Connect with us

Articles

പൗരത്വ നിയമം ജനാധിപത്യത്തിന് ഭീഷണി

Published

|

Last Updated

അയൽരാജ്യങ്ങളിൽ നിന്നുള്ള ന്യൂനപക്ഷ മതവിഭാഗങ്ങളിൽപെട്ട കുടിയേറ്റക്കാർക്ക് ത്വരിതവേഗത്തിൽ പൗരത്വം നൽകുമെന്ന പുതിയ ഇന്ത്യൻ പൗരത്വ നിയമത്തിലെ വാഗ്ദാനം ഒറ്റനോട്ടത്തിൽ തികച്ചും നീതിയുക്തമാണെന്ന് തോന്നാം. മുസ്‍ലിംകൾക്ക് പ്രാമുഖ്യമുള്ള രാജ്യങ്ങളിൽ അടിച്ചമർത്തൽ നേരിടുന്ന ന്യൂനപക്ഷ വിഭാഗങ്ങൾക്ക് അഭയം നൽകുന്നതിനെതിരെ എതിർപ്പുയരാൻ എന്താണ് കാരണം?

പ്രധാനമന്ത്രി നരേന്ദ്രമോദി നേതൃത്വം നല്‍കുന്ന ബി ജെ പി സർക്കാർ പൗരത്വ ഭേദഗതി നിയമം പാസ്സാക്കിയതിൽ പിന്നെ ഇന്ത്യയിലെ അനവധി മുസ്‍ലിംകൾ(ജനസംഖ്യയിൽ 14 ശതമാനത്തോളം വരുന്ന) പ്രതിഷേധ വിസ്‌ഫോടനം വിളംബരം ചെയ്തിരിക്കുകയാണ്. ഹിന്ദു, ക്രിസ്ത്യൻ, ബുദ്ധ, സിക്ക്, പാഴ്‌സി, ജൈന മതവിഭാഗങ്ങളിൽപെട്ടവർക്കാണ് പൗരത്വം നല്‍കാൻ സർക്കാർ സന്നദ്ധത പ്രകടിപ്പിച്ചിരിക്കുന്നത്. മുസ്‍ലിംകൾ ഇവരിൽപ്പെടില്ല. മുസ്‍ലിംകൾക്ക് ഭൂരിപക്ഷമുള്ള പാക്കിസ്ഥാൻ, ബംഗ്ലാദേശ്, അഫ്ഗാനിസ്ഥാൻ എന്നീ അയൽ രാജ്യങ്ങളുടെ പേരുകൾ മാത്രമാണ് നിയമത്തിൽ പറയുന്നത്. ശ്രീലങ്ക മുതൽ ചൈന വരെയുള്ള അയൽ രാജ്യങ്ങളെക്കുറിച്ച് അതിൽ പരാമർശമില്ല.നിയമത്തിലെ ഒളിവില്ലാത്ത സന്ദേശം ഇതാണ്: മുസ്‍ലിം ഭൂരിപക്ഷ രാജ്യങ്ങളിൽ പീഡനത്തിനിരയാകുന്ന ഹിന്ദുക്കളും മറ്റ് ന്യൂനപക്ഷങ്ങളുമാണ് അഭയാർഥികൾ.

ഇത്തരം രാജ്യങ്ങളിൽ നിന്നുള്ള മുസ്‍ലിംകളെ അഭയാർഥികളായി കണക്കാക്കാനാവില്ല. മ്യാൻമറിലെ മൃഗീയ പീഡനം സഹിക്കാനാവാതെ ബംഗ്ലാദേശിലേക്ക് പലായനം ചെയ്യുകയും പിന്നീട് ഇന്ത്യയിലെത്തുകയും ചെയ്ത റോഹിംഗ്യകളെ പോലും അഭയാർഥികളായി കാണാനാവില്ല.
പൗരത്വ നിയമം യാതൊരുതരത്തിലും കുടിയേറ്റക്കാരെ സഹായിക്കുന്നതുമായി ബന്ധപ്പെട്ടതല്ല. മുസ്‍ലിംകളെ അരുക്കാക്കി ഇന്ത്യയെ ഹിന്ദുരാഷ്ട്രമാക്കി മാറ്റാനുള്ള മോദിയുടെയും അദ്ദേഹത്തിന്റെ ആഭ്യന്തര മന്ത്രി അമിത്ഷായുടെയും പ്രചാരണവുമായി ബന്ധപ്പെട്ടതാണത്. ഇന്ത്യയുടെ മൊത്തം ജനസംഖ്യയായ 130 കോടിയുടെ 80 ശതമാനവും ഹിന്ദുക്കളാണ്. മുസ്‍ലിംകളാകട്ടെ 200 ദശലക്ഷവും.

മോദി സർക്കാർ ഇന്ത്യയിലെ ഏക മുസ്‍ലിം ഭൂരിപക്ഷ പ്രദേശമായ കശ്മീരിന്റെ സംസ്ഥാന പദവി എടുത്തുകളയുകയുണ്ടായി. കശ്മീരിലെ നിരവധി നേതാക്കളെ അറസ്റ്റ്‌ ചെയ്തു. ഇന്റർനെറ്റ്‌ സേവനങ്ങൾ തടഞ്ഞു. കഴിഞ്ഞ ആഗസ്റ്റിൽ വടക്കുകിഴക്കൻ സംസ്ഥാനമായ അസമിൽ ആക്രമണോത്സുകമായി മോദി നടപ്പാക്കിയ പൗരത്വ പരിശോധനാ പദ്ധതി രണ്ട് ദശലക്ഷത്തോളം പേരെ(ഇവരിൽ അനേകം പേർ മുസ്‍ലിംകളാണ്) രാജ്യമില്ലാത്തവരാക്കി മാറ്റാൻ കെല്‍പ്പുള്ളതാണ്. ഈ പ്രക്രിയ രാജ്യവ്യാപകമാക്കുമെന്ന് മോദി ശപഥം ചെയ്തിരിക്കുകയാണ്.അതായത്, രാജ്യത്തെ പൗരന്മാര്‍ ഇന്ത്യക്കാരാണെന്ന് സ്വയംതെളിയിക്കണം. അതിന് കഴിയാത്തവർക്കായി വലിയ തടങ്കൽപ്പാളയങ്ങൾ നിര്‍മിക്കുകയാണ് സർക്കാർ.

രേഖകളില്ലാത്ത കുടിയേറ്റക്കാരുടെ പ്രശ്‌നം ട്രംപിന്റെതടക്കം ലോകത്തുടനീളമുള്ള സർക്കാറുകൾ ഒരു ദേശീയപ്രശ്‌നമാക്കി മാറ്റിയിട്ടുണ്ട്. ബംഗ്ലാദേശിൽ നിന്നെത്തിയ മുസ്‍ലിം കുടിയേറ്റക്കാരെ ചിതലുകൾ എന്നാണ് അമിത്ഷാ വിശേഷിപ്പിച്ചത്. പൗരത്വ പരിശോധനയുടെ ആദ്യനടപടികൾ വലിയ പ്രതിഷേധമൊന്നും ഉണ്ടാക്കിയില്ല. എന്നാൽ അതിൽ നിന്ന് വ്യത്യസ്തമായി പൗരത്വ ബില്ല് ഇന്ത്യയിലുടനീളം രോഷാകുലമായ പ്രതിഷേധങ്ങൾക്കിടയാക്കി. പ്രതിഷേധങ്ങളിൽ ചിലത് പോലീസും സൈന്യവും അടിച്ചമർത്തി. സർക്കാർ നിരവധിയിടങ്ങളിൽ ഇന്റർനെറ്റ്‌ സേവനം തടഞ്ഞു.ലോകത്ത് ഏകാധിപത്യ ചായ്‌വുള്ള മറ്റേത് സർക്കാറിനേക്കാളും തീവ്രമായിട്ടാണ് വിമത സ്വരങ്ങളെ ഒതുക്കാൻ ഭാരത സർക്കാർ ഇന്റർനെറ്റ് പ്രവർത്തനം തടഞ്ഞത്. അക്രമവും അഭ്യൂഹവും തടയാൻ ഇത് അത്യാവശ്യമാണെന്നാണ് സർക്കാറിന്റെ ഭാഷ്യം. കഴിഞ്ഞ ആഗസ്റ്റിന് ശേഷം ഇന്റർനെറ്റ്‌ സേവനങ്ങൾ തടയുന്നതിൽ ഇന്ത്യ ലോകനേതാവായി മാറിയിട്ടുണ്ട്.

പൗരത്വ നിയമത്തോടുള്ള പ്രതികരണം, നല്ലഭൂരിപക്ഷത്തോടെ വീണ്ടും തിരഞ്ഞെടുക്കപ്പെട്ട മോദിയെ അമ്പരപ്പിച്ചുവെന്നാണ് തോന്നുന്നത്. മുസ്‍ലിംകളെ അധിക്ഷേപിച്ചുകൊണ്ടാണ് മോദി അധികാരത്തിലെത്തിയത്. ഹിന്ദുദേശീയവാദികളുടെ പ്രധാന നയമാണ് മുസ്‍ലിം അധിക്ഷേപം. മോദി ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്നപ്പോൾ വർഗീയ കലാപത്തിൽ ആയിരക്കണക്കിനാളുകൾ കൊല്ലപ്പെട്ടു. പതിനായിരക്കണക്കിനാളുകൾ ഭവനരഹിതരായി. ഇരകളിൽ മിക്കവരും മുസ്‍ലിംകളായിരുന്നു. ഇന്ത്യയുടെ വഴി ഇങ്ങനെയായിത്തീരാനല്ല ലക്ഷ്യമിട്ടിരുന്നത്. ബ്രിട്ടീഷ് ഭരണത്തിലായിരുന്ന ഇന്ത്യ, വിഭജനത്തിനുശേഷം എല്ലാ മതവിശ്വാസികൾക്കും പൗരാവകാശങ്ങൾ അനുവദിക്കുന്ന, ഒരു മതനിരപേക്ഷ, ജനാധിപത്യ റിപ്പബ്ലിക്കായി പടുത്തുയർത്തണം എന്നായിരുന്നു മഹാത്മാഗാന്ധിയുടെയുംജവാഹർലാൽ നെഹ്‌റുവിന്റെയും കാഴ്ചപ്പാട്. 2014ൽ മോദി അധികാരത്തിലെത്തിയപ്പോൾ ആ കാഴ്ചപ്പാട് മാറ്റാൻ തീവ്രമായി പണിതുടങ്ങി. മുസ്‍ലിം ഭരണാധികാരികളെ ഒഴിവാക്കി, ചരിത്രഗ്രന്ഥങ്ങൾ മാറ്റിയെഴുതുന്നു. ഔദ്യോഗിക മുസ്‍ലിം സ്ഥല നാമങ്ങൾ ഹിന്ദുനാമങ്ങളാക്കി മാറ്റുന്നു. മുസ്‍ലിംകളെ കൊലപ്പെടുത്തുന്ന ഹിന്ദുത്വ ആൾക്കൂട്ടങ്ങൾ ശിക്ഷിക്കപ്പെടുന്നത് അപൂർവമാകുന്നു.

ഇന്ത്യൻ ജനാധിപത്യത്തിന്റെ അടിസ്ഥാനതത്വങ്ങൾ അട്ടിമറിച്ചുകൊണ്ട് മതത്തെ പൗരത്വവുമായി ബന്ധിപ്പിക്കുന്ന ആദ്യനടപടിയാണ് പൗരത്വ നിയമം. ഒരിക്കൽ മേധാശക്തിയായിരുന്ന കോൺഗ്രസ് പാർട്ടിയുടെ അംഗങ്ങളടക്കം മുസ്‍ലിം ഇതര മത നിരപേക്ഷ വാദികളും പ്രക്ഷോഭത്തിൽ അണിചേർന്നിരിക്കുകയാണ്. മനുഷ്യാവകാശ സംഘടനകളും മറ്റ് പൗര സംഘടനകളും സർക്കാറിനെ രൂക്ഷമായി വിമർശിച്ച് രംഗത്തുണ്ട്. പൗരത്വബില്ല് അടിസ്ഥാനപരമായി വിവേചനപരമാണെന്ന് ഐക്യരാഷ്ട്രമനുഷ്യാവകാശ കമ്മീഷൻ പ്രഖ്യാപിച്ചുകഴിഞ്ഞു. ഇന്ത്യയുടെ ഭരണഘടനയും ജനാധിപത്യമൂല്യങ്ങളും മുറുകെപിടിച്ചുകൊണ്ട്, മതന്യൂനപക്ഷങ്ങളുടെ അവകാശങ്ങൾ സംരക്ഷിക്കണമെന്ന് അമേരിക്കൻ വിദേശകാര്യ വകുപ്പും ഇന്ത്യയോട് അഭ്യർഥിച്ചിട്ടുണ്ട്.

എന്നാൽ, ഇന്ത്യയെ ഹിന്ദുരാഷ്ട്രമാക്കി മുന്നോട്ട്‌പോകാൻ അദ്ദേഹത്തിന് പരിമിതികളുണ്ടെന്ന് ബോധ്യപ്പെടുത്തുന്നതാണ് രാജ്യത്തും പുറത്തും നടക്കുന്ന പ്രതിഷേധങ്ങൾ. വിഷയത്തിൽ അടുത്തമാസം വാദം കേൾക്കുന്ന സുപ്രിം കോടതി, പൗരത്വ നിയമം തടഞ്ഞേക്കാം. അങ്ങനെ സംഭവിച്ചില്ലെങ്കിൽ നിയമത്തിനെതിരെ എല്ലാജനാധിപത്യ രാഷ്ട്രങ്ങളും ശബ്ദിക്കേണ്ടതുണ്ട്. കാരണം, പൗരത്വ നിയമം സ്പഷ്ടമായ വിവേചനവും ഇന്ത്യൻ ജനാധിപത്യത്തിന് ഭീഷണിയുമാണ്.

പരിഭാഷ: കുന്നത്തൂർ രാധാകൃഷ്ണൻ

Latest