Connect with us

Eranakulam

പൗരത്വ ഭേദഗതി നിയമം: നാളെ കൊച്ചിയിൽ പ്രതിഷേധ റാലി

Published

|

Last Updated

കൊച്ചി | പൗരത്വ രജിസ്റ്റർ, പൗരത്വ ഭേദഗതി നിയമം എന്നിവ പിൻവലിക്കണമെന്നാവശ്യപ്പെട്ട് മുസ്‌ലിം സംഘടനകളുടെ കോ- ഓർഡിനേഷൻ കമ്മിറ്റി സംഘടിപ്പിക്കുന്ന സംയുക്ത പ്രതിഷേധ റാലിയും സമര പ്രഖ്യാപന കൺവെൻഷനും നാളെ എറണാകുളം മറൈൻ ഡ്രൈവിൽ നടക്കും. വൈകുന്നേരം മൂന്നിന് വിവിധ മഹല്ല് കമ്മിറ്റികളുടെ നേതൃത്വത്തിലുള്ള ചെറു ജാഥകൾ ജവഹർലാൽ നെഹ്‌റു സ്‌റ്റേഡിയത്തിൽ നിന്ന് സമ്മേളന നഗരിയായ മറൈൻ ഡ്രൈവിലേക്ക് പുറപ്പെടും. വിവിധ മുസ്‌ലിം സംഘടനകൾ സംയുക്തമായി നടത്തുന്ന പ്രതിഷേധത്തിൽ ജനലക്ഷങ്ങൾ പങ്കെടുക്കുമെന്ന് സ്വാഗതസംഘം ചെയർമാൻ ടി എച്ച് മുസ്തഫയും ജനറൽ കൺവീനറർ വി കെ ഇബ്റാഹീം കുഞ്ഞ് എം എൽ എയും വാർത്താ സമ്മേളനത്തിൽ പറഞ്ഞു.

സമര പ്രഖ്യാപന കൺവെൻഷനിൽ പ്രമുഖ അഭിഭാഷകൻ പ്രശാന്ത് ഭൂഷൺ, ദലിത് ആക്‌ടിവിസ്റ്റ് ജിഗ്‌നേഷ് മേവാനി മുഖ്യാതിഥികളായി പങ്കെടുക്കും. പാണക്കാട് ഹൈദറലി ശിഹാബ് തങ്ങൾ സമ്മേളനം ഉദ്ഘാടനം ചെയ്യും.
വിവിധ സംഘടനാ നേതാക്കളായ കാന്തപുരം എ പി അബൂബക്കർ മുസ്‌ലിയാർ, പ്രൊഫ. കെ ആലിക്കുട്ടി മുസ്‌ലിയാർ, ടി പി അബ്ദുല്ല കോയ മദനി, ചേലക്കുളം അബുൽ ബുശ്റ മൗലവി, എം ഐ അബ്ദുൽ അസീസ്, സി പി ഉമർ സുല്ലമി, ടി കെ അശ്റഫ്, ഹമീദ് വാണിയമ്പലം, നജീബ് മൗലവി, ഡോ. ഫസൽ ഗഫൂർ, കെ പി എ മജീദ്, എം പിമാരായ പി കെ കുഞ്ഞാലിക്കുട്ടി, ബെന്നി ബെഹനാൻ, ഹൈബി ഈഡൻ, എ എം ആരിഫ്, എം എൽ എമാർ സമ്മേളനത്തെ അഭിസംബോധന ചെയ്യും.

പൗരത്വ നിയമം പിൻവലിക്കാൻ സർക്കാർ തയ്യാറായില്ലെങ്കിൽ ജനാധിപത്യ രീതിയിൽ കൂടുതൽ പ്രക്ഷോഭ പരിപാടികളിലേക്ക് കോ-ഓർഡിനേഷൻ കമ്മിറ്റി നീങ്ങുമെന്നും ഭാരവാഹികൾ അറിയിച്ചു.

Latest