Connect with us

Eranakulam

മരടിലെ ഫ്‌ളാറ്റ് പൊളിക്കല്‍; നിരാഹാര സമരം നടത്തുന്നവരുമായി മന്ത്രി ഇന്ന് ചര്‍ച്ച നടത്തും

Published

|

Last Updated

കൊച്ചി | മരടില്‍ അനധികൃതമായി നിര്‍മിച്ച ഫ്‌ളാറ്റ് പൊളിക്കാനുള്ള നടപടികള്‍ ജില്ലാ അധികൃതര്‍ ആരംഭിക്കാനിരിക്കെ, നിരാഹാരത്തിലുള്ള സമരക്കാരുമായി തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എ സി മൊയ്തീന്‍ ഇന്ന് ചര്‍ച്ച നടത്തും. അഡീഷണല്‍ ചീഫ് സെക്രട്ടറി, ജില്ലാ കലക്ടര്‍, പൊളിക്കല്‍ ചുമതലയുള്ള ഫോര്‍ട്ട് കൊച്ചി സബ് കലക്ടര്‍ സ്‌നേഹില്‍ കുമാര്‍, പരിസ്ഥിതി വകുപ്പ് ഡയറക്ടര്‍, മരട് നഗരസഭാ അധ്യക്ഷ എന്നിവരും സമര സമിതിക്ക് നേതൃത്വം നല്‍കുന്ന രണ്ടുപേരുമാണ് ചര്‍ച്ചയില്‍ പങ്കെടുക്കുക.
വൈകിട്ട് അഞ്ചരക്ക് തിരുവനന്തപുരത്താണ് ചര്‍ച്ച. നെട്ടൂരിലെ ആല്‍ഫാ സെറീന്‍ ഫ്‌ളാറ്റിന് ഇന്നലെ തുടങ്ങിയ നിരാഹാര സമരം ശക്തിപ്പെട്ടതോടെയാണ് മന്ത്രി എ സി മൊയ്തീന്‍ പ്രതിഷേധക്കാരുമായി ചര്‍ച്ചക്ക് തയാറാകുന്നത്.

ജനുവരി 11, 12 തീയതികളിലാണ് ഇവിടുത്തെ ഒരു ഇരട്ട സമുച്ചയമടക്കം അഞ്ച് ഫ്‌ളാറ്റ് കെട്ടിടങ്ങള്‍ പൊളിക്കാന്‍ തീരുമാനിച്ചിട്ടുള്ളത്. ഈ സമയക്രമത്തില്‍ മാറ്റമുണ്ടാകില്ലെന്ന് ജില്ലാ കലക്ടര്‍ എസ് സുഹാസ് വ്യക്തമാക്കിയിട്ടുണ്ട്.  ഫ്‌ളാറ്റുകള്‍ പൊളിക്കുന്നതിനായി സ്‌ഫോടക വസ്തുക്കള്‍ നിറയ്ക്കുന്ന സമയത്ത് ഹര്‍ത്താലിന് നെട്ടൂരിലെ വ്യാപാരികള്‍ ആഹ്വാനം ചെയ്തിട്ടുണ്ട്. അതിനിടെ, സ്‌ഫോടനത്തിന് 25ലേറെ സുരക്ഷാ മാനദണ്ഡങ്ങള്‍ മുന്‍നിര്‍ത്തി പെട്രോളിയം ആന്‍ഡ് എക്‌സ്‌പ്ലോസീവ് സേഫ്റ്റി ഓര്‍ഗനൈസേഷന്‍ സാങ്കേതിക അനുമതി നല്‍കിയിട്ടുണ്ട്.

Latest