മായാത്ത ചെറുചിരി

ഒരു സ്‌നേഹമായി, തമാശയായി, ഒരു തർക്കുത്തരമായി, ഒടുവിൽ മുറിവായി, രോഷമായി, ഒരു നിശ്വാസമായി അവനിടക്കിടെ കയറിവരും. ഇത്രയും മുറിപ്പെടുത്തിയ ഒരു മരണം ബഷീറിന്റെ കൂട്ടുകാരിൽ ആർക്കും ഉണ്ടായിട്ടുണ്ടാകില്ല. എന്തുകൊണ്ടായിരിക്കും നിരന്തരം അവൻ ഇങ്ങനെ മുന്നിൽ വന്നുനിൽക്കുന്നത്? അതിനുള്ള ഉത്തരം കൂടിയാണ്  "ആ ചെറു ചിരിയിൽ' എന്ന പുസ്തകം. ഈ പുസ്തകത്തിന്റെ മികവ് എന്നത് ഉപചാരത്തിന് വേണ്ടി ഒരു പ്രമുഖന്റെയും കുറിപ്പ് ചേർത്തിട്ടില്ല എന്നതാണ്. ബഷീറിനെക്കുറിച്ച് ഏറ്റവും അടുത്തനുഭവിച്ചവർ മാത്രമാണതിലെഴുതിയത്. അത് തന്നെ ഹൃദയം തൊട്ടെഴുതിയ കുറിപ്പുകൾ.
Posted on: December 23, 2019 2:12 pm | Last updated: December 23, 2019 at 2:12 pm

ബഷീർ പോയിട്ട് 142 ദിവസമായി. ഇതിനിടയിൽ അവനെ കുറിച്ച് പറയാതെയോ ഒന്നോർക്കാതെയോ ഒരു ദിനവും കഴിഞ്ഞുപോയിട്ടില്ല. ഒരു സ്‌നേഹമായി, തമാശയായി, ഒരു തർക്കുത്തരമായി, ഒടുവിൽ മുറിവായി, രോഷമായി, ഒരു നിശ്വാസമായി അവനിടക്കിടെ കയറിവരും. ഇത്രയും മുറിപ്പെടുത്തിയ ഒരു മരണം ബഷീറിന്റെ കൂട്ടുകാരിൽ ആർക്കും ഉണ്ടായിട്ടുണ്ടാകില്ല. എന്തുകൊണ്ടായിരിക്കും നിരന്തരം അവൻ ഇങ്ങനെ മുന്നിൽ വന്നുനിൽക്കുന്നത്? അതിനുള്ള ഉത്തരം കൂടിയാണ് “ആ ചെറു ചിരിയിൽ’ എന്ന പുസ്തകം.

എഡിറ്റർ ഷാനവാസ് പോങ്ങനാടിന്റെ ആമുഖത്തിൽ തുടങ്ങി ഈ പുസ്തകത്തിൽ പലരും ആവർത്തിക്കുന്ന ഒരു ചോദ്യമുണ്ട്; ‘ആരായിരുന്നു എനിക്ക് ബഷീർ’ എന്ന്. അത്രമേൽ അടുത്ത ഒരാളാകാൻ മാത്രം ആരായിരുന്നു എന്നാണ് ആ ചോദ്യത്തിനർഥം. അവിചാരിതമായും ദാരുണമായും കെ എം ബഷീർ പോയതിലെ വേദന ആർക്കും സഹിക്കാനാകുന്നില്ല.

“അവൻ എനിക്ക് മകനെപ്പോലെ’ എന്ന കാന്തപുരം എ പി അബൂബക്കർ മുസ്‌ലിയാരുടെ തലവാചകത്തിൽ തന്നെയുണ്ട് ബഷീറിനോട് വലിയ മനുഷ്യർ പോലും ഉള്ളിൽ സൂക്ഷിച്ച സ്‌നേഹം. സയ്യിദ് ഇബ്‌റാഹീം ഖലീലുൽ ബുഖാരി തങ്ങൾ തന്റെ കുറിപ്പിൽ തന്റെ ഒപ്പമുള്ള ബഷീറിന്റെ വിദേശ യാത്രയെക്കുറിച്ചും തിരുവനന്തപുരത്തെ കൂടെയുണ്ടാകാറുള്ള സന്ദർഭങ്ങളെക്കുറിച്ചും അയവിറക്കുന്നു.

മുതിർന്ന മാധ്യമ പ്രവർത്തകൻ ജി ശേഖരൻ നായർ പറയുന്നത് ഇങ്ങനെ: എന്നെക്കാൾ എത്രയോ ചെറുപ്പമായിരുന്നിട്ടും നീ എന്നിൽ നിന്ന് അകന്നുനിന്നില്ല. സാറേ എന്ന് വിളിച്ച് ഓടിവന്ന് നീ കെട്ടിപ്പിടിക്കുമ്പോൾ കൊച്ചനിയനെ കരവലയത്തിലാക്കിയ അനുഭൂതിയായിരുന്നു എനിക്ക്. അഭിപ്രായങ്ങളും മാർഗ നിർദേശങ്ങളും നൽകുന്നു ഗുരുവായാണ് എന്നെ നീ കണക്കാക്കിയതെന്ന് നിന്റെ വാക്കുകളിൽ നിന്ന് ഞാൻ മനസ്സിലാക്കി. എന്നാൽ നിനക്കോ? യഥാർഥത്തിൽ നീ എന്റെ ആരായിരുന്നെടോ? സുഹൃത്തോ അനുജനോ അതോ മകനോ?” വളരെ വൈകാരികമായാണ് ബഷീറിനെ കുറിച്ചെഴുതിയ കുറിപ്പ് അദ്ദേഹം എഴുതി ആവസാനിപ്പിക്കുന്നത്. ”നീ ഇപ്പോൾ നിന്റെ പിതാവിന്റെ ഖബറിടത്തിനടുത്ത് അദ്ദേഹത്തെയും പുണർന്ന് കിടപ്പുണ്ടാകും. നിന്റെ നാട്ടിൽ എന്നെങ്കിലും വരുമ്പോൾ നിന്റെ ഖബർ കാണാനെത്തും. അവിടെ ഞാൻ കണ്ണടച്ചു നിൽക്കും…. സാറേ എന്ന നിന്റെ വിളി കേൾക്കാൻ”
ബഷീർ ജീവിതത്തിലേക്ക് കടന്നുവന്നിട്ടില്ലാത്ത ഒറ്റ ദിവസവും കഴിഞ്ഞ പത്ത് വർഷത്തിനിടയിൽ ജീവിതത്തിൽ ഉണ്ടായിട്ടില്ല എന്നാണ് ജന്മഭൂമി ചീഫ് സബ് എഡിറ്റർ പ്രദീപ് എഴുതുന്നത്. ആലിസ് ഇൻ വണ്ടർ ലാൻഡിലെ പൂച്ചയുടെ ചിരി പോലെയാണ് ബഷീറിന്റെ ചിരിയെന്നാണ് മലയാള മനോരമ ചീഫ് റിപ്പോർട്ടർ ഈ സോമനാഥ് എഴുതുന്നത്. പൂച്ച അപ്രത്യക്ഷമായാലും ചിരി മായാതെ നിൽക്കും. ബഷീർ ലോകത്ത് നിന്ന് തന്നെ അപ്രത്യക്ഷനായാലും ചിരി മായാതെ നിൽക്കും. പരിചയത്തിന്റെ പഴക്കം കൊണ്ട് വീര്യം കൂടുന്ന വീഞ്ഞായിരുന്നില്ല ബഷീർ എന്ന് അദ്ദേഹം പറയുന്നു. ആദ്യത്തെ കണ്ടുമുട്ടലിൽ തന്നെ സൗഹൃദത്തിന്റെ വീര്യം ബഷീർ മറ്റുള്ളവരിലേക്ക് പകർന്നു.
പകൽ അന്ത്യയാമങ്ങൾക്ക് വഴി മാറിയാലും രാവ് പാതി പിന്നിട്ടാലും നിദ്രാവിഹീനനായി വാർത്തകളിൽ കണ്ണുംനട്ടിരിക്കുന്ന ബഷീറിനെക്കുറിച്ചാണ് സിറാജ് എഡിറ്റർ ഇൻ ചാർജ് ടി കെ അബ്ദുൽ ഗഫൂർ പറയുന്നത്. ഡ്യൂട്ടിക്ക് സമയം നിശ്ചയിച്ചിട്ടില്ലാത്ത പത്രപ്രവർത്തകൻ. യൂനിറ്റ് ചീഫുമാരുടെ യോഗത്തിലും ബ്യൂറോ ചീഫുമാരുടെ യോഗത്തിലും നല്ല തയ്യാറെടുപ്പോടെ വരുന്ന ബഷീർ. വാർത്തകൾക്ക് തലവാചകം നൽകി, അടുക്കും ചിട്ടയോടെയും ലേ ഔട്ട് ചെയ്ത് പ്രത്യേകം ഹൈലറ്റ് ചെയ്യേണ്ട കാര്യങ്ങൾ സൂചിപ്പിച്ചാണ് മെയിൻ ഡസ്‌കിലേക്ക് മെയിൽ ചെയ്യുകയെന്ന് അദ്ദേഹം അനുഭവം പറയുന്നു.

“ബഷീർ ഒരു ദൃഷ്ടാന്തമാണ്. ബഷീർ വാണിയന്നൂർ എന്ന പ്രാദേശിക ലേഖകനിൽ നിന്ന് കെ എം ബഷീർ എന്ന ജില്ലാ ലേഖകനിലേക്കും അവിടെ നിന്ന് കെ എം ബിയെന്ന മൂന്നക്ഷരത്തിലേക്കും തലസ്ഥാനത്തേക്കും വളർന്ന ബഷീർ ഒരു ദൃഷ്ടാന്തമാണ്. തുടക്കക്കാർക്ക് കണ്ടുപഠിക്കാം” എന്ന് അനുസ്മരിക്കുന്നു പി ടി നാസർ . ബഷീറുമായുണ്ടായ ഒരു പിണക്കത്തിന്റെയും അതവസാനിച്ച ഹൃദയഹാരിയായ രംഗത്തിന്റെയും കഥ വളരെ നന്നായി അവതരിപ്പിക്കുന്നു പി എസ് റംഷാദ്. പ്രസ് ഇൻഫർമേഷൻ ബ്യൂറോ ഡെപ്യൂട്ടി ഡയറക്ടർ ഡോ. നീതു സോണ, എഴുത്തുകാരനായ സി റഹീം, ചന്ദ്രിക ലേഖകൻ സിനു എസ് പി കുറുപ്പ്, കലാകൗമുദിയിലെ അരവിന്ദ് ശശി എന്നിവരും തങ്ങളുടെ ബഷീർ ഓർമകൾ പങ്കുവെച്ചിരിക്കുന്നു. സഹപ്രവർത്തകരായ ഖാസിം എ ഖാദർ, മുനീർ കുമരംചിറ, എസ് ശ്രീജിത് എന്നവരുടെ കുറിപ്പിൽ അഘാതമായ ആ ബന്ധത്തിന്റെ ആഴം വായിക്കാം.

ടെൻസി ജെയ്ക്കബ് ബഷീറിന്റെ വീട്ടുകാരുടെ അടുത്തിരുന്നെഴുതിയ ആ കുറിപ്പ് ഒരിറ്റ് കണ്ണീർ പൊടിയാതെ ആർക്കും വായിച്ചവസാനിപ്പിക്കാനാകില്ല. ഉമ്മയും പറയുന്നുണ്ട്, എന്തുപറയുമ്പോഴും അവന്റെ മുഖത്ത് വിരിയുന്ന ആ ചിരിയെക്കുറിച്ച്. രണ്ടാം ക്ലാസുകാരിയായ മകൾ ജന്നയുടെയും ബഷീർ പോകുമ്പോൾ വെറും ആറ് മാസക്കാരിയായ അസ്മിയുടെയും വിവരണങ്ങൾ. പത്ത് വർഷം പോലും തികക്കാത്ത ബഷീറിന്റെ ദാമ്പത്യം, പുതിയ വീട്ടിൽ പത്ത് ദിവസം പോലും തികച്ച് കഴിയാതെ വിട്ടുപോയ ആ വേർപാട്… എങ്ങനെയാണ് ബഷീർ ഇത്ര ചെറിയ കാലത്തിനിടക്ക് എല്ലാവരുടെയും വാത്സല്യവും സ്‌നേഹവും ബഹുമാനവും ആർജിച്ചത്? വടകര മുഹമ്മദ് ഹാജിയെന്ന സൂഫി വര്യന്റെ മകൻ. ആ നന്മകളുടെ ഒരംശം ബഷീറിലുമുണ്ടായിരുന്നു.

ഈ പുസ്തകത്തിന്റെ മികവ് എന്നത് ഉപചാരത്തിന് വേണ്ടി ഒരു പ്രമുഖന്റെയും കുറിപ്പ് ചേർത്തിട്ടില്ല എന്നതാണ്. ബഷീറിനെക്കുറിച്ച് ഏറ്റവും അടുത്തനുഭവിച്ചവർ മാത്രമാണ് അതിലെഴുതിയത്. അത് തന്നെ ഹൃദയം തൊട്ടെഴുതിയ കുറിപ്പുകൾ.