നിർവികാരമായ ജയിൽ

കുറ്റകൃത്യങ്ങൾക്ക് സ്ത്രീയെന്നോ പുരുഷനെന്നോ ഭേദമില്ല. എന്നാൽ, സ്ത്രീ ഏറെ സഹിക്കും. ഏറ്റവും അവസാനമേ അവർ കുറ്റകൃത്യത്തിന്റെ വഴി തിരഞ്ഞെടുക്കൂ. തിരഞ്ഞെടുത്താൻ അത് "പക്കാ' ആയിരിക്കും. സമൂഹം കുറ്റകൃത്യം ഒരുക്കിവെക്കുന്നു, കുറ്റവാളി അത് നിർവഹിക്കുന്നു എന്ന ആപ്തവാക്യം കൃത്യമാണെന്നാണ് ജയിലനുഭവങ്ങളെ സാക്ഷിയാക്കിയുള്ള സൂപ്രണ്ടിന്റെ വാക്കുകൾ....
Posted on: December 30, 2019 3:08 pm | Last updated: December 30, 2019 at 3:08 pm

കൂടത്തായി കൂട്ടക്കൊലക്കേസും അതിലെ പ്രതി ജോളിയും വാർത്തകളിൽ നിന്നു സാവധാനം പിൻമാറിക്കഴിഞ്ഞു. ഇനി വിചാരണകൾക്കിടയിലോ ശിക്ഷാ വിധിക്കിടയിലോ മാത്രമായിരിക്കാം അവർ വാർത്തയിൽ പ്രത്യക്ഷപ്പെടുക. പിന്നെയുള്ള ഒരു സാധ്യത കൂടത്തായി മോഡൽ കൊല എന്ന പേരിൽ മറ്റു സംഭവങ്ങൾ സൃഷ്ടിക്കപ്പെട്ടേക്കാം എന്നതാണ്.
സ്ത്രീകൾ കുറ്റകൃത്യങ്ങളിൽ പ്രതിസ്ഥാനത്ത് എത്തുമ്പോൾ അതിന് താരതമ്യേന വലിയ പ്രാധാന്യം കൈവരുന്നു. വിചാരണാ തടവുകാരിയായി ജോളി കോഴിക്കോട് ജില്ലാ ജയിലിലുണ്ട്. ഇരുളിൽ മനുഷ്യരെ തലക്കടിച്ചുകൊന്നു ഭീതി പരത്തിയ റിപ്പർ ചന്ദ്രനു ശേഷം നാടു നടുങ്ങിയ കൊലപാതക പരമ്പരയിലെ പ്രതി എന്ന നിലയിൽ ജോളി എത്തിച്ചേർന്നപ്പോഴും ജയിൽ എന്ന സ്ഥാപനത്തിന് പ്രത്യേകിച്ച് ഒരു വികാരവും ഉണ്ടായില്ല. അവർക്കു മുമ്പിൽ എല്ലാ കുറ്റവാളികളും ഒരുപോലെ. ഏതോ ചില രോഗികളെ ഓടിപ്പോകാതെ പരിചരിക്കുന്ന ആതുരാലയം പോലുള്ള ഒരു നിർവികാരതയാണ് ജയിലിന്.

സ്ത്രീ ഒരു കുറ്റകൃത്യം ചെയ്യാൻ പോലും അശക്തയാണെന്നാണു പൊതുബോധം. സ്ത്രീ ഒരുമ്പെട്ടാൽ ബ്രഹ്മനും തടയില്ലെന്ന ചൊല്ലിനെ മറന്നുകൊണ്ടാണ് സമൂഹത്തിന്റെ ഈ സന്ദേഹമെന്നാണ് മനഃശാസ്ത്രജ്ഞർ പറയുന്നത്.

ജോളി തടവുകാരിയായെത്തിയ ആദ്യ നാളുകളിൽ കോഴിക്കോട് ജയിൽ സൂപ്രണ്ട് റോമിയോ ജോണുമായി സംസാരിച്ചപ്പോൾ കുറ്റവാളികളെ പരിചരിക്കുന്നതിൽ ജയിൽ എത്രമാത്രം മാറിയിരിക്കുന്നു എന്നു വ്യക്തമാകുന്നു. കുറ്റകൃത്യത്തിനു ശേഷം കടുത്ത കുറ്റബോധത്താൽ നീറുന്ന കുറ്റവാളികളെയാണ് ജയിൽ അധികവും കൈകാര്യം ചെയ്തിരുന്നത്. അതിനാൽ തന്നെ ആത്മഹത്യാ പ്രവണതയിൽ നിന്നു കുറ്റവാളികളെ കാത്തുസൂക്ഷിക്കുക എന്നതായിരുന്നു ജയിൽ ഉത്തരവാദിത്വങ്ങളിൽ പ്രധാനമായിരുന്നത് എന്ന് അദ്ദേഹം പറയുന്നു. വൈകാരികമായ തകിടം മറിച്ചിലുകൾ മൂലം കുറ്റകൃത്യങ്ങളിൽ എത്തപ്പെട്ടവരാണ് സ്ത്രീ തടവുകാരിൽ ഏറെയും എന്ന് അദ്ദേഹം ചൂണ്ടിക്കാട്ടുന്നു.
“സ്ത്രീകൾ ഏറെ സഹിക്കും. ഏറ്റവും അവസാനമായിരിക്കും കുറ്റകൃത്യം ചെയ്യുക. എന്നാൽ, കുറ്റകൃത്യത്തിലേക്ക് കടന്നാൽ അത് പക്കാ അയിരിക്കും’ നിരവധി ജയിലുകളുടെ ചുമതല വഹിച്ച് ഇപ്പോൾ കോഴിക്കോട് ജില്ലാ ജയിൽ സുപ്രണ്ട് ആയി എത്തിയ അദ്ദേഹം സ്ത്രീ കുറ്റകൃത്യങ്ങളെ വിലയിരുത്തുന്നത് ഇങ്ങനെയാണ്.

കുറ്റകൃത്യം ചെയ്തുകഴിഞ്ഞാൽ പുരുഷനെ പോലെയല്ല മുമ്പൊന്നും സ്ത്രീകൾ പ്രതികരിച്ചിരുന്നത്. പിടിക്കപ്പെടുന്നതോടെ അവർ ആത്മഹത്യാ പ്രവണതയിലേക്ക് തിരിയുന്നതു സാധാരണമായിരുന്നു. ഇക്കാരണത്താൽ ജോളി ജയിലിൽ എത്തുമ്പോൾ അവരെ മാത്രം നിരീക്ഷിക്കാനായി ഒരു ഗാർഡിനെ ചുമതലപ്പെടുത്തി. പിണറായി കൂട്ടക്കൊലക്കേസിലെ പ്രതി സൗമ്യ ജയിലിൽ ആത്മഹത്യ ചെയ്ത സാഹചര്യം ഇത്തരം കേസുകളിൽ ആവർത്തിക്കാനുള്ള സാധ്യത കൂടുതലാണെന്ന ധാരണയുടെ അടിസ്ഥാനത്തിലായിരുന്നു ഈ നടപടിയെന്ന് അദ്ദേഹം പറഞ്ഞു.

എല്ലാ കുറ്റകൃത്യങ്ങളും മാനസിക ഘടനയുമായി ബന്ധപ്പെട്ട് കിടക്കുന്നു. രോഗികളായി കുറ്റവാളികളെ കാണാൻ തുടങ്ങിയതോടെ ജയിൽ എന്ന സങ്കൽപ്പത്തിൽ അടുത്ത കാലത്ത് വലിയ മാറ്റം വന്നിട്ടുണ്ട്. മാനസിക പരിവർത്തനത്തിനുള്ള കേന്ദ്രങ്ങൾ എന്ന നിലയിൽ ജയിൽ ഏറെ മാറിയിരിക്കുന്നു. കുറ്റത്തെ വെറുക്കുക, കുറ്റവാളിയെ സ്‌നേഹിക്കുക എന്ന ഗാന്ധിജിയുടെ വാക്കുകളാണ് ഇന്ന് ജയിലിൽ മുഴങ്ങുന്നത്. കുറ്റവാളികളായി ജയിലിൽ എത്തുന്നവരിൽ അന്പത് ശതമാനവും നേരത്തെ മനോരോഗത്തിനു ചികിൽസ തേടിയവരോ അല്ലെങ്കിൽ ശിക്ഷിക്കപ്പെട്ട ശേഷം മനോരോഗാശുപത്രിയിൽ പ്രവേശിപ്പിക്കപ്പെടുന്നവരോ ആണ്.ജയിലിന്റെ ലോഗോയിൽ തന്നെ രേഖപ്പെടുത്തിയിരിക്കുന്നത് കസ്റ്റഡി, കറക്ഷൻ, റീഹാബിലിറ്റേഷൻ എന്നീ വാക്കുകളാണ്.

കേരളത്തിൽ ജയിലിൽ എത്തുന്ന സ്ത്രീകളിൽ തമിഴ്‌നാട്ടുകാരായിരുന്നു ഏറെയും. ഇന്ന് ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ നിന്നുള്ളവർ ധാരാളമുണ്ട്.
റിമാൻഡ് തടവുകാരായും വിചാരണത്തടവുകാരായും കോഴിക്കോട് ജയിലിൽ കഴിയുന്ന സ്ത്രീകളിൽ ഏറെയും മൂന്ന് വിഭാഗത്തിൽ പെടുന്നവരാണ്. ആരോടൊക്കെയുള്ള പ്രതികാരം തീർക്കാൻ കുറ്റകൃത്യത്തിന്റെ വഴിതിരഞ്ഞെടുത്ത ഇവർക്കൊന്നും കുറ്റബോധമോ ആത്മഹത്യാ പ്രവണതയോ ഇല്ലെന്നതാണ് സവിശേഷതയെന്നും അദ്ദേഹം പറയുന്നു.

ഭർത്താവിനേയും കുട്ടികളേയും ഉപേക്ഷിച്ച് കാമുകനൊപ്പം ഒഴിച്ചോടിപ്പോയവരാണ് അതിൽ ഏറെയും. ജാതിമത ഭേദമില്ലാതെ എല്ലാ സമുദായത്തിൽ നിന്നുള്ളവരും ഉണ്ട് ഇക്കൂട്ടത്തിൽ. മൊബൈൽ ഫോൺ നൽകിയ സ്വാതന്ത്ര്യത്തെ ആഘോഷമാക്കിയവരാണ് അവരിൽ ഏറെയും. ഭർത്താവിനേയും പ്രായപൂർത്തിയായ പെൺകുട്ടികളേയും എട്ടും പൊട്ടും തിരിയാത്ത പിഞ്ചുകുഞ്ഞിനേയും എല്ലാം ഉപേക്ഷിച്ചു കാമുകനൊപ്പം പോയവരുണ്ട്. ഇതിൽ തെല്ലും കുറ്റബോധമില്ലാത്തവരാണ് ഇവരിലധികവും.
നല്ല ജോലിയും വരുമാനവുമുള്ള ഭർത്താവിനേയും ഭർതൃവീട്ടിലെ സുഖ സൗകര്യങ്ങളേയും ഉപേക്ഷിച്ചു തന്നേക്കാൾ പ്രായക്കുറവുള്ളവരോ തൊഴിൽ രഹിതരോ സാമൂഹിക വിരുദ്ധരോ ആയ കാമുകൻമാർക്കൊപ്പം ഇറങ്ങിപ്പോയ ഇവർക്കൊന്നും തെല്ലും കുറ്റബോധമില്ല.

എന്തോ വലിയ സ്വാതന്ത്ര്യം അനുഭവിക്കുന്നതു പോലെ അവർ ആ ഒളിച്ചോട്ടത്തിൽ സന്തോഷിക്കുന്നു. റിമാൻഡ് തടവുകാരായി ജയിലിൽ എത്തിയിട്ടും ആരും കുറ്റബോധത്താൽ നീറുന്നില്ല. മാപ്പു പറഞ്ഞു ഭർത്താവിനും കുടുംബത്തിനും അടുത്തേക്ക് തിരിച്ചുപോകണമെന്ന ചിന്തപോലും ഇവർക്കില്ല. ഇത്രനാളും പരിപാലിച്ച ഭർത്താവിനേയും കുട്ടികളേയും ഉപേക്ഷിച്ചു ഒരു പരിചയവുമില്ലാത്തവനൊപ്പം അല്ലെങ്കിൽ മുൻകാമുകനൊപ്പം ഇറങ്ങിപ്പോകാൻ കാരണമെന്തെന്ന ചോദ്യത്തിന് മുമ്പിൽ അവർ നിർവികാരമായി മിഴിച്ചു നിൽക്കും. ചിലപ്പോൾ കണ്ണുകൾ നിറയും. അതൊന്നും പറഞ്ഞാൽ ആർക്കും മനസ്സിലാകില്ലെന്ന ഒറ്റവാചകത്തിൽ എല്ലാം ഒതുക്കും. വേലിചാടിയ പശു തല്ലുകൊണ്ടുചാവും എന്നതുപോലെ
ഒടുക്കം ആത്മഹത്യയായിരിക്കും ഒളിച്ചോടുന്നവരെ കാത്തിരിക്കുക എന്ന മുൻവിധി പഴമൊഴിയാകുന്നു.അങ്ങനെയങ്ങ് മരിക്കാനൊന്നും എന്നെ കിട്ടില്ല – അവരിൽ ഒരാൾ പറയുന്നു. സുരക്ഷിതമായ കുടുംബാന്തരീക്ഷം ഉപേക്ഷിച്ചുള്ള ഈ സ്വാതന്ത്ര്യ പ്രഖ്യാപനം വർധിച്ചു വരുന്നു…എന്തിനെന്നോ എന്തെന്നോ ഉത്തരമില്ലാതെ.

അവിഹിതമായി ഗർഭം ധരിച്ചുണ്ടാവുന്ന കുഞ്ഞുങ്ങളെ കൊലപ്പെടുത്തി ജയിലിൽ എത്തുന്നവരാണു മറ്റൊരു വിഭാഗം. അവർക്കും കുറ്റബോധമില്ല. പിതാവില്ലാത്ത ഒരു കുഞ്ഞ് ഈ ലോകത്ത് ജിവിക്കുന്നതിനേക്കാൾ നല്ലതാണ് താൻ ചെയ്തതെന്ന് അവർ വിശ്വാസിക്കുന്നു. താൻ ചെയ്ത തെറ്റിന്റെ ഇരയായി ഒരു കുഞ്ഞ് ജീവിതകാലം മുഴുവൻ അതിന്റെ ദുരന്തം അനുഭവിക്കരുതെന്ന തീരുമാനത്തിനു മുന്നിൽ അവർ സ്വയം കൊലയാളിയെന്ന പട്ടം ഏറ്റെടുക്കുന്നു. അവിഹിത ഗർഭം സമ്മാനിച്ച പുരുഷനോടോ സഹിക്കേണ്ടി വന്ന അപമാനത്തോടോ അവർക്കു പകയില്ല. എല്ലാം തന്റെ പിഴ എന്ന് ഒറ്റവാക്കിൽ പറഞ്ഞ് അവർ പിന്തിരിയുന്നു.
പ്രസവത്തോടെ ഉണ്ടാകുന്ന കടുത്ത മാനസിക സമ്മർദം നിമിത്തം കുഞ്ഞിനെ കൊല്ലുന്നവരുമുണ്ട്. മാനസിക സംഘർഷത്തിന് അയവു വരുമ്പോൾ തന്റെ കുഞ്ഞെവിടെ എന്ന് ആർത്തുകരയുകയാണ് അവർ. എന്നാൽ നിയമത്തിന് മുന്നിൽ അവർ കുറ്റവാളിയാണ്.

മയക്കുമരുന്നു കടത്തിലെ കണ്ണികളായി ജയിലിൽ എത്തുന്നവരിൽ സ്ത്രീകളുണ്ട്. ഇതര സംസ്ഥാനക്കാർക്കൊപ്പം മലയാളി സ്ത്രീകളും എത്തുന്നു. പുരുഷൻമാർ ഉൾപ്പെടുന്ന സംഘത്തിൽ പങ്കാളികളാണ് ഇവർ. എന്നാൽ, പലപ്പോഴും സ്ത്രീകളെ കേസിൽ നിന്ന് ഒഴിവാക്കുകയാണ് പതിവ്. കണ്ടെടുക്കുന്ന മയക്കുമരുന്ന്, പൊതികളുടെ പേരിൽ ഭാഗിച്ച് സ്ത്രീകളെ രക്ഷപ്പെടാൻ അനുവദിക്കുന്നു. മയക്കുമരുന്നുകളുടെ സ്വഭാവം തന്നെ മാറിയിരിക്കുന്നു. കഞ്ചാവിനും ബ്രൗൺഷുഗറിനും അപ്പുറം മനോരോഗ ചികിൽസക്കും ക്യാൻസർ വേദന സംഹാരികളുമെല്ലാം മയക്കുമരുന്നായി പ്രത്യക്ഷപ്പെടുന്നു. നാവിൽ ഒട്ടിച്ചുവെക്കുന്ന സ്റ്റാമ്പുകൾ പോലെ മണത്തും രുചിച്ചും അനുഭവിക്കുന്ന മയക്കുമരുന്നുകൾ ലക്ഷ്യമിടുന്നത് ഏറെയും വിദ്യാർഥികളെ. ഇരകളെ കെണിയിൽ വീഴ്ചത്താൻ സ്ത്രീകളും ധാരാളം രംഗത്തുണ്ടെന്നു ജയിലിലെത്തുന്ന സ്ത്രീകളിൽ നിന്ന് വ്യക്തമാകും. മറ്റു സംസ്ഥാനങ്ങളിൽ നിന്നും മറ്റും മയക്കുമരുന്ന് കടത്തുന്നത് ഇതര സംസ്ഥാനക്കാരാണെങ്കിലും അതിന്റെ അടിത്തട്ടിലെ വിതരണത്തിൽ മലയാളി പുരുഷന്മാരുടെ സംഘത്തിൽ സ്ത്രീകളും ധാരാളമെത്തുന്നു.

ബാല പീഡന, പോക്സോ കേസുകളാണ് പലരേയും ജയിലറയിൽ എത്തിക്കുന്നത്. ഇത്തരം കേസുകളിലും സ്ത്രീ പങ്കാളിത്തം ധാരാളം. ഏറെ ദുരുപയോഗപ്പെടുത്തുന്ന വകുപ്പെന്ന കുപ്രസിദ്ധി ഈ വകുപ്പുകൾക്കുണ്ട്. അതിർത്തിത്തർക്കത്തിന്റെയും കുടുംബ വഴക്കിന്റെയും പേരിൽ പോക്സോ കേസിൽ അഴിയെണ്ണുന്നവർ ഉണ്ടെങ്കിലും കുടുംബത്തിനകത്ത് കുഞ്ഞുങ്ങൾ നേരിടുന്ന ലൈംഗിക പീഡന സംഭവങ്ങൾ ഭീതിജനകമാംവണ്ണം വർധിക്കുകയാണ്.

കുട്ടികളെ ശാരീരിക പീഡനത്തിനിരയാക്കുന്നതിൽ പുരുഷൻമാരെ വെല്ലുന്ന സ്ത്രീകളുണ്ട്. ഭർത്താവിന്റെ ആദ്യ ഭാര്യയിലെ മക്കളേയും മറ്റും പീഡിപ്പിക്കുന്ന രണ്ടാനമ്മമാരുടെ ചരിത്രത്തിന് ഏറെ പഴക്കമുണ്ടെങ്കിലും വിദ്യാഭ്യാസവും വിവേകവും നേടിയവരെന്ന അഭിമാനിക്കുന്ന തലമുറയിലും ഇത്തരം പീഡനങ്ങൾ വർധിച്ചു വരികയാണ്. ഈ വിധത്തിലുള്ള കുറ്റകൃത്യങ്ങളിൽ പ്രതികളായി ജയിലിൽ എത്തുന്നവരിലൊന്നും കുറ്റബോധത്തിന്റെ തരിമ്പും ദർശിക്കാനാകുന്നില്ലെന്നാണ് ജയിൽ അധികൃതർ പറയുന്നത്.
പ്രസവം, ചികിത്സ, ഭക്ഷണം, താമസം എന്നീ ആവശ്യങ്ങൾ മുൻനിർത്തി അഭയമെന്ന നിലയിൽ ജയിലിൽ വരാൻ ശ്രമിക്കുന്ന സ്ത്രീകൾ ഉണ്ടെന്ന് ദീർഘ കാലത്തെ ജയിൽ അനുഭവത്തിൽ നിന്ന് വ്യക്തമായിട്ടുണ്ടെന്നു ജയിൽ സുപ്രണ്ട് പറയുന്നു. തടവുകാർക്കു കിട്ടുന്ന സൗജന്യങ്ങളിൽ മാത്രമാണ് അത്തരക്കാരുടെ നോട്ടം.

ഇങ്ങനെ എത്തുന്നവരിൽ ഏറെയും ഇതര സംസ്ഥാനക്കാരാണ്. ഇതിനായി മാല മോഷണം പോലുള്ള കുറ്റങ്ങൾ ചെയ്തു പിടികൊടുത്ത് പോലീസിൽ എത്തുകയാണ് ചെയ്യുന്നത്. ജയിലിൽ ചികിത്സയും ഭക്ഷണവും സുരക്ഷിതമായ ജീവിതവും സാധ്യമാണെന്നതിനാൽ ഈ വഴി തിരിഞ്ഞെടുക്കുന്നവരാണ് ഇവർ.
തമിഴ്‌നാട്ടിൽ നിന്നു മോഷണത്തിനെത്തുന്ന സംഘങ്ങളിൽ സ്ത്രീകളും ധാരാളമുണ്ട്. മോഷണക്കേസിൽ പിടിക്കപ്പെട്ടാലും ഇവർക്കും ലാഭമാണ്. പരാതിക്കാർക്ക് സ്വർണം തിരിച്ചു കൊടുക്കുന്ന ഒത്തുതീർപ്പു രീതികൾ ഇന്ന് വ്യാപകമാണ്. പരാതിക്കാരായി വരുന്ന ഏതാനും പേർക്ക് സ്വർണം തിരികെ കൊടുത്താലും ഇവർക്കു ലാഭമായിരിക്കും. വക്കീൽ ഫീസ് ഉൾപ്പെടെയുള്ള കാര്യങ്ങൾക്കും ഇവർ കവർന്ന സ്വർണമാണ് വിനിയോഗിക്കുന്നത്.

ജയിൽ ഇന്ന് മർദന കേന്ദ്രമല്ല. മനോ പരിവർത്തനത്തിന്റെ ഇടമായി ജയിൽ മാറിയിരിക്കുന്നു. എല്ലാവരേയും എന്തെങ്കിലും പ്രവൃത്തികളിൽ വ്യാപൃതരാക്കുക എന്നതാണ് ഇന്ന് തടവറയിലെ രീതി. ജയിലിൽ നിന്നുണ്ടാക്കുന്ന ചപ്പാത്തിയും ചിക്കൻ കറിയും ബിരിയാണിയും കിണ്ണത്തപ്പവും ലഡുവും മൈസൂർപ്പാക്കുമെല്ലാം വിപണിയിൽ പ്രിയങ്കരമായിരിക്കുന്നു. തടവറയിലിട്ടു നശിപ്പിക്കുന്നതിന് പകരം മനുഷ്യാധ്വാനത്തെ ഗുണകരമായി വിനിയോഗിക്കുകയാണ് ഇവിടെ. സമൂഹം കുറ്റകൃത്യം ഒരുക്കിവെക്കുന്നു, കുറ്റവാളി അത് നിർവഹിക്കുന്നു എന്ന ആപ്തവാക്യം കൃത്യമാണെന്ന് ജയിലനുഭവങ്ങളെ സാക്ഷിയാക്കി സൂപ്രണ്ട് പറയുന്നു.