Connect with us

International

ഈജിപ്ത് എയര്‍ബസ് തകര്‍ച്ചക്കു കാരണം കോക്ക്പിറ്റിലെ ഓക്‌സിജന്‍ ചോര്‍ന്നത്; അന്വേഷണ റിപ്പോര്‍ട്ട് പുറത്ത്

Published

|

Last Updated

പാരീസ് | 2016 ല്‍ ഈജിപ്ഷ്യന്‍ എയര്‍ബസ് എ 320 കിഴക്കന്‍ മെഡിറ്ററേനിയന്‍ കടലില്‍ തകര്‍ന്നതിന്റെ കാരണം കോക്ക്പിറ്റിലെ ഓക്‌സിജന്‍ ചോര്‍ന്നത് മൂലമെന്ന് റിപ്പോര്‍ട്ട്. ഓക്‌സിജന്‍ ചോര്‍ന്നതിനെ തുടര്‍ന്ന്
കോക്ക്പിറ്റിലുണ്ടായ തീപ്പിടിത്തമാണ് അപകട കാരണമെന്ന് വ്യക്തമാക്കുന്ന ഫ്രഞ്ച് ജുഡീഷ്യല്‍ അന്വേഷണ സംഘത്തിന്റെ റിപ്പോര്‍ട്ടുകളാണ് പുറത്തു വന്നത്. 2016 മെയ് 19 ന് പാരീസില്‍ നിന്ന് കെയ്റോയിലേക്ക് പുറപ്പെട്ട ഈജിപ്ത് എയര്‍ബസാണ് കിഴക്കന്‍ മെഡിറ്ററേനിയന്‍ കടലില്‍ തകര്‍ന്നു വീണത്. അപകടത്തില്‍ വിമാനത്തിലുണ്ടായിരുന്ന 56 യാത്രക്കാരും ഏഴ് ക്രൂ അംഗങ്ങളും മൂന്ന് ഈജിപ്ഷ്യന്‍ സുരക്ഷാ ഉദ്യോഗസ്ഥരുമുള്‍പ്പെടെ 66 പേര്‍ മരിച്ചിരുന്നു.

പാരീസ് ചാള്‍സ് ഡി ഗല്ലെ വിമാനത്താവളത്തില്‍ നിന്ന് പുറപ്പെട്ട വിമാനം കെയ്റോ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ പ്രാദേശിക സമയം 03:15 നാണ് ഇറങ്ങാന്‍ ഷെഡ്യൂള്‍ ചെയ്തിരുന്നത്. ഗ്രീക്ക് വ്യോമാതിര്‍ത്തിയില്‍ പ്രവേശിച്ച ശേഷം കിയ ദ്വീപിനു മുകളിലൂടെ പറക്കുമ്പോള്‍ വിമാനം ഗ്രീക്ക് എയര്‍ ട്രാഫിക് കണ്‍ട്രോള്‍ റൂമുമായി ബന്ധപ്പെട്ടിരുന്നു. പുലര്‍ച്ചെ ടോയ്ലറ്റില്‍ ജി എം ടി പുക കണ്ടെത്തിയതായി എ സി ആര്‍ എസ് റിപ്പോര്‍ട്ടിംഗ് സിസ്റ്റം വഴി എയര്‍ലൈനിലേക്ക് മടക്കി അയച്ച ഡാറ്റയില്‍ പറയുന്നുണ്ട്. ഗ്രീക്ക് വ്യോമാതിര്‍ത്തിയില്‍ നിന്ന് പുറപ്പെടുന്നതിന് മുമ്പ് കണ്‍ട്രോളറുകള്‍ വിമാനവുമായി ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും വിമാനത്തില്‍ നിന്നും പ്രതികരണമുണ്ടായില്ല. അല്‍പ സമയത്തിനകം ഗ്രീക്ക് റഡാറില്‍ നിന്ന് അപ്രത്യക്ഷമാവുകയായിരുന്നു. വിമാനം ഒരുഘട്ടത്തിലും ഗതിയില്‍ നിന്ന് വ്യതിചലിച്ചിരുന്നില്ലെന്ന് ഈജിപ്തിലെ സ്റ്റേറ്റ് നാവിഗേഷന്‍ സേവന ദാതാവിന്റെ തലവന്‍ ഇഹാബ് അസ്മി പറഞ്ഞു.

അപകടത്തില്‍ തകര്‍ന്ന വിമാനത്തിന്റെ അവശിഷ്ടങ്ങള്‍ ഈജിപ്ഷ്യന്‍ നഗരമായ അലക്‌സാണ്ട്രിയയില്‍ നിന്ന് 290 കിലോമീറ്റര്‍ വടക്കുള്ള മെഡിറ്ററേനിയന്‍ കടലില്‍ നിന്ന് കണ്ടെത്തിയിരുന്നു. മുപ്പത് ഈജിപ്തുകാര്‍, പതിനഞ്ച് ഫ്രഞ്ചുകാര്‍, രണ്ട് ഇറാഖികള്‍, ബ്രിട്ടന്‍, കുവൈത്ത്, സഊദി, സുഡാന്‍, ഛാഡ്, പോര്‍ച്ചുഗീസ്, ബെല്‍ജിയം, അള്‍ജീരിയ, കനേഡിയ എന്നിവിടങ്ങളില്‍ നിന്നുള്ള ഓരോ പൗരനുമായിരുന്നു തകര്‍ന്ന വിമാനത്തിലെ യാത്രക്കാര്‍. ഇവരില്‍ മൂന്നുപേര്‍ കുട്ടികളും, രണ്ടുപേര്‍ പിഞ്ചുകുഞ്ഞുങ്ങളുമായിരുന്നു. ക്യാപ്റ്റന്‍ മുഹമ്മദ് ഷക്കീര്‍, മുഹമ്മദ് അസെമിന്‍ എന്നിവരായിരുന്നു വിമാനം പറത്തിയിരുന്നത്. തിരച്ചിലിനിടെ കോക്ക്പിറ്റ് വോയ്സ് റെക്കോര്‍ഡറും ഫ്‌ളൈറ്റ് ഡാറ്റ റെക്കോര്‍ഡറും കണ്ടെത്തിയിരുന്നു.

അന്വേഷണത്തില്‍ പുകയുടെ സാന്നിധ്യം ഡാറ്റാ റെക്കോര്‍ഡര്‍ സ്ഥിരീകരിക്കയായിരുന്നു. വോയ്സ് റെക്കോര്‍ഡര്‍ കോക്ക്പിറ്റില്‍ തീപ്പിടിത്തത്തെക്കുറിച്ചുള്ള സംഭാഷണവും സംഘത്തിന് ലഭിച്ചു. മെഡിറ്ററേനിയന്‍ കടലിലെ ഏറ്റവും ആഴമേറിയ ഭാഗത്താണ് എം എസ് 804 ഫ്‌ളൈറ്റ് വിമാനം തകര്‍ന്നു വീണത്. 9,800 അടിയാണ് ഈ ഭാഗത്തെ ആഴം. തിരച്ചില്‍ ആരംഭിച്ച് ദിവസങ്ങള്‍ക്ക് ശേഷമാണ് വിമാനത്തിന്റെ അവശിഷ്ടങ്ങളും യാത്രക്കാരുടെ ശരീരഭാഗങ്ങളും കണ്ടെത്തിയത്. ലൈഫ് ജാക്കറ്റ്, തുണിക്കഷ്ണങ്ങള്‍, ലോഹ ശകലങ്ങള്‍ എന്നിവയുള്‍പ്പെടെയുള്ള അവശിഷ്ടങ്ങളുടെ ചിത്രങ്ങള്‍ സൈന്യം പുറത്തുവിടുകയും ചെയ്തിരുന്നു. വിമാനത്തിന്റെ അവശിഷ്ടങ്ങളില്‍ നിന്ന് സ്ഫോടകവസ്തുക്കള്‍ കണ്ടെത്തിയതായി ഈജിപ്തിലെ വ്യോമയാന മന്ത്രാലയം 2016 ഡിസംബറില്‍ പറഞ്ഞിരുന്നു.