Connect with us

Ongoing News

മൂന്ന് കസിൻസും ഒരു ലോക യുദ്ധവും...

Published

|

Last Updated

ജോർജ് അഞ്ചാമൻ, കൈസർ വില്യം, സർ നിക്കോളാസ്

ലോകചരിത്രത്തിലെ ഏറ്റവും ദുരന്തപൂർണമായ സംഭവങ്ങളിൽ ഒന്നാണ് 1914 മുതൽ 1918 വരെ നീണ്ടുനിന്ന ഒന്നാംലോക മഹായുദ്ധം. കരയിലും കടലിലും ആകാശത്തുമായി നടന്ന യുദ്ധങ്ങൾ മുൻപേ ഉണ്ടായിരുന്ന യുദ്ധങ്ങളെക്കാൾ വിനാശകരമായിരുന്നു. ഇറ്റലി, ജർമനി, ഓസ്ട്രിയ, ഹങ്കറി എന്നീ രാജ്യങ്ങൾ ട്രിപ്പിൾ അലയൻസ് എന്ന പേരിലും, ഇംഗ്ലണ്ട്, ഫ്രാൻസ്, റഷ്യ എന്നീ രാജ്യങ്ങൾ ട്രിപ്പിൾ എൻടാംഗ് എന്ന പേരിലും വിവിധ ചേരികളിലായി നിന്ന് പോരടിച്ച ഈ യുദ്ധം ഭൂമുഖത്ത് എല്ലാ മനുഷ്യരെയും പ്രത്യക്ഷമായോ പരോക്ഷമായോ ബാധിച്ചു. എന്നാൽ ഈ യുദ്ധത്തിൽ പരസ്പരം പോരാടിയിരുന്ന വിവിധ രാജ്യങ്ങളിലെ ഭരണത്തലവന്മാർ ബന്ധുക്കളായിരുന്നു അഥവാ കസിൻസ് ആയിരുന്നു എന്നത് ശ്രദ്ധേയമായ വസ്തുതയാണ്.
ഇംഗ്ലണ്ട് ഭരിച്ചിരുന്ന ഹനോവേറിയൻ രാജവംശത്തിലെ ഏറ്റവും പ്രധാനപ്പെട്ട ഭരണാധികാരി വിക്ടോറിയ രാജ്ഞി (1819-1901) ആയിരുന്നു. ഏറ്റവും അധികകാലം അധികാരത്തിൽ ഇരുന്ന ബ്രിട്ടീഷ് ഭരണാധികാരി.

വിക്ടോറിയാ രാജ്ഞിയുടെ കാലത്ത് ബ്രിട്ടീഷ് സാമ്രാജ്യം സൂര്യനസ്തമിക്കാത്ത സാമ്രാജ്യമായി രൂപാന്തരം പ്രാപിച്ചു. വിക്ടോറിയാ രാജ്ഞിയുടെ മകളുടെ പേരും വിക്ടോറിയാ (1840-1901) എന്നുതന്നെ ആയിരുന്നു. വിക്ടോറിയായെ വിവാഹം കഴിച്ചത് ജർമൻ രാജാവ് അഥവാ പ്രഷ്യയുടെ രാജാവ് ഫെഡ്‌റിക്ക് മൂന്നാമൻ (1831-1888) ആയിരുന്നു. ഈ വിവാഹ ബന്ധത്തിലെ മകനാണ് കൈസർ വില്യം (1859-1941). കൈസർ വില്യമിന്റെ ബാല്യകാലത്ത് അദ്ദേഹം ഒഴിവ് ദിവസങ്ങൾ ചെലവഴിക്കാൻ ഇംഗ്ലണ്ടിലെ കൊട്ടാരത്തിൽ എത്താറുമുണ്ടായിരുന്നു. ചുരുക്കത്തിൽ വിക്ടോറിയാ രാജ്ഞിയുടെ കൊച്ചുമകനായിരുന്നു കൈസർ വില്യം. വിക്ടോറിയാ രാജ്ഞിയുടെ മകൻ എഡ്‌വേഡ് ഏഴാമൻ (1841-1910) വിവാഹം കഴിച്ചത് ഡെൻമാർക്കിലെ രാജാവായിരുന്ന ക്രിസ്ത്യൻ ഒമ്പതാമന്റെ മകൾ അലക്‌സാൻഡ്രിയയെ (1844-1925) ആയിരുന്നു. ഈ വിവാഹബന്ധത്തിലെ മകനായിരുന്നു ജോർജ് അഞ്ചാമൻ (1865-1936). 1911 ൽ ജോർജ് അഞ്ചാമൻ ഇംഗ്ലണ്ടിന്റെ രാജാവായി. ചുരുക്കത്തിൽ എതിരെനിന്ന് പോരാടിയ ജർമനിയുടെയും ഇംഗ്ലണ്ടിന്റെയും ഭരണാധികാരികൾ ബന്ധുക്കളായിരുന്നു, അഥവാ കസിൻസ് ആയിരുന്നു.
ഡെൻമാർക്കിലെ ക്രിസ്ത്യൻ എക്‌സ് എന്ന രാജാവിന്റെ നാലാമത്തെ മകളായിരുന്നു മറിയ ഫോഡോറോവ്‌ന എന്ന ഡാഗ്മാർ രാജകുമാരി (1847-1928). ഡാഗ്മാർ രാജകുമാരിയെ വിവാഹം ചെയ്തത് റഷ്യൻ ഭരണാധികാരി അലക്‌സാണ്ടർ മൂന്നാമനായിരുന്നു. ആ വിവാഹബന്ധത്തിലെ മകനാണ് സർ നിക്കോളസ് രണ്ടാമൻ (1868-1918). ചുരുക്കത്തിൽ നിക്കോളസ് രണ്ടാമൻ ജോർജ് അഞ്ചാമന്റെ അമ്മയുടെ (അലക്‌സാൻഡ്ര) സഹോദരിയുടെ മകനും, കൈസർ വില്യമിന്റെ അമ്മയുടെ (വിക്‌ടോറിയ) സഹോദരപത്‌നിയുടെ (അലക്‌സാൻഡ്ര) സഹോദരിയുടെ മകനും ആയിരുന്നു. അങ്ങനെ ജോർജ് അഞ്ചാമനും, കൈസർ വില്യമും, സർ നിക്കോളസും കസിൻസ് ആയിരുന്നു.

ഒന്നാം ലോകയുദ്ധം യഥാർഥത്തിൽ ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തിലെ മുഖ്യ /വ്യാവസായിക ശക്തികളായ, ബ്രിട്ടനും ജർമനിയും തമ്മിലായിരുന്നു. ഒന്നാം ലോക യുദ്ധ സമയത്ത് ബ്രിട്ടന്റെ രാജാവ് ജോർജ് അഞ്ചാമനും, ജർമനിയുടെ ഭരണാധികാരി കൈസർ വില്യമും ബന്ധുക്കൾ ആയിരുന്നു. മറ്റൊരു വിധത്തിൽ പറഞ്ഞാൽ കസിൻസ് ആയിരുന്നു. ഇവർക്ക് പുറമെ റഷ്യൻ ചക്രവർത്തി സർ നിക്കോളസ് രണ്ടാമനും, മേൽപറഞ്ഞ രാജാക്കന്മാരുടെ കസിൻ ആയിരുന്നു. അങ്ങനെ മൂന്ന് കസിൻസ് അറിഞ്ഞോ അറിയാതെയോ ഈ യുദ്ധത്തിൽ വന്നുപെട്ടു.
വിക്ടോറിയാ രാജ്ഞി യൂറോപ്പിന്റെ മുത്തശ്ശിയെന്ന് വിശേഷിപ്പിക്കപ്പെട്ടിട്ടുണ്ട്. വിക്ടോറിയാ രാജ്ഞി പതിനാല് വർഷങ്ങൾകൂടി ജീവിച്ചിരുന്നുവെങ്കിൽ അവരുടെ ചെറുമക്കൾ വിരുദ്ധ ചേരികളായുള്ള ഒന്നാം ലോകയുദ്ധം ഉണ്ടാകുകയില്ലായിരുന്നുവെന്ന് ചില യൂറോപ്യൻ ചരിത്രകാരന്മാർ അഭിപ്രായപ്പെട്ടിട്ടുണ്ട്. എന്നാൽ ബന്ധുക്കളുടെ, കസിൻസിന്റെ, പടലപ്പിണക്കങ്ങളുടെ അനന്തരഫലം ആയിരുന്നില്ല ഒന്നാം ലോകയുദ്ധം. അതിന് സാമ്പത്തികവും രാഷ്ട്രീയപരവുമായ കാരണങ്ങൾ ഉണ്ട്. വ്യാവസായികമായി വൻ വളർച്ച പ്രാപിച്ച രണ്ടു യൂറോപ്യൻ രാജ്യങ്ങൾ, ഇംഗ്ലണ്ടും ജർമനിയും തങ്ങളുടെ വിഭവങ്ങൾ ശേഖരിക്കാനും, ഉത്പന്നങ്ങൾ വിറ്റഴിക്കാനുമുള്ള കോളനികൾക്കായുള്ള അന്വേഷണത്തിൽ പങ്കുചേർന്നത് അവരെ പരസ്പര വൈരികളാക്കി മാറ്റി.

ഈ രണ്ട് രാജ്യങ്ങളിലെയും ഭരണകൂടങ്ങളെ നിയന്ത്രിച്ചിരുന്നത് വൻകിട വ്യവസായ സ്ഥാപനങ്ങളാണ്. കോളനികൾ ആവശ്യമായിരുന്ന ഈ രണ്ട് രാജ്യങ്ങൾ തമ്മിലുള്ള മത്സരം യുദ്ധം അനിവാര്യമാക്കിതീർത്തു. ലെനിൻ വിശേഷിപ്പിച്ചതുപോലെ 1914 മുതൽ 1918 വരെയുള്ള ഒന്നാം ലോകയുദ്ധം ഒരു സാമ്രാജ്യത്വയുദ്ധമായിരുന്നു. സാമ്രാജ്യത്വ യുദ്ധത്തിൽ ബന്ധുമിത്രാദികൾക്കോ, അവരുടെ ബന്ധങ്ങൾക്കോ യാതൊരു പ്രാധാന്യമോ സ്ഥാനമോ ഉണ്ടായിരുന്നില്ല. അങ്ങനെ കസിൻസിന്റെ ബന്ധങ്ങളെ കടപുഴക്കിക്കൊണ്ട് യുദ്ധം ആരംഭിച്ചു. ഈ മൂന്ന് കസിൻസിൽ ജോർജ് അഞ്ചാമനൊഴിച്ചു ബാക്കി രണ്ടുപേരും ഒന്നാംലോകയുദ്ധത്തോടെ സ്ഥാനഭ്രഷ്ടരാക്കപ്പെട്ടു. റഷ്യൻ വിപ്ലവത്തെത്തുടർന്ന് സർ നിക്കോളസിനെ സൈബീരിയയിലേക്ക് നാട് കടത്തിയെങ്കിൽ, കൈസർ വില്യം ജർമനിയിൽനിന്ന് ഹോളണ്ടിലേക്ക് പാലായനം ചെയ്തു. അതോടെ ലോക ചരിത്രത്തിലെ അപൂർവമായ രാജകീയ കസിൻസ് ബന്ധം അവസാനിച്ചു, അത് പുതിയ രാഷ്ട്രീയമാറ്റങ്ങൾക്ക് വഴിയൊരുക്കുകയും ചെയ്തു.