Connect with us

National

മോദി പറഞ്ഞത് പച്ചക്കള്ളം; ഇതാ തെളിവ്

Published

|

Last Updated

അസമിലെ ഗോൽപ്പാറയിൽ നിർമാണം പുരോഗമിക്കുന്ന തടങ്കൽപ്പാളയം (ഫയൽ)

ന്യൂഡൽഹി /ബെംഗളൂരു | രാജ്യത്ത് തടങ്കൽപ്പാളയങ്ങളില്ലെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രസ്താവന പച്ചക്കള്ളമാണെന്ന് വ്യക്തമാകുന്ന തെളിവുകൾ പുറത്ത്. പൗരത്വ ഭേദഗതി നിയമം പ്രതിരോധിക്കാനായി പ്രധാനമന്തി കഴിഞ്ഞ ദിവസം നടത്തിയ പ്രസ്താവനയാണ് ഒരു ദിവസത്തെ ആയുസ്സ് പോലുമില്ലാതെ പൊളിഞ്ഞുപോകുന്നത്.
രാജ്യത്ത് തടങ്കൽപ്പാളയങ്ങളില്ലെന്നും എൻ ആർ സിയെ കുറിച്ച് ചർച്ച ചെയ്തിട്ടില്ലെന്നുമായിരുന്നു മോദി രാംലീലയിൽ നടന്ന ബി ജെ പി റാലിയെ അഭിസംബോധന ചെയ്ത് പറഞ്ഞത്.

എന്നാൽ, വസ്തുത മറ്റൊന്നാണ്. പൗരത്വം നിഷേധിക്കപ്പെട്ടവർക്കോ നഷ്ടപ്പെട്ടവർക്കോ വേണ്ടി രാജ്യത്ത് ധാരാളം തടങ്കൽപ്പാളയങ്ങൾ പ്രവർത്തിക്കുന്നുണ്ട്. അസം, മഹാരാഷ്ട്ര, കർണാടക ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിലാണ് ഇത്തരത്തിലുള്ള ക്യാമ്പുകൾ.
2012ലാണ് ഇത്തരം ക്യാമ്പിന് തുടക്കമിട്ടത്. രേഖകളില്ലാതെ, നിയമ വിരുദ്ധമായി കുടിയേറ്റം നടത്തിയവരെന്ന് കണ്ടെത്തുന്നവരെ നിയമ നടപടികൾ പൂർത്തിയാക്കി മടക്കിയയക്കുന്നത് വരെ പാർപ്പിക്കാനുള്ള കേന്ദ്രങ്ങളായാണ് ഇത്തരം ക്യാമ്പുകൾ തുറന്നത്.

അസമിലെ ഗോൽപ്പാറ ജില്ലാ ജയിലിന് അകത്താണ് 2012ൽ ക്യാമ്പ് ആദ്യം തുറന്നത്. പിന്നീട് അസമിലെ തന്നെ കൊക്രാജർ, സിൽചാർ എന്നിവിടങ്ങളിലും ക്യാന്പ് തുറന്നു. തൊട്ടു പിന്നാലെ തേജ്പൂർ, ദിബ്രുഗഡ്, ജോർഹട്ട് എന്നിവിടങ്ങളിലെ ജില്ലാ ജയിലിനോട് ചേർന്ന് ക്യാമ്പുകൾ നിർമിച്ചു. ഗോൽപ്പാറയിൽ എല്ലാ സംവിധാനങ്ങളുമുള്ള മറ്റൊരു ക്യാമ്പിന്റെ നിർമാണം പൂർത്തിയായിട്ടുണ്ട്. ഈ ക്യാമ്പിന്റെ ചിത്രങ്ങൾ വിവിധ മാധ്യമങ്ങൾ പ്രസിദ്ധീകരിച്ചിരുന്നു.

മഹാരാഷ്ട്രയിലും കർണാടകയിലും പുതിയ ഡിറ്റൻഷൻ ക്യാമ്പുകൾ തുടങ്ങുന്നതിന്റെ പ്രാരംഭ പ്രവർത്തനങ്ങൾ തുടങ്ങിയിട്ടുണ്ട്. കർണാടകയിലെ നെലമംഗലയിലടക്കം സ്ഥാപിക്കുന്നത് 35 തടങ്കൽപ്പാളയങ്ങളാണ്. സംസ്ഥാന സർക്കാർ ഹൈക്കോടതിയെ ഇക്കാര്യം നേരത്തേ അറിയിച്ചിരുന്നു. ഇത്തരം തടങ്കൽപ്പാളയങ്ങൾ സജ്ജമാക്കാൻ കാലാകാലങ്ങളിൽ സംസ്ഥാന സർക്കാറുകളോട് നിർദേശിച്ചിട്ടുള്ളതായി മന്ത്രി നിത്യാനന്ദ് റായി ലോക്‌സഭയിൽ നൽകിയ മറുപടിയിലും വ്യക്തമാക്കുന്നുണ്ട്.
ബെംഗളൂരുവിൽ നിന്ന് 30 കിലോമീറ്റർ അകലെ നെലമംഗലക്കടുത്ത് സൊണ്ടഗൊപ്പയിൽ ക്യാന്പ് പൂർത്തിയായി വരുന്നു. രണ്ട് ഭാഗങ്ങളിലും സുരക്ഷാ ഗോപുരങ്ങളും മതിലുകളിൽ മുള്ളുവേലികളും ഘടിപ്പിച്ച് കനത്ത സുരക്ഷ സന്നാഹമാകും ക്യാന്പിന്.
കെട്ടിടത്തിന്റെ മുന്നിലെ ഗേറ്റിൽ മുഴുവൻ സമയവും പോലീസ് കാവലുണ്ടാകും. ഇവിടേക്ക് ആവശ്യത്തിനുള്ള ജീവനക്കാരെ നിയമിച്ചു കഴിഞ്ഞിട്ടുണ്ട്. ജനുവരി ഒന്നിന് ഈ ക്യാന്പ് തുറന്നുകൊടുക്കും.