Kerala
അന്താരാഷ്ട്ര വാര്‍ത്താ വിന്യാസത്തിന് ബദല്‍ വേണം: മുഖ്യമന്ത്രി
 
		
      																					
              
              
            
ലോക കേരള മാധ്യമസഭയുടെ ഉദ്ഘാടന ചടങ്ങില്‍ വിദേശ പത്രപ്രവര്‍ത്തനത്തിനുള്ള പുരസ്‌കാരം മുഖ്യമന്ത്രി പിണറായി വിജയനില്‍ നിന്ന് സിറാജ് ഗള്‍ഫ് എഡിറ്റര്‍ കെ എം അബ്ബാസ് ഏറ്റുവാങ്ങുന്നു.
തിരുവനന്തപുരം | വികസ്വര രാഷ്ട്രങ്ങളിലെ വാര്‍ത്താവിന്യാസത്തില്‍ ഗുണകരമായ മാറ്റം വരുത്തുന്ന ബദല്‍ ക്രമമുണ്ടാകണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. മസ്‌ക്കറ്റ് ഹോട്ടലില്‍ ലോക കേരള മാധ്യമ സഭ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
സാമ്രാജ്യത്വ താല്‍പര്യമുള്ള രാജ്യങ്ങളിലെ വാര്‍ത്താ ഏജന്‍സികള്‍ തയ്യാറാക്കുന്നതും സ്വാധീനം ചെലുത്തുന്നതുമായ വാര്‍ത്തകളാണ് ഇന്ന് വികസ്വര രാജ്യങ്ങളില്‍ പ്രചരിക്കുന്നത്. വികസ്വര രാജ്യങ്ങളുടെ ദേശീയ താല്‍പര്യത്തിന് വിരുദ്ധമായി അവിടത്തെ പൗരന്മാരുടെ ചിന്തയെ സ്വാധീനിക്കാനുള്ള ശ്രമം അത്തരം വാര്‍ത്തകളിലൂടെ ഉണ്ടാകുന്നു. സാമ്പത്തികവും സൈനികവും സാംസ്‌കാരികവുമായ കടന്നു കയറ്റമാണ് നടക്കുന്നത്. ഇതില്‍ പതിയിരിക്കുന്ന ആപത്ത് മനസിലാക്കി ഒരു പുതിയ അന്താരാഷ്ട്ര വാര്‍ത്താ ക്രമം ഉണ്ടാകണം. അതിനുള്ള മുന്‍ കൈകളുണ്ടാകണം. അത്തരം ശ്രമമാണ് ലോകകേരള മാധ്യമ സഭയിലൂടെ ലക്ഷ്യമിടുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു.
മാധ്യമ പ്രവര്‍ത്തനം ചടുലവും മൂല്യാധിഷ്ഠിതവുമാകുന്നതിനുള്ള ആശയങ്ങള്‍ ചര്‍ച്ചയിലൂടെ ഉരുത്തിരിയണം. നവകേരളം നിര്‍മിക്കുന്നതിന് പ്രവാസജീവിതത്തിലെ അനുഭവ സമ്പത്തും ചിന്തകളും ഉപയോഗപ്പെടുത്താനാണ് ശ്രമിക്കുന്നത്. ഇന്ത്യക്കകത്തും പുറത്തും വ്യക്തിമുദ്ര പതിപ്പിച്ച മാധ്യമ പ്രവര്‍ത്തകര്‍ സഭയില്‍ പങ്കെടുക്കാനെത്തി. കേരള മീഡിയ അക്കാദമി ചെയര്‍മാന്‍ ആര്‍.എസ്.ബാബു ഉദ്ഘാടന ചടങ്ങില്‍ അധ്യക്ഷത വഹിച്ചു.
ലോകകേരള സഭയുടെ സമീപന രേഖ പ്രകാശനം പ്രവാസി സംവിധായകന്‍ സോഹന്‍ റോയിക്ക് നല്‍കി മുഖ്യമന്ത്രി നിര്‍വ്വഹിച്ചു. കേരള മീഡിയ അക്കാദമി സെക്രട്ടറി ചന്ദ്രഹാസന്‍ വടുതല സ്വാഗതവും മാധ്യമ പ്രവര്‍ത്തകന്‍ സുരേഷ് വെള്ളിമംഗലം നന്ദിയും പറഞ്ഞു. രണ്ടാം ലോകകേരള സഭയോടനുബന്ധിച്ചാണ് ലോകകേരള മാധ്യമ സഭ സംഘടിപ്പിച്ചത്.

 
												
                 
             
								
           
             
								
           
             
								
           
             
								
           
             
								
           
             
								
          
