National
രാജ്യത്തെ മുഴുവന്‍ ജനങ്ങളെയും ആര്‍ എസ് എസ് കാണുന്നത് ഹിന്ദുക്കളായി: മോഹന്‍ ഭാഗവത്

ഹൈദരാബാദ് | രാജ്യത്തെ 130 കോടി ജനങ്ങളെയും സംഘ്പരിവാര്‍ കാണുന്നത് ഹിന്ദുക്കളായാണെന്ന് ആര്‍ എസ് എസ് തലവന്‍ മോഹന്‍ ഭാഗവത്. ആര്‍ എസ് എസിനെ ചിലര്‍ ഹിന്ദുത്വവാദികളെന്നാണ് വിളിക്കുന്നത്. എന്നാല്‍, ഇന്ത്യ പാരമ്പര്യത്താല്‍ ഹിന്ദുത്വരാഷ്ട്രമാണെന്നും ഇന്ത്യന്‍ സമൂഹം പരമ്പരാഗതമായി ഹിന്ദുത്വവാദികളാണെന്നും മോഹന്‍ ഭഗവത് തെലങ്കാനയില്‍ ആര്‍ എസ് എസ് സംഘടിപ്പിച്ച പരിപാടിയില്‍ പറഞ്ഞു.
ദേശീയബോധമുള്ളവരും രാജ്യത്തിന്റെ സംസ്‌കാരത്തോടും പാരമ്പര്യത്തോടും ബഹുമാനമുള്ളവരെല്ലാവരും ഹിന്ദുക്കളാണ്. അതിനാല്‍, ജാതി-മത-ഭാഷാ ഭേദമന്യേ രാജ്യത്തെ 130 കോടി ജനങ്ങളെയും ആര്‍ എസ് എസ് ഹിന്ദുക്കളായാണ് കാണുന്നത്. മാതൃദേശത്തോടും ജനങ്ങളോടും ജലത്തോടും മണ്ണിനോടും ജീവികളോടും രാജ്യത്തിന്റെ സാംസ്‌കാരിക പാരമ്പര്യത്തോടും കൂറുള്ളവരാണ് ഹിന്ദുക്കള്‍.
ഇന്ത്യയുടെ മക്കളെല്ലാം ഹിന്ദുക്കളാണ്. നാനാത്വത്തില്‍ ഏകത്വം എന്ന പ്രശസ്തമായ ചൊല്ലുണ്ട്. എന്നാല്‍ നമ്മുടെ രാജ്യം ഒരു പടി മുന്നിലാണ്. നാനാത്വത്തില്‍ ഏകത്വമല്ല, ഏകത്വത്തില്‍ നാനാത്വമാണ് നമുക്കുള്ളത്. വൈവിധ്യങ്ങളിലേക്ക് നയിക്കുന്ന ഏകത്വമാണത്. ഏത് ഭാഷയില്‍ സംസാരിക്കുന്നവരായാലും ഏത് പ്രദേശത്ത് നിന്നുള്ളവരായാലും ഏത് ആരാധന നടത്തുന്നവരായാലും ഹിന്ദുക്കളാണ്. അതുകൊണ്ട് 130 കോടി ജനതയെയും ഞങ്ങള്‍ ഹിന്ദുക്കളായാണ് കാണുന്നത്. ഒത്തൊരുമയുള്ള സമൂഹത്തെ വാര്‍ത്തെടുക്കുകയാണ് തങ്ങളുടെ ലക്ഷ്യം. ഇതിനായി പല മാര്‍ഗങ്ങളുമുണ്ടെന്നും മോഹന്‍ ഭാഗവത് പറഞ്ഞു.
ബ്രിട്ടീഷുകാര്‍ വിഭജിച്ച് ഭരിക്കാനാണ് ശ്രമിച്ചതെന്നും മോഹന്‍ ഭാഗവത് കൂട്ടിച്ചേര്‍ത്തു. രാജ്യത്തെ മതത്തിന്റെ പേരില്‍ വേര്‍ത്തിരിക്കുന്ന പൗരത്വ ഭേദഗതി നിയമത്തിനെതിരെ രാജ്യത്ത് പ്രക്ഷോഭങ്ങള്‍ നടക്കുന്നതിനിടെയാണ് മോഹന്‍ ഭാഗവതിന്റെ പ്രസംഗം. ബി ജെ പി ദേശീയ ജന. സെക്രട്ടറി റാം മാധവും ചടങ്ങില്‍ സംബന്ധിച്ചിരുന്നു.