Connect with us

Kerala

ലോക കേരള സഭ: കേരളത്തിലെ കോണ്‍ഗ്രസ് നിലപാടിനെ തള്ളി രാഹുല്‍ ഗാന്ധി

Published

|

Last Updated

ന്യൂഡല്‍ഹി/തിരുവനന്തപുരം | ലോക കേരള സഭ പ്രതിപക്ഷം ബഹിഷ്‌കരിച്ചതിനിടെ വ്യത്യസ്ത നിലപാട് സ്വീകരിച്ച് കോണ്‍ഗ്രസ് എം പി. രാഹുല്‍ ഗാന്ധി. രാഷ്ട്ര വികസനത്തില്‍ നിര്‍ണായക പങ്കുള്ള പ്രവാസി കേരളീയരെ ഉള്‍പ്പെടുത്തി സംസ്ഥാന സര്‍ക്കാര്‍ സംഘടിപ്പിക്കുന്ന സഭയെ രാഹുല്‍ അഭിനന്ദിച്ചു. പ്രവാസി കേരളീയരെ ഒന്നിച്ചുകൊണ്ടുവരുന്ന ലോക കേരള സഭ മികച്ച വേദിയായി മാറുകയാണെന്ന് അഭിനന്ദന സന്ദേശത്തില്‍ അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രി പിണറായി വിജയനാണ് രാഹുലിന്റെ സന്ദേശം ട്വിറ്റിലൂടെ പുറത്തുവിട്ടത്. ലോക കേരള സഭ ധൂര്‍ത്തെന്ന് ആരോപിച്ച് പ്രതിപക്ഷം പരിപാടി ബഹിഷ്‌കരിച്ചതിനിടെയാണ് കോണ്‍ഗ്രസ് ദേശീയ നേതാവ് വിരുദ്ധ നിലപാടെടുത്തത്. രാഹുലിന് മുഖ്യമന്ത്രി നന്ദി അറിയിച്ചു.

രാഹുലിന്റെ സന്ദേശം:

“സംസ്ഥാനത്തിന്റെ പതാകവാഹകരായി എന്നും മാറിയ പ്രവാസി കേരളീയര്‍ക്ക് അഭിനന്ദനങ്ങള്‍. അവരെ ഒരുമിച്ച് ഒരു വേദിയില്‍ കൊണ്ടുവരാനും അവരുടെ സംഭാവനകള്‍ക്ക് വേണ്ട അംഗീകാരം നല്‍കാനും കഴിയുന്ന മികച്ച വേദിയാണ് ലോക കേരള സഭ. ഇന്ത്യയുടേത് മാത്രമല്ല, ലോകത്തെ പല രാജ്യങ്ങളിലും ദേശനിര്‍മാണത്തിന് നിസ്തുലമായ പങ്ക് വഹിച്ചവരാണ് മലയാളികള്‍. ആത്മസമര്‍പ്പണം കൊണ്ടും ലക്ഷ്യബോധം കൊണ്ടും ഏറെ പ്രശംസ ഏറ്റുവാങ്ങിയവര്‍. തലമുറകളായി അവര്‍ പല മേഖലകളിലും കഴിവ് തെളിയിക്കുന്നു. നാട്ടിലെ ലക്ഷോപലക്ഷം ജനങ്ങള്‍ക്കും അതിന്റെ ഗുണം കിട്ടുന്നു. കോസ്‌മോപൊളിറ്റന്‍ ആയി എന്നും വാഴ്ത്തപ്പെട്ട മലയാളി, പക്ഷേ നാടിനെ മറന്നവരല്ല. അവരെന്നും സ്വന്തം നാടിന്റെ സംസ്‌കാരത്തില്‍ വേരുകളുള്ളവരാണ്. പ്രവാസി മലയാളികളുടെ പല സംരംഭങ്ങളും നാടിന് വേണ്ടിയുള്ള അവരുടെ സമര്‍പ്പണമാണ്. ഈ നേട്ടങ്ങള്‍ ഇനിയും ആവര്‍ത്തിക്കാന്‍ കഴിയട്ടെ.”

കഴിഞ്ഞ വര്‍ഷം ലോക കേരള സഭയുമായി പ്രതിപക്ഷം സഹകരിച്ചിരുന്നു. പിന്നീട് ആന്തൂരിലെ പ്രവാസി സംരംഭകനായ സാജന്‍ ആത്മഹത്യ ചെയ്ത സംഭവത്തില്‍ പ്രതിഷേധിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല സഭയുടെ ഉപാധ്യക്ഷ സ്ഥാനം രാജിവച്ചു. പ്രവാസികള്‍ക്ക് ഒരു ഗുണവുമില്ലാത്ത ധൂര്‍ത്താണ് ലോക കേരള സഭയിലൂടെ സര്‍ക്കാര്‍ നടത്തുന്നതെന്നാണ് പ്രതിപക്ഷത്തിന്റെ ആരോപണം.

അതിനിടെ, ബി ജെ പിയും ലോക കേരള സഭ ബഹിഷ്‌കരിച്ചു. ബുധനാഴ്ച സമ്മേളനം തുടങ്ങിയപ്പോള്‍ മുഖ്യാതിഥി ആയിരുന്ന കേന്ദ്ര സഹ മന്ത്രിയും ബി ജെ പി നേതാവുമായ വി മുരളീധരന്‍ സമ്മേളനത്തില്‍ തുടര്‍ന്നു പങ്കെടുക്കുമെന്ന് വ്യക്തമാക്കിയിട്ടുണ്ട്.

---- facebook comment plugin here -----

Latest