Connect with us

National

സൈനിക ബാരക്കുകളില്‍ കുട്ടിക്കാലം; ഒടുവില്‍ സംയുക്ത സൈനിക മേധാവി

Published

|

Last Updated

ന്യൂഡല്‍ഹി | കുട്ടിക്കാലം തൊട്ട് തന്നെ സൈനികര്‍ക്കൊപ്പമായിരുന്നു ജനറല്‍ ബിപിന്‍ റാവത്തിന്റെ ജീവിതം. തലമുറകളായി സൈനിക സേവനമനുഷ്ടിച്ചുവരുന്ന ഉത്തരാഖണ്ഡിലെ രജപുത്ര കുടുംബത്തില്‍ പിറന്ന അദ്ദേഹത്തിന്റെ ബാല്യവും കൗമാരവുമെല്ലാം പട്ടാള ബാരക്കുകളിലായിരുന്നു. പിതാവിന്റെയും പിതാമഹാന്‍മാരുടെയും പാത പിന്തുടര്‍ന്ന് രാജ്യ സേവനത്തിനിറങ്ങിയ അദ്ദേഹം ഒടുവില്‍ ഇന്ത്യയുടെ ആദ്യ സംയുക്ത സൈനിക മേധാവി പദവിയിലെത്തി നില്‍ക്കുകയാണ്. കരസേനയുടെ 27ാമത് തലവനായി വിരമിച്ച് തൊട്ടടുത്ത ദിവസം തന്നെ അതിനേക്കാള്‍ പ്രോജ്ജ്വലമായ പദവിയിലാണ് ബിപിന്‍ റാവത്ത് അവരോധിതനാകുന്നത്. നിലവിലെ ചീഫ്‌സ് ഓഫ് ഡിഫന്‍സ് സ്റ്റാഫ് കമ്മിറ്റിയുടെ ചെയര്‍മാനും ജനറല്‍ ബിപിന്‍ റാവത്ത് തന്നെയാണ്.

ഉത്തരാഖണ്ഡിലെ ടോളി ഗഡ്‌വാള്‍ ജില്ലയിലെ പുരിയിലാണ് റാവത്തിന്റെ ജനനം. പിതാവ് കരസേനാ ലെഫ്റ്റനന്റ് ജനറല്‍ ലക്ഷ്മണ്‍ സിങ്ങ് റാവത്തില്‍ നിന്നാണ് സൈനിക സേവനത്തിലേക്കുള്ള വഴി തെളിയുന്നത്. സിംലയിലെ സെന്റ് എഡ്വേര്‍ഡ്‌സ് സ്‌കൂളില്‍ നിന്നായിരുന്നു പ്രാഥമിക വിദ്യാഭ്യാസം. തുടര്‍ന്ന് ഖഡക് വാസ്‌ലയിലെ നാഷണല്‍ ഡിഫന്‍സ് അക്കാദമി, ഡെറാഡൂണിലെ ഇന്ത്യന്‍ മിലിറ്ററി അക്കാദമി എന്നിവിടങ്ങളിലായി പട്ടാള പരിശീലനം പൂര്‍ത്തിയാക്കിയ റാവത്ത്, അക്കാദമിയില്‍ നിന്ന് “സ്വോര്‍ഡ് ഓഫ് ഓണര്‍” നേടിയാണ് പാസ് ഔട്ട് ആയത്.

വെല്ലിംഗ്ടണിലെ ഡിഫന്‍സ് സ്റ്റാഫ് കോളേജില്‍ നിന്ന് ബിരുദം നേടിയ റാവത്ത്, തുടര്‍ന്ന് കാന്‍സാസിലെ അമേരിക്കന്‍ സൈനിക കോളേജില്‍ നിന്ന് ഹയര്‍ കമാന്‍ഡ് കോഴ്‌സും പൂര്‍ത്തിയാക്കി. ഇതിനു പുറമെ ഡിഫന്‍സ് സ്റ്റഡീസില്‍ എം ഫിലും, മാനേജ്‌മെന്റില്‍ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും അദ്ദേഹം നേടിയിട്ടുണ്ട്. 1978 ല്‍ റാവത്ത് ആദ്യമായി കമ്മീഷന്‍ ചെയ്യപ്പെട്ടത് ഇന്ത്യന്‍ കരസേനയുടെ 11 ഗൂര്‍ഖ റൈഫിള്‍സിന്റെ അഞ്ചാം ബറ്റാലിയനിലേക്കാണ്. അച്ഛന്‍ ലെഫ്റ്റനന്റ് ജനറലായിരുന്ന അതെ യൂണിറ്റില്‍ തന്നെ.

ഹിമാലയ മലനിരകളിലെ അതീവ ദുഷ്‌കരമായ മേഖലകളില്‍ അദ്ദേഹം അടുത്ത പത്തുവര്‍ഷത്തോളം കാലം ഭീകരര്‍ക്കെതിരെ പോരാടി. ജമ്മു കശ്മീരിലെ ഉറിയില്‍ ഒരു കമ്പനിയുടെ കമാണ്ടര്‍ ആയിരുന്നു. തുടര്‍ന്ന് കിബിതുവിലെ ലൈന്‍ ഓഫ് ആക്ച്വല്‍ കണ്‍ട്രോളില്‍ ഈസ്റ്റേണ്‍ സെക്ടറിലെ ഇന്‍ഫന്‍ട്രി ബറ്റാലിയന്‍ അദ്ദേഹം നയിച്ചു. പിന്നീട് പൂനെയില്‍ സതേണ്‍ കമാണ്ടിന്റെ കമാണ്ടര്‍ ഇന്‍ ചീഫ് ആയിരുന്നു. ഇന്ത്യന്‍ മിലിട്ടറി അക്കാദമിയില്‍ കുറച്ചു കാലം സ്റ്റാഫ് അസൈന്മെന്റിലും അദ്ദേഹം സേവനമനുഷ്ഠിക്കുകയുണ്ടായി.

കോംഗോ, മ്യാന്മാര്‍, വിയത്‌നാം, ബംഗ്‌ളാദേശ് തുടങ്ങി പല വിദേശരാജ്യങ്ങളിലും സേവനമനുഷ്ഠിച്ചിട്ടുള റാവത്ത് പരം വിശിഷ്ട സേവാ മെഡല്‍, ഉത്തം യുദ്ധ സേവാ മെഡല്‍, അതിവിശിഷ്ട സേവാ മെഡല്‍ തുടങ്ങിയ നിരവധി അംഗീകാരങ്ങള്‍ നേടിയിട്ടുണ്ട്. ദിമാപുരില്‍ ഹെഡ്ക്വാര്‍ട്ടേഴ്‌സ് 3 കോര്‍പ്‌സില്‍ കമാണ്ടര്‍ ആയിരുന്നപ്പോള്‍ ഒരു ഹെലികോപ്റ്റര്‍ അപകടത്തില്‍ നിന്ന് അവിശ്വസനീയമാം വിധം അദ്ദേഹം രക്ഷപ്പെട്ടിരുന്നു.

2016 ല്‍ കേന്ദ്ര സര്‍ക്കാര്‍ ജനറല്‍ ബിപിന്‍ റാവത്തിനെ ചീഫ് ഓഫ് ആര്‍മി സ്റ്റാഫ് ആയി നിയമിച്ചു. ഭീകരവാദ വിരുദ്ധപോരാട്ടങ്ങളിലും, നുഴഞ്ഞുകയറ്റക്കാര്‍ക്കെതിരെയുള്ള ഓപ്പറേഷനുകളിലും റാവത്തിനുണ്ടായിരുന്ന പരിചയവും മികച്ച ട്രാക്ക് റെക്കോര്‍ഡുമാണ് അന്ന് അദ്ദേഹത്തെ ഈ നേട്ടത്തിനര്‍ഹനാക്കിയത്.

സര്‍ജിക്കല്‍ സ്‌ട്രൈക്കുകളുടെ മാസ്റ്റര്‍ എന്നാണ് അദ്ദേഹം വിശേഷിപ്പിക്കപ്പെട്ടിരുന്നത്. 2016 ല്‍ വൈസ് ചീഫ് ഓഫ് ആര്‍മി സ്റ്റാഫ് ആയി സ്ഥാനമേറ്റെടുത്ത ഉടനെയാണ് 2016 സെപ്തംബറിലെ ഒന്നാം സര്‍ജിക്കല്‍ സ്‌ട്രൈക്ക് നടക്കുന്നത്. അന്ന് അതിന്റെ ചുക്കാന്‍ പിടിച്ചത് ബിപിന്‍ റാവത്ത് നേരിട്ടായിരുന്നു.

Latest