Connect with us

Gulf

വേര്‍പിരിക്കല്‍ സാധ്യതാ പരിശോധന; മൗറീഷ്യസില്‍ നിന്നുള്ള സംയോജിത ഇരട്ടകള്‍ സഊദിയിലെത്തി

Published

|

Last Updated

ദമാം | മൗറീഷ്യയില്‍ നിന്നുള്ള സംയോജിത ഇരട്ടകളായ മുഹമ്മദും-ഫാദിലും വേര്‍പിരിയല്‍ ശസ്ത്രക്രിയക്കായി സഊദിയിലെത്തി. തിരുഗേഹങ്ങളുടെ സൂക്ഷിപ്പുകാരനും സഊദി ഭരണാധികാരിയുമായ സല്‍മാന്‍ രാജാവിന്റെയും കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്റെയും നിര്‍ദേശ പ്രകാരമാണ് തുടര്‍ ചികിത്സക്കായി തലസ്ഥാനമായ റിയാദിലെത്തിയിരിക്കുന്നത്. റിയാദിലെ കിംഗ് സല്‍മാന്‍ വ്യോമസേനാ വിമാനത്താവളത്തിലെത്തിയ കുട്ടികളെ കിംഗ് അബ്ദുല്ല ചില്‍ഡ്രന്‍സ് സ്‌പെഷ്യലിസ്റ്റ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കുട്ടികളോടൊപ്പം മാതാപിതാക്കളും റിയാദിലെത്തിയിട്ടുണ്ട്.

വിദഗ്ധ മെഡിക്കല്‍ ടീമുകളുടെ നേതൃത്വത്തില്‍ കുട്ടികളുടെ വേര്‍പിരിയല്‍ സാഹചര്യം പഠിച്ച ശേഷമാവും ശസ്ത്രക്രിയയും തുടര്‍ ചികിത്സയും ലഭ്യമാക്കുക. തുടര്‍ ചികിത്സക്കായി സല്‍മാന്‍ രാജാവും കിരീടാവകാശിയും നല്‍കിയ ആതിഥ്യമര്യാദയും വളരെയധികം പ്രശംസനീയമാണെന്ന് മൗറിറ്റാനിയയിലെ മെഡിക്കല്‍ സംഘവും കുട്ടികളുടെ കുടുംബാംഗങ്ങളും പറഞ്ഞു. റിയാദിലേക്ക് തുടര്‍ ചികിത്സക്കായി എത്തുന്നതിനുള്ള നടപടിക്രമങ്ങള്‍ വളരെ വേഗത്തില്‍ പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞതായും അല്ലാഹുവിനെ സ്തുതിക്കുന്നതായും കിംഗ് സല്‍മാന്‍ സെന്റര്‍ ഫോര്‍ റിലീഫ് ആന്‍ഡ് ഹ്യൂമാനിറ്റേറിയനിലെ റോയല്‍ കോര്‍ട്ട് ജനറല്‍ സൂപ്പര്‍വൈസറിലെ ഉപദേശകനായ സഊദി മെഡിക്കല്‍ സംഘം മേധാവി ഡോ. അബ്ദുല്ല അല്‍ റബിയ പറഞ്ഞു.

Latest