Connect with us

Articles

‘വെജിറ്റബിള്‍ റിപ്പബ്ലിക്കി'ലെ നീതിപീഠം

Published

|

Last Updated

‘ഷെയിം, ജസ്റ്റിസ് ഹാസ് ബീന്‍ ഡെനീഡ്”, ഡല്‍ഹി ജാമിഅ മില്ലിയ്യയിലെയും അലിഗഢിലെയും പോലീസ് അതിക്രമങ്ങളെ സംബന്ധിച്ച് സമര്‍പ്പിക്കപ്പെട്ട ഹരജികളില്‍ കേന്ദ്ര, ഡല്‍ഹി സര്‍ക്കാറുകളുടെയും പോലീസിന്റെയും മറുപടി കേള്‍ക്കാന്‍ നോട്ടീസ് നല്‍കി ഫെബ്രുവരി നാലിലേക്ക് ഹരജി മാറ്റിവെച്ച് ചേംബറിലേക്ക് മടങ്ങാനിരിക്കുമ്പോള്‍ ഡല്‍ഹി ഹൈക്കോടതി ചീഫ് ജസ്റ്റിസടങ്ങുന്ന ഡിവിഷന്‍ ബഞ്ചിനെ അഭിഭാഷകര്‍ നേരിട്ടത് മേല്‍ വാക്യങ്ങളുയര്‍ത്തിയായിരുന്നു. സ്വതന്ത്ര ജുഡീഷ്യല്‍ അന്വേഷണം, പോലീസ് കസ്റ്റഡിയിലുള്ള പരുക്കേറ്റ വിദ്യാര്‍ഥികള്‍ക്ക് വൈദ്യസഹായം, പോലീസ് ഭീഷണിയില്‍ നിന്ന് വിദ്യാര്‍ഥികള്‍ക്ക് ഇടക്കാല സംരക്ഷണം എന്നിവയായിരുന്നു പരാതിക്കാരുടെ പ്രധാന ആവശ്യങ്ങള്‍. എന്നാല്‍ അനിവാര്യമായ മനുഷ്യാവകാശങ്ങള്‍ പോലും സംരക്ഷിക്കപ്പെടണമെന്ന് നീതിപീഠത്തിന് തോന്നാതെ പോയതില്‍ ഡല്‍ഹി ഹൈക്കോടതിയിലെ അഭിഭാഷകര്‍ക്ക് മാത്രമല്ല നിയമ വിദഗ്ധരില്‍ തന്നെ വലിയ അമ്പരപ്പും ഉത്കണ്ഠയും സൃഷ്ടിച്ചിട്ടുണ്ട്.

ന്യായാസനം തുണക്കാതെ പോയ വിദ്യാര്‍ഥികള്‍ക്കും പൗരത്വ നിയമ വിരുദ്ധ സമരക്കാര്‍ക്കും നേരെ കടുത്ത പ്രതികാര നടപടികളാണ് യു പിയിലെയും കര്‍ണാടകയിലെയും മറ്റും ബി ജെ പി സര്‍ക്കാറുകള്‍ സ്വീകരിച്ചു കൊണ്ടിരിക്കുന്നത്. അതിരുവിട്ട പോലീസ് അഴിഞ്ഞാട്ടത്തിന്റെ വര്‍ത്തമാനങ്ങള്‍ തുടര്‍ക്കഥ പോലെ വരുമ്പോഴും സമരത്തില്‍ പങ്കെടുത്തവരുടെ സ്വത്തുക്കള്‍ കണ്ടുകെട്ടി അടിച്ചമര്‍ത്തലിന്റെ രാക്ഷസ ഭാവം പ്രകടിപ്പിക്കുകയാണ് യു പിയിലെ യോഗി സര്‍ക്കാര്‍. അലിഗഢ് മുസ്‌ലിം യൂനിവേഴ്‌സിറ്റിയിലെ ആയിരം വിദ്യാര്‍ഥികള്‍ക്കെതിരെ ഉത്തര്‍പ്രദേശ് പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുകയാണിപ്പോള്‍.

ഭരണഘടനാ വിരുദ്ധമായ പൗരത്വ നിയമ ഭേദഗതിയില്‍ പ്രതിഷേധിച്ച് ഡിസംബര്‍ 15 ഞായറാഴ്ച ജാമിഅ മില്ലിയ്യയില്‍ പൊട്ടിപ്പുറപ്പെട്ട പ്രതിഷേധം സമാധാനപരമായിരുന്നെങ്കില്‍ ഡല്‍ഹി പോലീസ് നടത്തിയത് ആസൂത്രിത തേര്‍വാഴ്ചയായിരുന്നു. 2012 ഡിസംബറിന് ശേഷം ആദ്യമായാണ് ഡല്‍ഹി പോലീസ് 400 കണ്ണീര്‍വാതക പീരങ്കികള്‍ പ്രയോഗിക്കുന്നത്. നിരായുധരായ വിദ്യാര്‍ഥികളെ യുദ്ധസമാന സാഹചര്യം സൃഷ്ടിച്ച് ക്രൂരമായി അടിച്ചൊതുക്കുകയും അനുമതിയില്ലാതെ ജാമിഅ ക്യാമ്പസില്‍ കയറി സമരവുമായി ബന്ധമില്ലാത്ത വിദ്യാര്‍ഥികളെ ശുചിമുറിയില്‍ പോലും പ്രവേശിച്ച് ആക്രമിക്കുകയായിരുന്നു. ഒരു നീതീകരണവും അര്‍ഹിക്കാത്ത ക്രൂരതയാണെന്നതിനാലാണ് രാജ്യവ്യാപക പ്രതിഷേധമുയര്‍ന്നത്.

വിയോജിക്കാനുള്ള സ്വാതന്ത്ര്യവും മൗലികാവകാശമാണ്. രാജ്യത്തെ പരമോന്നത നീതിപീഠത്തിന്റെ വാചകം കടമെടുത്താല്‍ ജനാധിപത്യത്തിന്റെ സേഫ്റ്റി വാല്‍വാണ് വിയോജിപ്പ് പ്രകടനം. ഭരണഘടന വകവെച്ചുനല്‍കുന്ന മൗലിക സ്വാതന്ത്ര്യങ്ങളില്‍ മുഖ്യമായ രണ്ടെണ്ണം അഭിപ്രായ ആവിഷ്‌കാര സ്വാതന്ത്ര്യവും സമാധാനപരവും നിരായുധരുമായി സംഘടിക്കാനുള്ള അവകാശവുമാണ്.

വിമര്‍ശനങ്ങളും വിസമ്മത സ്വരങ്ങളും ജനാധിപത്യ വ്യവസ്ഥയെ ശക്തിപ്പെടുത്തുകയും കാര്യക്ഷമമാക്കിത്തീര്‍ക്കുകയും ചെയ്യും എന്ന ദിശയിലുള്ള ചര്‍ച്ചകള്‍ പ്രസ്താവിത മൗലിക സ്വാതന്ത്ര്യങ്ങളെ പ്രതി ഭരണഘടനാ നിര്‍മാണ സമിതിയില്‍ സജീവമായി നടന്നിരുന്നു. എന്നാല്‍ സമരമതെന്തോ പാതകമായിക്കാണുന്ന വെജിറ്റബിള്‍ റിപ്പബ്ലിക്കിലാണോ നമ്മളെന്ന് സംശയിച്ച് പോകും ഡല്‍ഹി, യു പി പോലീസിന്റെ നടപടി കണ്ടാല്‍.
അതിരുകടന്ന ബലപ്രയോഗമാണ് ഡല്‍ഹി പോലീസ് നടത്തിയത്. അത് സുപ്രീം കോടതി വിധികള്‍ക്കും പോലീസ് മാന്വലുകള്‍ക്കും വിരുദ്ധമാണ്. ഇത്തരം സാഹചര്യങ്ങളില്‍ പോലീസിന് അനുവദിക്കപ്പെട്ട അധികാര പരിധിയും പരിശോധിക്കപ്പെടേണ്ടതുണ്ട്. ക്രിമിനല്‍ നടപടി ചട്ടം വകുപ്പ് 143 പ്രകാരം പൊതു സംവിധാനം തടസ്സപ്പെടുന്നത് ഒഴിവാക്കാന്‍ നടപടി സ്വീകരിക്കുന്നതിന് എക്‌സിക്യൂട്ടീവ് മജിസ്‌ട്രേറ്റിന് അധികാരമുണ്ട്. തതടിസ്ഥാനത്തില്‍ 144ാം വകുപ്പനുസരിച്ച് ആളുകള്‍ സംഘം ചേരുന്നത് തടയുകയുമാകാം. ഇതൊക്കെ നിയമം അനുശാസിക്കുന്ന ചട്ടക്കൂടില്‍ നിന്നുകൊണ്ടാകണമെന്നു മാത്രം. എന്നാല്‍ അത്തരം നിയമാനുസൃത അതിര്‍വരമ്പുകളെ അപ്രസക്തമാക്കുന്ന അമിതാധികാര പ്രയോഗമായിരുന്നു കേന്ദ്ര സര്‍ക്കാര്‍ നിയന്ത്രിക്കുന്ന ഡല്‍ഹി പോലീസിന്റേത്.
പ്രതിഷേധക്കാര്‍ തന്നെയാണ് പ്രകോപനം സൃഷ്ടിച്ചതെങ്കിലും പ്രക്ഷോഭം നിയന്ത്രണ വിധേയമാക്കാന്‍ പരിധിവിട്ട ബലപ്രയോഗത്തിന് മുതിര്‍ന്നാല്‍ പോലീസ് കുറ്റക്കാരാകും എന്ന് 2016ലെ അനിത ഠാക്കൂര്‍ കേസിലടക്കം സുപ്രീം കോടതി വിധിപ്രസ്താവം നടത്തിയിട്ടുണ്ട്. പ്രക്ഷോഭം ശമിപ്പിക്കാന്‍ ഉദ്ദേശിച്ചു കൊണ്ടുള്ള നടപടികള്‍ ആനുപാതികമല്ലാത്തതും നീതിരഹിതവുമെങ്കില്‍ അത് അതിരുകടന്ന ബലപ്രയോഗമാണെന്ന് പ്രസ്തുത കേസിന്റെ അന്തിമ വിധിയില്‍ കോടതി വ്യക്തത വരുത്തുകയുണ്ടായി. അങ്ങനെ വരുമ്പോള്‍ ഡല്‍ഹി പോലീസും കേന്ദ്ര സര്‍ക്കാറും പ്രതിക്കൂട്ടിലാണ്.

എന്നാല്‍ നഗ്‌നമായ നിയമലംഘനം നടന്നിട്ടും ഡല്‍ഹി ഹൈക്കോടതി സ്വീകരിച്ച നിലപാട് നീതിദീക്ഷ തൊട്ടുതീണ്ടാത്തതാണെന്നാണ് നിയമപക്ഷ നിരീക്ഷണം. നിയമത്തിന്റെ പഴുതുകളില്‍ നീതി നിഷേധിക്കപ്പെടുന്നതും കേവല ആശ്വാസങ്ങളായി പരിമിതപ്പെട്ടുപോകുന്ന വൈകിയെത്തുന്ന നീതിയും രാജ്യത്ത് ആള്‍ക്കൂട്ടം നിയമം കൈയിലെടുക്കുന്ന സ്‌തോഭജനകമായ സ്ഥിതിവിശേഷത്തിലേക്കെത്തിച്ചിരിക്കുന്നു. അവിടെ ഭരണകൂട മെഷിനറികള്‍ മര്‍ദനോപാധിയാകുകയും നീതിപീഠം അവസരത്തിനൊത്ത് ഉയരുകയും ചെയ്യാതിരിക്കുമ്പോള്‍ രാജ്യം പിന്നെയും അരക്ഷിതമാകുകയാണ്. ജമ്മു കശ്മീരിന്റെ സവിശേഷ പദവി കേന്ദ്ര സര്‍ക്കാര്‍ റദ്ദാക്കിയതിനെ തുടര്‍ന്ന് സംസ്ഥാനം കലുഷിതമായപ്പോഴും യഥോചിതം ഇടപെടാന്‍ മടിച്ചുനിന്ന സുപ്രീം കോടതിയുടെ സമീപനം അന്താരാഷ്ട്ര തലത്തില്‍ തന്നെ വിമര്‍ശനം ക്ഷണിച്ചുവരുത്തുകയുണ്ടായി. ഐക്യരാഷ്ട്ര സഭയുടെ ഹ്യൂമന്‍ റൈറ്റ്‌സ് ഹൈക്കമ്മീഷണര്‍ നമ്മുടെ പരമോന്നത നീതിപീഠം അനാവശ്യ കാലവിളംബം വരുത്തിയതില്‍ പ്രതിഷേധിച്ചതും നാം കണ്ടു. മതനിരപേക്ഷ ഇന്ത്യയും അതിന്റെ ഭരണഘടനയും തകര്‍ക്കപ്പെടുക വഴി ദൈനംദിനം പ്രക്ഷുബ്ധമായിക്കൊണ്ടിരിക്കുന്ന രാജ്യത്ത് കോടതി മുറികള്‍ നീതിപക്ഷത്തുനിന്നുകൊണ്ട് പുലര്‍ത്തേണ്ട ജാഗ്രതയാണ് ഡല്‍ഹി ഹൈക്കോടതി മുറിയിലുയര്‍ന്ന ഷെയിം വിളികളുടെ ഉള്‍പ്പൊരുള്‍. അത് തിരിച്ചറിയാന്‍ നീതിപീഠത്തിന് ഇനിയും കഴിയാതെ വന്നാല്‍ രാജ്യം ഇരുളിലേക്ക് മറയും.