Connect with us

National

ആശുപത്രിയിലുണ്ടായ തീപ്പിടിത്തത്തില്‍ നവജാത ശിശു മരിച്ച സംഭവം: ആറുപേര്‍ക്ക് സസ്‌പെന്‍ഷന്‍

Published

|

Last Updated

ജയ്പൂര്‍ | രാജസ്ഥാനില്‍ ആള്‍വാറിലെ സര്‍ക്കാര്‍ ആശുപത്രിയിലുണ്ടായ തീപ്പിടിത്തത്തില്‍ നവജാതു ശിശു പൊള്ളലേറ്റു മരിക്കാനിടയായ സംഭവത്തില്‍ മൂന്നു ഡോക്ടര്‍മാര്‍ ഉള്‍പ്പടെ ആറു പേരെ സസ്‌പെന്‍ഡ് ചെയ്തു. ഡോ. മഹേഷ് ശര്‍മ, മെഡിക്കല്‍ ഓഫീസര്‍ ഡോ. കെര്‍പാല്‍ സിംഗ്, നവജാത ശിശു ശുശ്രൂഷാ വിഭാഗത്തിലെ ഡോ. ശാരദ ശര്‍മ, നഴ്‌സുമാരായ ഭാരതി മീന, ഹേമലത, താര എന്നിവരെയാണ് സസ്‌പെന്‍ഡ് ചെയ്തത്. ഉത്തരവാദിത്ത നിര്‍വഹണത്തില്‍ വീഴ്ച വരുത്തിയെന്ന് അന്വേഷണത്തില്‍ കണ്ടെത്തിയതിനെ തുടര്‍ന്നാണ് ഇവര്‍ക്കെതിരെ നടപടി സ്വീകരിച്ചത്.

ആള്‍വാറിലെ കുട്ടികള്‍ക്കായുള്ള ഗീതാനന്ദ് സര്‍ക്കാര്‍ ആശുപത്രിയിലെ നവജാതശിശു ഇന്റന്‍സീവ് കെയര്‍ യൂനിറ്റിലാണ് ചൊവ്വാഴ്ച രാവിലെ തീപ്പിടിത്തമുണ്ടായത്. ഇവിടെയുണ്ടായിരുന്ന 15 ശിശുക്കളില്‍ 14 പേരെയും രക്ഷപ്പെടുത്താനായപ്പോള്‍ 22 ദിവസം പ്രായമായ പെണ്‍കുഞ്ഞിന് ഗുരുതരമായി പൊള്ളലേല്‍ക്കുകയായിരുന്നു. 70 ശതമാനം പൊള്ളലേറ്റ നിലയില്‍ ജയ്പൂരിലെ ജെ കെ ലോണ്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ച കുഞ്ഞ് പിന്നീട് മരിച്ചു.

ചൊവ്വാഴ്ച ഉച്ചക്കുശേഷം 2.30ഓടെ എത്തിച്ച കുഞ്ഞിന് ശ്വാസതടസ്സം അനുഭവപ്പെട്ടിരുന്നുവെന്നും ഇന്ന് രാവിലെ 10.20ഓടെ ഹൃദയാഘാതം മൂലം മരണം സംഭവിക്കുകയായിരുന്നുവെന്നും ജെ കെ ലോണ്‍ ആശുപത്രിയിലെ സൂപ്രണ്ട് ഡോ. അശോക് ഗുപ്ത പറഞ്ഞു.
ആശുപത്രി അധികൃതര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്നും പത്തു ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണമെന്നും കുഞ്ഞിന്റെ പിതാവ് രാഹുല്‍ ഗൗര്‍ ആവശ്യപ്പെട്ടിരുന്നു. സര്‍ക്കാര്‍ മാര്‍ഗനിര്‍ദേശ പ്രകാരമുള്ള നഷ്ടപരിഹാരം കുഞ്ഞിന്റെ ബന്ധുക്കള്‍ക്ക് നല്‍കുമെന്ന് ജില്ലാ കലക്ടര്‍ ഇന്ദര്‍ജീത് സിംഗ് വ്യക്തമാക്കി.

Latest