Connect with us

Editors Pick

സ്വാതന്ത്ര്യ സമര പോരാട്ടത്തിന്റെ ഓർമപ്പെടുത്തലുമായി കൊന്നാര് മസ്ജിദിലെ വെടിയുണ്ട

Published

|

Last Updated

വാതിലിൽ തറച്ച വെടിയുണ്ട

മലപ്പുറം | “വാഴക്കാടടുത്തുള്ള കൊന്നാര് ഗ്രാമത്തിലെ കൊന്നാര് മഖാം ഇന്നും ചരിത്ര സ്മാരകമായി നിലനിൽക്കുന്നു. ബ്രിട്ടീഷ് ഭരണകാലത്ത് കൊന്നാര് മഖാം വെടിവെച്ച് തകർത്തതാണ്. അന്നത്തെ സ്വാതന്ത്യ സമരത്തിന്റെ കേന്ദ്രം അതായിരുന്നു.
ഇന്നും അതുവഴി കടന്നുപോകുമ്പോൾ കൊന്നാര് മഖാമിന്റെ വാതിലുകളിൽ തറഞ്ഞിട്ടുള്ള വെടിയുണ്ടകൾ കാണാം”. എം സ്വരാജ് എം എൽ എ നിയമസഭയിൽ പൗരത്വ നിയമത്തിനെതിരായി അവതരിപ്പിച്ച പ്രമേയത്തെ അനുകൂലിച്ച് പറഞ്ഞ വാക്കുകളാണിത്. സ്വാതന്ത്ര്യ സമരപോരാട്ടത്തിന്റെ വീരേതിഹാസ മണ്ണായ കൊന്നാര് പള്ളിയിലെ വെടിയുണ്ട എം എൽ എ പരാമർശിച്ചതോടെ സാമൂഹിക മാധ്യമങ്ങളിലെല്ലാം ഇപ്പോൾ വൈറലാണ്.

മലബാർ കലാപത്തിൽ ബ്രിട്ടീഷ് സൈന്യം കൊന്നാര് പള്ളിക്ക് നേരെ നിറയൊഴിച്ചതിന്റെ അടയാളം ഒരു നുറ്റാണ്ടായിട്ടും മായാതെ കിടക്കുന്നുണ്ട്. മലബാർ കലാപത്തിൽ ബ്രിട്ടീഷ് സേനക്ക് നേരെ ഏറ്റുമുട്ടിയ മണ്ണാണ് വാഴക്കാട് പഞ്ചായത്തിൽപ്പെട്ട കൊന്നാര് പ്രദേശം. കൊന്നാര് മഖാമിൽ അന്ത്യവിശ്രമം കൊള്ളുന്ന കൊഞ്ഞുള്ളപ്പാപ്പയുടെ പൗത്രനായിരുന്നു മുഹമ്മദ് കോയ തങ്ങൾ. കൊന്നാര് തങ്ങൾ എന്ന പേരിൽ പ്രസിദ്ധനായ ഇദ്ദേഹം കൊന്നാരിലെ ഖിലാഫത്ത് കമ്മിറ്റി പ്രസിഡന്റുമായിരുന്നു. മുഹമ്മദ് കോയ തങ്ങൾ കൊന്നാരിൽ ഖിലാഫത്ത് കോടതി സ്ഥാപിച്ചു. 1921 മലബാർ കലാപ സമയത്ത് പണ്ഡിതന്മാരേയും സയ്യിദന്മാരേയും ആൻഡമാൻ ദ്വീപിലേക്ക് നാടു കടത്തി. ബ്രിട്ടീഷുകാർക്കെതിരെ സയ്യിദ് മുഹമ്മദ് കോയ തങ്ങൾ സമരത്തിന് ആഹ്വാനം ചെയ്തു. ബ്രിട്ടീഷുകാരുടെയും ജന്മിമാരുടെയും മർദനത്തിനെതിരെ മമ്പുറം സയ്യിദ് അലവി തങ്ങളുടെയും പുത്രൻ സയ്യിദ് ഫസൽ തങ്ങളുടെയും നിലപാടുകളാണ് ബ്രിട്ടീഷ് ജന്മിവിരുദ്ധ സമരങ്ങൾക്ക് കൊന്നാര് തങ്ങൾക്ക് ആവേശം പകർന്നത്. ഭൂരഹിത കർഷകരായ കുടിയാൻമാരാണ് മുഖ്യമായും പീഢനങ്ങൾക്കിരയായത്. മർദിതർക്കൊപ്പം നിൽക്കുകയെന്ന ഇസ്‌ലാം മതത്തിന്റെ ശാസനയുമാണ് കൊന്നാര് തങ്ങൾക്ക് ബ്രിട്ടീഷ് വിരുദ്ധ നിലപാടിന് ഊർജം നൽകിയത്. 1921 ഒക്ടോബർ 11 നാണ് ബ്രിട്ടീഷുകാർ കൊന്നാര് പള്ളി ആക്രമിച്ചത്.

മാപ്പിള ലഹളയിൽ ബ്രിട്ടീഷ് പട്ടാളം പള്ളിക്കു നേരെ നിറയൊഴിച്ചു. ആക്രമണത്തിൽ പള്ളി ആരാധനാ യോഗ്യമല്ലാത്ത വിധം തകർക്കപ്പെട്ടു. ബ്രിട്ടീഷുകാരോട് പടപൊരുതിയ കൊന്നാര് തങ്ങളെ 1922 ആഗസ്റ്റ് 25ന് വെള്ളിയാഴ്ച കൂത്തുപറമ്പിൽ വെച്ച് ബ്രിട്ടീഷ് സൈന്യം പിടികൂടി. 1923 മാർച്ച് 23ന് സ്പെഷ്യൽ ജഡ്ജി ജാക്സൺ ധീരദേശാഭിമാനിക്ക് വധശിക്ഷ വിധിച്ചു. കേടുപാടുകൾ പറ്റിയ പള്ളിയുടെ വടക്കു ഭാഗത്തായി കൊച്ചു പള്ളി നിർമിച്ചു. ഏകദേശം 64 കൊല്ലം ഈ പള്ളിയിലാണ് ആരാധന കർമങ്ങൾ നടന്നത്.

Latest