Connect with us

Organisation

പൗരത്വ ഭേദഗതി: കേന്ദ്രസർക്കാർ ഉരുണ്ടുകളിക്കുന്നു: കാന്തപുരം

Published

|

Last Updated

തിരുവനന്തപുരം | പൗരത്വ ഭേദഗതി നിയമവുമായി ബന്ധപ്പെട്ട് കേന്ദ്ര സർക്കാർ ഉരുണ്ടുകളിക്കുകയാണെന്നും ഏറ്റവും വലിയ പീഡനമനുഭവിക്കുന്ന മുസ്‌ലിംകളായ റോഹിംഗ്യൻ അഭയാർഥികളെ തള്ളി ഏത് മതന്യൂനപക്ഷങ്ങൾക്കാണ് അഭയം നൽകുന്നതെന്ന് കേന്ദ്രസർക്കാർ വ്യക്തമാക്കണമെന്നും ഇന്ത്യൻ ഗ്രാൻഡ് മുഫ്തി കാന്തപുരം എ പി അബൂബക്കർ മുസ്‌ലിയാർ പറഞ്ഞു. ദുരിതമനുഭവിക്കുന്നവർക്ക് അഭയം നൽകുന്നതിൽ തെറ്റില്ല. എന്നാൽ ഇതിൽ മുസ്‌ലിംകളെ ഉൾപ്പെടുത്തിയാൽ എന്താണ് തെറ്റ്. ജാമിഅ മർകസ് 43ാം വാർഷിക സമ്മേളനത്തിന്റെ സംസ്ഥാനതല പ്രചാരണോദ്ഘാടന സമ്മേളനത്തിൽ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു കാന്തപുരം.

അയൽ രാജ്യത്ത് പീഡനം അനുഭവിക്കുന്ന റോഹിംഗ്യൻ മുസ്‌ലിംകൾക്ക് അഭയം നൽകാതെ അവരെ തിരിച്ചയക്കാൻ കോടതി കയറുന്ന സർക്കാറാണ് ഇതര രാജ്യങ്ങളിലെ മതന്യൂനപക്ഷങ്ങളുടെ പീഡനത്തെ കുറിച്ച് സംസാരിക്കുന്നത്. പൗരത്വ നിയമത്തിനായി സർക്കാർ ഉന്നയിക്കുന്ന വാദങ്ങൾ ബാലിശവും വാസ്തവ വിരുദ്ധവുമാണ്. റോഹിംഗ്യൻ മുസ്‌ലിംകൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ഐക്യരാഷ്ട്ര സഭ കഴിഞ്ഞ ദിവസം പ്രമേയം പാസ്സാക്കി. അത്തരം പീഡിത വിഭാഗങ്ങൾ അടക്കമുള്ള മുസ്‌ലിംകളെ പുറത്താക്കി മറ്റുള്ള മതവിഭാഗങ്ങൾക്ക് പൗരത്വം നൽകുന്ന നിയമം ലോകത്ത് ഇന്ത്യയുടെ ഖ്യാതിക്ക് വലിയതോതിൽ പരുക്കേൽപ്പിച്ചിരിക്കുന്നു. നമ്മുടെ മതേതര സ്വഭാവം നിലനിർത്താനും ഭരണഘടനയെ സംരക്ഷിക്കാനും നടത്തുന്ന സമാധാന പരമായ സമരങ്ങൾ തുടരണം. ഇക്കാര്യത്തിൽ കേരളത്തിലെ ഭരണപക്ഷവും പ്രതിപക്ഷവും നടത്തുന്ന സമരങ്ങൾ മാതൃകാപരമാണെന്ന് കാന്തപുരം പറഞ്ഞു.
43 വർഷത്തിനിടെ രാജ്യത്തെ എല്ലാ വിഭാഗം മനുഷ്യർക്കും വൈജ്ഞാനികമായും സാമൂഹിക ക്ഷേമപരമായും ബൃഹത്തായ സംഭാവനകൾ നൽകിയ സ്ഥാപനമാണ് മർകസ്.

ജനങ്ങൾക്കിടയിൽ ഒരുമയും വ്യത്യസ്ത മതവിഭാഗങ്ങൾക്കിടയിൽ സഹവർത്തിത്വവും ഉണ്ടാക്കുന്നതിൽ മർകസ് വലിയ പങ്കുവഹിച്ചു. 2020 ജനുവരി ഒന്ന് സംസ്ഥാനത്താകെ നടക്കുന്ന മർകസ് ദിനത്തിന്റെ പ്രഖ്യാപനവും കാന്തപുരം നിർവഹിച്ചു.
മന്ത്രി കടന്നപ്പള്ളി രാമചന്ദ്രൻ ഉദ്ഘാടനം ചെയ്തു. വിദ്യാഭ്യാസ രംഗത്ത് മർകസ് നടത്തിയ മാറ്റം കേരളത്തിന്റെ സമൂലമായ വികസനത്തിന് സഹായകമായതാണെന്ന് അദ്ദേഹം പറഞ്ഞു. സമ്മേളനത്തിന്റെ ഭാഗമായി രാജ്യത്താകെ പത്ത് ലക്ഷം വൃക്ഷത്തൈ നടുന്ന “മില്യൺ ട്രീസ്” ക്യാമ്പയിനിന്റെ സംസ്ഥാന തല ഉദ്ഘാടനം തിരുവനന്തപുരം മേയർ വി കെ ശ്രീകുമാർ നിർവഹിച്ചു. “സുസ്ഥിര സമൂഹം സുഭദ്ര രാഷ്ട്രം” എന്ന സമ്മേളന പ്രമേയം വിശദീകരിച്ച് മർകസ് ജനറൽ മാനേജർ സി മുഹമ്മദ് ഫൈസി സംസാരിച്ചു. ഹൈദ്രോസ് ഫൈസി കൊല്ലം പ്രാർഥന നടത്തി. സയ്യിദ് മുഹമ്മദ് തുറാബ് സഖാഫി ആമുഖ പ്രഭാഷണം നടത്തി. എ സൈഫുദ്ദീൻ ഹാജി, ഡോ. മുഹമ്മദ് ഫാറൂഖ് നഈമി കൊല്ലം, സിദ്ദീഖ് സഖാഫി നേമം, അബ്ദുർറഹ്്മാൻ സഖാഫി വിഴിഞ്ഞം പ്രസംഗിച്ചു.