Connect with us

Gulf

പ്രവാസി എഴുത്തുകാര്‍ക്കായി 'കലാലയം പുരസ്‌കാരം' നല്‍കുന്നു

Published

|

Last Updated

ദമാം | രിസാല സ്റ്റഡി സര്‍ക്കിള്‍ പതിനൊന്നാമത് സാഹിത്യോത്സവിനോടനുബന്ധിച്ച് കലാലയം സാംസ്‌കാരിക വേദി പ്രവാസി മലയാളികളിലെ എഴുത്തുകാര്‍ക്കായി “കലാലയം പുരസ്‌കാരം” നല്‍കുന്നു. പ്രവാസി എഴുത്തുകാരെ കണ്ടെത്തി പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായാണ് പുരസ്‌കാരം ഏര്‍പ്പെടുത്തിയിട്ടുള്ളത്. കഥ, കവിത വിഭാഗങ്ങളില്‍ ഓരോ ഗള്‍ഫ് രാജ്യങ്ങളില്‍ നിന്നും തിരഞ്ഞെടുക്കപ്പെടുന്നവര്‍ക്കാണ് പുരസ്‌കാരം നല്‍കുന്നത്. സഊദി അറേബ്യയില്‍ താമസിക്കുന്ന പ്രവാസികള്‍, മുമ്പ് പ്രസിദ്ധീകരിക്കാത്ത മൗലിക രചനകളാണ് പുരസ്‌കാരത്തിന് സമര്‍പ്പിക്കേണ്ടത്. മലയാള സാഹിത്യത്തില്‍ വിവിധ മേഖലകളില്‍ വ്യക്തിമുദ്ര പതിപ്പിച്ച ടി ഡി രാമകൃഷ്ണന്‍, പി കെ ഗോപി എന്നിവര്‍ ഉള്‍ക്കൊള്ളുന്ന ജൂറിയായിരിക്കും ജേതാവിനെ തിരഞ്ഞെടുക്കുക.

2020 ഫെബ്രുവരി 14 ന് അല്‍ ഖോബാറില്‍ നടക്കുന്ന സഊദി നാഷണല്‍ സാഹിത്യോത്സവില്‍ പുരസ്‌കാരം സമ്മാനിക്കും.ഒരാളില്‍ നിന്ന് പരമാവധി ഒരു കഥയും കവിതയും മാത്രമേ സ്വീകരിക്കുകയുള്ളൂ. കവിത 40 വരികളിലും കഥ 400 വാക്കുകളിലും കവിയരുത്. വിഷയം നിര്‍ണയിക്കപ്പെട്ടിട്ടില്ല. പ്രവാസം നഷ്ടപ്പെടുത്തിയ വിലപ്പെട്ട പലതിനുമിടയിലും സര്‍ഗാത്മകതയെ വീണ്ടെടുക്കുക എന്നതാണ് പുരസ്‌കാരത്തിന്റെ ലക്ഷ്യമെന്ന് ദമാം മീഡിയ ഫോറത്തില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ സംഘാടകര്‍ പറഞ്ഞു. ഈ വര്‍ഷം പ്രി-കെ ജി, കെ ജി, പ്രൈമറി, ജൂനിയര്‍, സെക്കന്‍ഡറി, സീനിയര്‍, ജനറല്‍ വിഭാഗങ്ങളിലായി 106 ഇനങ്ങളിലാണ് മത്സരങ്ങള്‍ നടക്കുന്നത് .

അടിസ്ഥാന ഘടകമായ യൂനിറ്റിറ്റുകളില്‍ സാഹിത്യോത്സവ് ഇതിനകം തുടങ്ങിയിട്ടുണ്ട്. യൂനിറ്റ് മത്സരത്തിന് ശേഷം സെക്ടര്‍, സെന്‍ട്രല്‍ ഘടകങ്ങളില്‍ മാറ്റുരച്ചാണ് നാഷനല്‍ തല സാഹിത്യോത്സവില്‍ ഓരോ പ്രതിഭയും എത്തുക. ഈ വര്‍ഷത്തെ നാഷനല്‍ സാഹിത്യോത്സവിന് അല്‍ ഖോബാറാണ് ആതിഥ്യമരുളുന്നത്. പതിനൊന്നിന്റെ നിറവില്‍ എത്തിനില്‍ക്കുന്ന സാഹിത്യോത്സവില്‍ കുട്ടികള്‍, യുവാക്കള്‍, സ്ത്രീകള്‍ ഉള്‍പ്പെടെ പ്രവാസ ലോകത്തെ മത ലിംഗ ഭേദമന്യേ ധാരാളം പ്രതിഭകള്‍ പങ്കെടുക്കുക്കുമെന്നും സംഘാടകര്‍ പറഞ്ഞു.

കലാലയം പുരസ്‌കാരത്തിലേക്കുള്ള സൃഷ്ടികള്‍ സ്വന്തം ഇമെയിലില്‍ നിന്ന് kalalayam.rscsaudieast@gmail.com എന്ന വിലാസത്തിലേ്ക്ക് “കലാലയം പുരസ്‌കാരം” എന്ന സബ്ജക്ട് ലൈനില്‍ എഴുതി മാത്രം സമര്‍പ്പിക്കുക. പ്രവാസ ലോകത്തെ വിലാസം, ബന്ധപ്പെടേണ്ട നമ്പര്‍ എന്നിവ സൃഷ്ടിയോടൊപ്പം വെയ്ക്കണം. രചനകള്‍ ടൈപ്പ് ചെയ്ത പി ഡി എഫ് ഫോര്‍മാറ്റിലോ യുനികോഡ് ഫോണ്ടിലോ ആണ് അയക്കേണ്ടത്. എന്‍ട്രികള്‍ ലഭിക്കേണ്ട അവസാന തീയതി 2020 ജനുവരി 31 ആണ്. വാര്‍ത്താ സമ്മേളനത്തില്‍ ആര്‍ എസ് സി സഊദി ഈസ്റ്റ് നാഷണല്‍ ചെയര്‍മാന്‍ ശഫീഖ് ജൗഹരി കൊല്ലം, നാഷനല്‍ കലാലയം കണ്‍വീനര്‍ മുജീബ് തുവ്വക്കാട്, ബഷീര്‍ ബുഖാരി, റഹൂഫ് പാലേരി, ഫൈസല്‍ വേങ്ങാട് പങ്കെടുത്തു.