Connect with us

Gulf

മക്കയിലെ അല്‍ ശൗഖിയ അപ്പാര്‍ട്ട്‌മെന്റില്‍ തീപിടുത്തം; 13 പേര്‍ക്ക് പരിക്കേറ്റു

Published

|

Last Updated

ദമാം | മക്കയിലെ അല്‍ ശൗഖിയ അപ്പാര്‍ട്ട്‌മെന്റില്‍ വെള്ളിയാഴ്ച്ച രാവിലെയുണ്ടായ തീപിടുത്തത്തില്‍ പതിമൂന്ന് പേര്‍ക്ക് പരിക്കേറ്റതായി മക്ക സിവില്‍ ഡിഫന്‍സിന്റെ വക്താവ് കേണല്‍ സയീദ് സര്‍ഹാന്‍ പറഞ്ഞു. അല്‍ ശൗഖിയയില്‍ ഫാമിലികള്‍ താമസിച്ചിരുന്ന മൂന്ന് നില കെട്ടിടത്തിലാണ് തീപിടുത്തം ഉണ്ടായത്.

രണ്ടാം നിലയിലെ അപ്പാര്‍ട്ട്‌മെന്റിന്റെ പ്രവേശന കവാടത്തിലെ ഫര്‍ണിച്ചറുകളില്‍ പടര്‍ന്ന തീ കെട്ടിടത്തിന്റെ മുകളിലത്തെ നിലയിലേക്ക് പടര്‍ന്നതിനെ തുടര്‍ന്ന് അഞ്ച് മുറികളിലേക്ക് വ്യാപിച്ചു. ഉടന്‍ തന്നെ അപകടസ്ഥലത്തെത്തിയ അഗ്‌നിശമന സേനയും രക്ഷാപ്രവര്‍ത്തകരും ഇരട്ട ഗോവണി, മൊബൈല്‍ എസ്‌കലേറ്ററുകള്‍ ഉപയോഗിച്ച് കെട്ടിടത്തിനുള്ളില്‍ കുടുങ്ങിയ സ്ത്രീകളും കുട്ടികളുമടങ്ങിയ നാല്‍പതോളം പേരെ രക്ഷപ്പെടുത്തി പുറത്തെത്തിക്കുകയായിരുന്നു. അപകടത്തെത്തുടര്‍ന്ന് നിരവധി പേര്‍ക്ക് ശ്വാസംമുട്ടല്‍ അനുഭവപ്പെടുകയും മൂന്ന് പേര്‍ക്ക് അപകട സ്ഥലത്ത് അടിയന്തിര ശുശ്രൂഷ നല്‍കുകയും ചെയ്തു.

പരിക്കേറ്റ പത്തുപേരെ മക്കയിലെ അല്‍ നൂര്‍ ആശുപത്രിയിലും നാലുപേരെ അല്‍ സഹീറിലെ കിംഗ് അബ്ദുല്‍ അസീസ് ആശുപത്രിയിലും പ്രവേശിപ്പിച്ചിട്ടുണ്ട്. സംഭവത്തെ കുറിച്ച് അന്വേഷണം നടത്തിവരികയാണെന്നും കേണല്‍ സയീദ് സര്‍ഹാന്‍ അറിയിച്ചു.