Connect with us

Business

റെക്കോർഡ് മറികടക്കാൻ മഞ്ഞ ലോഹം

Published

|

Last Updated

കൊച്ചി | സംസ്ഥാനത്ത് സ്വർണ വില പവന് 640 രൂപ ഉയർന്നു. 28,360 രൂപയിൽ വിൽപ്പനക്ക് തുടക്കം കുറിച്ച പവൻ ശനിയാഴ്ച 29,000 രൂപയായി. സെപ്തംബറിൽ രേഖപ്പെടുത്തിയ 29,120 രൂപയാണ് സർവകാല റെക്കോർഡ്. ജനുവരി ആദ്യം വിൽപ്പന നടന്ന 23,440 രൂപയാണ് ഈ വർഷത്തെ ഏറ്റവും താഴ്ന്ന വില. ലണ്ടനിൽ ട്രോയ് ഔൺസിന് 30 ഡോളർ വർധിച്ച് 1510 ഡോളറായി.

ഏലം സീസൺ അവസാന ഘട്ടത്തിലാണ്. ഒട്ടുമിക്ക തോട്ടങ്ങളിലും വിളവെടുപ്പ് ജനുവരി മധ്യം അവസാനിക്കുമെന്നാണ് വിലയിരുത്തൽ. മഴയുടെ കുറവ് മൂലം പല തോട്ടങ്ങളും വരൾച്ച അഭിമുഖീകരിക്കുന്നു. ഇക്കുറി സീസൺ വൈകി ആരംഭിച്ചതിനാൽ കാർഷിക മേഖലയിൽ കരുതൽ ശേഖരമില്ല. നടപ്പ് സീസണിലെ ഏലക്കയിൽ വലിയോരു പങ്ക് ഉത്പാദകർ ലേലത്തിന് ഇറക്കി. വിദേശ ഡിമാൻഡിൽ നിരക്ക് 3,590 ൽ നിന്ന് 5,500 വരെ ഉയർന്നു. പല ദിവസങ്ങളിലും ലേലത്തിൽ എത്തിയ ചരക്കിൽ വലിയോരു പങ്ക് വിറ്റഴിഞ്ഞു.

അന്തർ സംസ്ഥാന വ്യാപാരികൾ കുരുമുളക് സംഭരണം കുറച്ചത് വിലയെ ബാധിച്ചു. ഉത്തരേന്ത്യയിലെ സ്റ്റോക്കിസ്റ്റുകൾ സംഭരണത്തിൽ കുറവ് വരുത്തി. ഉത്പാദന മേഖലകളിൽ വിൽപ്പന സമ്മർദമില്ലെങ്കിലും വാങ്ങൽ താത്പര്യം ചുരുങ്ങിയതിനാൽ കൊച്ചിയിൽ ഗാർബിൾഡ് 35,100 രൂപയായി. അന്താരാഷ്ട്ര മാർക്കറ്റിൽ ഇന്ത്യൻ കുരുമുളക് വില ടണ്ണിന് 5000 ഡോളറാണ്.
വെളിച്ചെണ്ണ വില കുറഞ്ഞു. ക്രിസ്മസ് വേളയിൽ ലാഭം കൊയ്യാൻ തമിഴ്‌നാട് ലോബി വെളിച്ചെണ്ണ വില ഉയർത്തിയെങ്കിലും പ്രദേശിക ഡിമാൻഡ് ഉയർന്നില്ല. വാരാവസാനം അയൽ സംസ്ഥാനങ്ങളിലെ മില്ലുകാർ സ്റ്റോക്ക് വിറ്റുമാറാൻ ശ്രമിച്ചതോടെ നിരക്ക് 15,000ൽ നിന്ന് 14,800 രൂപയായി. കൊപ്രക്ക് 130 രൂപ കുറഞ്ഞ് 9,940 രൂപയായി. ഈവാരം എണ്ണക്ക് മാസാരംഭ ഡിമാൻഡ് ഉയരുമെന്ന നിഗമനത്തിലാണ് ഒരു വിഭാഗം മില്ലുകാർ.

ഏഷ്യയിലെ റബ്ബർ അവധി വ്യാപാര കേന്ദ്രങ്ങളിൽ നിക്ഷേപകർ ലാഭമെടുപ്പിന് ഉത്സാഹിച്ചു. തായ് മാർക്കറ്റായ ബാങ്കോക്കിൽ റബ്ബർ വില 11,456 നിന്ന് 11,296ലേക്ക് താഴ്ന്നു. റെഡി വിപണിയിൽ വിൽപ്പന സമ്മർദമില്ലെങ്കിലും വർഷാന്ത്യമായതിനാൽ അവധിയിൽ ലാഭമെടുപ്പ് തുടരുന്നു. ടയർ നിർമതാക്കൾ കൊച്ചി, കോട്ടയം വിപണികളിലുണ്ടെങ്കിലും ആർ എസ് എസ് നാലാം ഗ്രേഡ് 13,100ലും അഞ്ചാം ഗ്രേഡ് 12,700ലും നിലകൊണ്ടു.

Latest