന പ്രചാരണ ബോർഡ് സ്ഥാപിക്കാനും പൊതുസ്ഥലങ്ങൾ ശുചീകരിക്കാനും നേതൃത്വം നൽകി. ഓരോ നാട്ടിലെയും കാരണവൻമാരെയും പണ്ഡിതൻമാരെയും പങ്കെടുപ്പിച്ചു പതാക ഉയർത്തൽ അരങ്ങേറി. വീടുകളിലും വിദ്യാലയ പരിസരങ്ങളിലും വൃക്ഷത്തൈകൾ നട്ടുപിടിപ്പിച്ചു. പുതിയ വർഷം പരിസ്ഥിതി സംരക്ഷണത്തിന് ഊന്നൽ നൽകുന്നതാവുമെന്ന് വിദ്യാർഥികൾ പ്രതിജ്ഞയെടുത്തു. മർകസ് ക്യാമ്പസ് കവാടത്തിൽ നടന്ന പതാക ഉയർത്തൽ കർമത്തിന് മർകസ് ചാൻസലർ കാന്തപുരം എ പി അബൂബക്കർ മുസ്‌ലിയാർ നേതൃത്വം നൽകി. കെ കെ അഹ്‌മദ് കുട്ടി മുസ്‌ലിയാർ കട്ടിപ്പാറ, സി മുഹമ്മദ് ഫൈസി, വി പി എം ഫൈസി വില്യാപ്പള്ളി, സയ്യിദ് ശറഫുദ്ദീൻ ജമലുല്ലൈലി, മുഹിയിദ്ദീൻ കുട്ടി സഖാഫി വരവൂർ, പറവൂർ മുഹമ്മദ് കുഞ്ഞി സഖാഫി സംബന്ധിച്ചു. പത്തനംതിട്ടയിൽ വൃക്ഷത്തൈ നടൽ ജില്ലാതല ഉദ്ഘാടനം ആന്റോ ആന്റണി എം പി നിർവഹിച്ചു. കേരള മുസ്‌ലിം ജമാഅത്ത് ജില്ലാ പ്രസിഡന്റ് ആലങ്കാർ അശ്‌റഫ് ഹാജി അധ്യക്ഷത വഹിച്ചു. മലപ്പുറം മഅ്ദിൻ അക്കാദമിയിൽ കേരള മുസ്‌ലിം ജമാഅത്ത് ജനറൽ സെക്രട്ടറി സയ്യിദ് ഇബ്‌റാഹീമുൽ ഖലീലുൽ ബുഖാരി പതാക ഉയർത്തി. കെ കെ അഹ്മദ് കുട്ടി മുസ്‌ലിയാർ കട്ടിപ്പാറ, സയ്യിദ് മുത്തുക്കോയ തങ്ങൾ എളങ്കൂർ, പൊൻമള മുഹിയുദ്ദീൻ കുട്ടി മുസ്‌ലിയാർ സംബന്ധിച്ചു. കോടമ്പുഴ ദാറുൽ മആരിഫിൽ നടന്ന മർകസ് ദിന കോഴിക്കോട് ജില്ലാ തല ഉദ്ഘാടനത്തിൽ പേരോട് അബ്ദുർറഹ്‌മാൻ സഖാഫി പതാക ഉയർത്തി.

കൊമ്പം മുഹമ്മദ് മുസ്‌ലിയാർ, കോടമ്പുഴ ബാവ മുസ്‌ലിയാർ, സയ്യിദ് മുഹമ്മദ് തുറാബ് സഖാഫി, സി മുഹമ്മദ് ഫൈസി, വെള്ളയൂർ അബ്ദുൽ അസീസ് സഖാഫി, തൃക്കരിപ്പൂർ മുഹമ്മദ് സഖാഫി, ഒളവട്ടൂർ അബ്ദുന്നാസിർ അഹ്‌സനി പങ്കെടുത്തു.

കുറ്റ്യാടി സിറാജുൽ ഹുദായിൽ നടന്ന പരിപാടികളുടെ ഉദ്ഘാടനം സയ്യിദ് ത്വാഹാ തങ്ങൾ തളീക്കര നിർവഹിച്ചു. ഫറോക്ക് ഖാദിസിയ്യയ്യിൽ സയ്യിദ് മുഹമ്മദ് തുറാബ് സഖാഫി, മടവൂർ സി എം സെന്ററിൽ അബ്ദുർറഹ്‌മാൻ ബാഖവി പതാക ഉയർത്തി. ആലപ്പുഴ മഹ്ദലിയ്യയിൽ എം എം ഹനീഫ മൗലവി, തൃശൂർ വള്ളിവട്ടം ഉമരിയ്യ ക്യാമ്പയിൽ , സയ്യിദ് പി എം എസ് തങ്ങൾ,കാസർകോട് മുഹിമ്മാത്തിൽ സയ്യിദ് ഹസനുൽ അഹ്ദൽ തങ്ങൾ പതാക ഉയർത്തി. വൃക്ഷത്തൈ നടൽ പദ്ധതി ബി എസ് അബ്ദുല്ലക്കുഞ്ഞി ഫൈസി നിർവഹിച്ചു. മർകസിന്റെ വളർച്ചയിൽ കണ്ണികളായ നേതാക്കളെയും പ്രവർത്തകരെയും ഓർത്തെടുത്ത് ഖുർആൻ പാരായണവും പ്രാർത്ഥനാസദസ്സും മുഹിമ്മാത്തിൽ സംഘടിപ്പിച്ചു. നിലമ്പൂർ മജ്മഇൽ പരിപാടി കൂറ്റമ്പാറ അബ്ദുർറഹ്‌മാൻ ദാരിമി, കൊളത്തൂർ ഇർശാദിയ്യയിൽ അലവി സഖാഫി കൊളത്തൂർ നേതൃത്വം നൽകി.വിവിധ സംസ്ഥാനങ്ങളിലും ഗൾഫ് രാജ്യങ്ങളിലും മർകസ് ദിന ഭാഗമായി പരിപാടികൾ നടന്നു. പാടന്തറ മർകസിൽ നടന്ന നീലഗിരി ജില്ലാതല ഉദ്ഘാടനത്തിൽ സയ്യിദ് അലി അക്ബർ സഖാഫി അൽ ബുഖാരി പതാക ഉയർത്തി.

കോട്ടമുടി മർകസിൽ നടന്ന കുടക് ജില്ലാതല ഉദ്ഘാടനം എസ് എസ് എഫ് കർണാടക സംസ്ഥാന പ്രസിഡന്റ് ഇസ്മാഈൽ സഖാഫി കൊണ്ടങ്കേരി നിർവഹിച്ചു. കവരത്തി മർകസിൽ സൈനുൽ ആബിദ് സഖാഫി ഉദ്ഘാടനം ചെയ്തു. ഡൽഹി ജുമാ മസ്ജിദ് കോമ്പൗണ്ടിൽ നടന്ന വൃക്ഷത്തൈ നടലിനും സമ്മേളന ബോർഡുകൾ സ്ഥാപിക്കുന്നതിനും അബ്ദുർറഹ്‌മാൻ ബുഖാരി, സുഹൈൽ ആലിമി, അജ്മൽ റബ്ബാനി എന്നിവർ നേതൃത്വം നൽകി. ദുബൈ റാഷിദിയ്യ സഹ്‌റ ക്യാമ്പസിൽ യഹ്‌യ സഖാഫി ആലപ്പുഴ ഉദ്ഘാടനം ചെയ്തു. കേരള മുസ്‌ലിം ജമാഅത്ത്, എസ് വൈ എസ്, എസ് എം എ, എസ് എസ് എഫ്, സുന്നി ജംഇയ്യത്തുൽ മുഅല്ലിമീൻ എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തിലാണ് പരിപാടികൾ അരങ്ങേറിയത്.

Latest