Connect with us

Kerala

സംസ്ഥാന പോലീസിന്റെ കൂറ് നാഗ്പൂരിലല്ലെന്നു മുഖ്യമന്ത്രി തെളിയിക്കണം: ഷാഫി പറമ്പില്‍ എംഎല്‍എ

Published

|

Last Updated

തിരുവനന്തപുരം  | പൗരത്വഭേദഗതി നിയമത്തിനെതിരെയുള്ള പ്രമേയത്തെ പിന്തുണച്ചുകൊണ്ട് നിയമസഭയില്‍ നടത്തിയ പ്രസംഗത്തിനിടെ സംസ്ഥാന പോലീസിനെതിരെ കോണ്‍ഗ്രസ് എംഎല്‍എ ഷാഫി പറമ്പില്‍. സംസ്ഥാനത്തെ പോലീസിന്റെ കൂറ് നാഗ്പൂരില്‍ അല്ലെന്ന് തെളിയിക്കേണ്ട ഉത്തരവാദിത്തം മുഖ്യമന്ത്രിക്കുണ്ടെന്ന് അദ്ദേഹം പ്രസംഗത്തിനിടയില്‍ ഓര്‍മ്മിപ്പിച്ചു. യു എ പി എയും എന്‍ ഐ എയും അനാവശ്യമായി നാട്ടിലേക്ക് വലിച്ചിഴക്കുന്ന സാഹചര്യങ്ങള്‍ ഒഴിവാക്കണമെന്നുംഷാഫി പറമ്പില്‍ പറഞ്ഞു

എല്ലാ മതസ്ഥരെയും ഉള്‍ക്കൊള്ളുന്ന ഭാരതീയന്റെ വിശുദ്ധ ഗ്രന്ഥം ഇന്ത്യയുടെ ഭരണഘടനയാണ്. ഇതിനെ തകര്‍ക്കാനും ഇതിന്റെ മൂല്യങ്ങളെ വേരോടെ പിഴുതെറിയാനും ഭരണകൂടം നടത്തുന്ന ശ്രമങ്ങളെ ഒറ്റവാക്കില്‍ വിശേഷിപ്പിക്കണ്ടേത് ഫാസിസമെന്നാണെങ്കില്‍ അതിനെ ചെറുക്കാന്‍ എല്ലാവര്‍ക്കും ബാധ്യതയുണ്ട്. ആ പോരാട്ടത്തിന്റെ മുന്‍പന്തിയില്‍ കേരളമുണ്ടായിരിക്കുമെന്നും ഷാഫി പറമ്പില്‍ പറഞ്ഞു.

ലോകത്തിലെ മുഴുവന്‍ പത്രങ്ങളും ഇന്ത്യയുടെ ഇപ്പോഴത്തെ അവസ്ഥയില്‍ ആശങ്ക പ്രകടിപ്പിച്ചിരിക്കുകയാണ്. എല്ലാ വൈവിധ്യങ്ങള്‍ക്കിടയിലും ഒന്നിച്ച് ജീവിക്കാന്‍ കഴിയുന്നതിന്റെ പേരിലാണ് ഇന്ത്യ ലോകത്തെ വിസ്മയിപ്പിച്ചുക്കൊണ്ടിരുന്നത്. അല്ലാതെ മതവര്‍ഗീയതയുടെ പേരിലല്ലായിരുന്നു. എന്നാല്‍ ഇന്ന് മതം പൗരത്വത്തിന് മാനദണ്ഡമാകുന്ന നാണംകെട്ട അവസ്ഥയിലെത്തിയിരിക്കുകയാണ്.

രാജ്യസ്‌നേഹികളെയും കപടരാജ്യസ്‌നേഹികളെയും രണ്ട് കത്തിലൂടെ തിരിച്ചറിഞ്ഞിട്ടുണ്ടെന്ന് പറഞ്ഞ ഷാഫി പറമ്പില്‍, സവര്‍ക്കറുടെ മാപ്പ് അപേക്ഷിച്ചുകൊണ്ടുള്ള കത്തും ഭഗത് സിംഗിന്റെ തൂക്കുകയര്‍ സ്വാഗതം ചെയ്തുകൊണ്ടുള്ള കത്തും സഭയില്‍ വായിച്ചു. സവര്‍ക്കരെ പിന്‍പറ്റുന്നവര്‍ തങ്ങളെ രാജ്യസ്‌നേഹം പഠിപ്പിക്കാന്‍ വരേണ്ടെന്നും ഷാഫി പറമ്പില്‍ പറഞ്ഞു.

Latest