Connect with us

Articles

ഒരു ദുര്‍ബല രാജ്യമാകുമോ ഇന്ത്യ?

Published

|

Last Updated

ഇന്ത്യയെന്ന ജനാധിപത്യ രാജ്യം ലോക ഭൂപടത്തില്‍ നിന്ന് മായ്ച്ചുകളഞ്ഞ് അതിനെ മതരാഷ്ട്രമാക്കാനുള്ള തീവ്രശ്രമത്തിന്റെ ഒടുവിലത്തെ ചുവടുവെപ്പാണ് ദേശീയ പൗരത്വ ഭേദഗതി നിയമം. ലോക രാജ്യങ്ങള്‍ക്കിടയില്‍ ഈ വിവാദ നിയമം ചര്‍ച്ചയായിക്കഴിഞ്ഞു. അധികാരത്തിന്റെ രണ്ടാമൂഴത്തില്‍ മതിമറന്നാണ് ആര്‍ എസ് എസും സംഘ്പരിവാരവും നേതൃത്വം കൊടുക്കുന്ന മോദി ഭരണകൂടം തലമറന്ന് എണ്ണതേക്കാനുള്ള തീരുമാനത്തിലേക്ക് എടുത്തുചാടുന്നത്. മുസ്‌ലിംകളില്ലാത്ത ഇന്ത്യയെക്കുറിച്ചുള്ള ആര്‍ എസ് എസ് സ്വപ്‌നത്തിന് മതേതര ഇന്ത്യയുടെ പ്രായത്തോളം പഴക്കമുണ്ട്. പല വേദിയിലും അത് അവര്‍ തുറന്നവതരിപ്പിച്ചതുമാണ്. കാലങ്ങളായുള്ള റിഹേഴ്‌സലുകള്‍ക്കൊടുവില്‍ ആസൂത്രിതമായി ദേശീയ പൗരത്വ ഭേദഗതി നിയമം അവര്‍ വിജയിപ്പിച്ചെടുത്തിരിക്കുന്നു. വംശവെറിയില്‍ അഭിരമിക്കുന്ന ആര്‍ എസ് എസിന്റെ പ്രീതി ലക്ഷ്യമാക്കിത്തന്നെയാണ് ഈ കരുനീക്കം.
നിയമ ഭേദഗതിക്ക് ലോക്‌സഭയില്‍ മൃഗീയ ഭൂരിപക്ഷവും രാജ്യസഭയില്‍ ഹീനതന്ത്രം ഉപയോഗിച്ച് തട്ടിക്കൂട്ട് പിന്തുണയും നേടിയെടുക്കാന്‍ കഴിയുമെന്ന് മോദി, ഷാ കൂട്ടുകെട്ട് നേരത്തേ കണക്കുകൂട്ടിയതാണ്. പോരാത്തതിന് രാംനാഥ് കോവിന്ദ് എന്ന ആര്‍ എസ് എസുകാരനെ രാഷ്ട്രപതിയാക്കുകവഴി ഏത് ന്യൂനപക്ഷ വിരുദ്ധ നിയമവും ഒപ്പിട്ട് പാസ്സാക്കിയെടുക്കാന്‍ എളുപ്പമാണെന്ന് അവര്‍ക്കറിയാം. ഒരുപക്ഷേ ഇത്തരം നീക്കത്തിന് എന്തെങ്കിലും തടസ്സം നില്‍ക്കാന്‍ വിദൂര സാധ്യത മാത്രമുള്ള ഇന്ത്യന്‍ ജുഡീഷ്യറിയെയും തങ്ങളുടെ വരുതിക്ക് നിറുത്താനുള്ള ചില ശുദ്ധികലശങ്ങളൊക്കെ മുമ്പേ അവര്‍ നടത്തിയതുമാണ്. അതില്‍ അവര്‍ പൂര്‍ണമായും വിജയിക്കുമോ എന്ന കാര്യത്തില്‍ മാത്രമേ ഇപ്പോള്‍ സംശയങ്ങള്‍ ബാക്കിനില്‍ക്കുന്നുള്ളൂ. അഥവാ ആ സംശയത്തില്‍ മാത്രമാണ് ഇന്ത്യന്‍ ഫാസിസത്തിന്റെ ഇരകളാക്കപ്പെട്ടവരുടെ നേരിയ പ്രതീക്ഷകള്‍ കുടികൊള്ളുന്നത്. ഇങ്ങനെയൊക്കെയാണെങ്കിലും ലോക ചരിത്രത്തില്‍ ഹിറ്റ്‌ലറുടെയും മുസോളിനിയുടെയും ഫ്രാങ്കോമാരുടെയും അടക്കം മനുഷ്യത്വവിരുദ്ധരായ ക്രൂര ഭരണാധികാരികളുടെ പല പദ്ധതികളും പൊളിഞ്ഞ് പാളീസായ ചരിത്രമേയുള്ളൂ.

ലോകത്തിലെ ഒരു ഫാസിസ്റ്റും ലോകമാനവികതയെ അതിജീവിച്ച് വിജയം നേടിയ ചരിത്രമില്ല. കാരണം ഫാസിസം അതിന്റെ ക്രൂരമായ ഉന്മാദാവസ്ഥയില്‍ എത്തുമ്പോള്‍ അതിന്റെ തന്നെ സ്വയം നാശത്തിനുള്ള കാരണങ്ങള്‍ കൂടി വരുത്തിക്കും. ഫാസിസത്തിന്റെ കഴിഞ്ഞകാല ചരിത്രമത്രയും അതാണ് വ്യക്തമാക്കുന്നത്. ലോകം കൈപ്പിടിയില്‍ ഒതുങ്ങി എന്ന ഘട്ടം വരെ എത്തിയതിനുശേഷമാണ് റഷ്യന്‍ ചെമ്പടയാല്‍ വളയപ്പെട്ട ഹിറ്റ്‌ലര്‍ ബങ്കറിനകത്ത് സ്വന്തം നെഞ്ചിലേക്ക് വെടിയുതിര്‍ത്ത് ജീവന്‍ കളഞ്ഞത്. ഫാസിസത്തിന്റെ ഉപജ്ഞാതാവെന്ന് വിശേഷിപ്പിക്കപ്പെടുന്ന മുസോളിനിയെ ഒടുവില്‍ ജനം തെരുവിലിട്ട് കൊന്നുകളഞ്ഞു. 40 വര്‍ഷത്തിലേറെ സ്‌പെയിനില്‍ ഏകാധിപതി ചമഞ്ഞ ജനറല്‍ ഫ്രാങ്കോവിനും ജനരോഷത്തിനു മുമ്പില്‍ പിടിച്ചു നില്‍ക്കാനായില്ല. ഈ ചരിത്രങ്ങളുടെയൊക്കെ പുനരാവര്‍ത്തനം തന്നെയാണ് ഫാസിസ്റ്റുകള്‍ മനസ്സില്‍ സൂക്ഷിക്കുന്ന ഭയവും ഇരകളാക്കപ്പെടുന്നവര്‍ പ്രതീക്ഷിക്കുന്ന കാവ്യ നീതിയും.

ദേശീയ പൗരത്വ ബില്‍ രണ്ട് സഭകളിലും പാസ്സാക്കി രാഷ്ട്രപതി ഒപ്പുവെച്ച് നിയമമാക്കി. ഒരു പക്ഷേ ജുഡീഷ്യറിയില്‍ നിന്ന് അനുകൂല വിധി വന്നു എന്നിരിക്കട്ടെ. എന്നാല്‍ പോലും വിചാരിച്ചത്ര എളുപ്പത്തില്‍ ഈ പദ്ധതി നടപ്പാക്കാനാകുമെന്ന് തോന്നുന്നില്ല. ഇന്ത്യയിലെ ഭൂരിഭാഗം സംസ്ഥാനങ്ങളിലും പൊട്ടിപ്പുറപ്പെട്ട പ്രതിഷേധവും ഇന്ത്യന്‍ ക്യാമ്പസുകളില്‍ ഉരുണ്ടുകൂടുന്ന വിദ്യാര്‍ഥി പ്രക്ഷോഭങ്ങളും ഭരണകൂടത്തിന്റെ ഉറക്കം കെടുത്തുന്നത് തന്നെയാകും.

എല്ലാ അര്‍ഥത്തിലും പ്രതീക്ഷ അസ്തമിച്ച ജനത തെരുവില്‍ നിലയുറപ്പിക്കുകയും അവര്‍ക്ക് അന്താരാഷ്ട്രതലത്തിലും രാജ്യത്തൊട്ടാകെയും പിന്തുണ ഏറിവരികയും ചെയ്താല്‍ അത് ഇന്ത്യന്‍ ഫാസിസത്തിന്റെ അടിക്കല്ലിളക്കുക തന്നെ ചെയ്യും.
രാജ്യത്തെ ആഭ്യന്തരമായി ദുര്‍ബലപ്പെടുത്താനും അന്താരാഷ്ട്ര നയതന്ത്ര രംഗത്ത് ഒറ്റപ്പെടലിനും മാത്രമേ ഇത്തരം തലതിരിഞ്ഞ നിയമങ്ങള്‍ സൃഷ്ടിച്ചെടുക്കുന്നതിലൂടെ സാധ്യമാകൂ. ഇന്ത്യയില്‍ ആര്‍ എസ് എസ് വിഭാവനം ചെയ്യുന്ന സവര്‍ണ ഹൈന്ദവ ഫാസിസം ലക്ഷ്യത്തില്‍ എത്തുകയില്ല എന്നുമാത്രമല്ല മതേതര ജനാധിപത്യം തകരുന്നതോടെ അറ്റമില്ലാത്ത കലാപങ്ങള്‍ അഴിഞ്ഞാടുന്ന ഒരു ദുര്‍ബല രാജ്യമായി ഇന്ത്യ മാറുകയും ചെയ്തേക്കാം.

സാമ്പത്തികമായ തകര്‍ച്ചയും മതപരമായ അകല്‍ച്ചയും ഒത്തുവരുമ്പോള്‍ സംഭവിക്കുന്ന അരക്ഷിതാവസ്ഥയും ആഭ്യന്തര കലഹങ്ങളും വിഘടനവാദവും എല്ലാം അരങ്ങു തകര്‍ക്കുന്ന ഒരു ദുര്‍ബല ഇന്ത്യ കോര്‍പറേറ്റുകള്‍ക്കു പോലും വേണ്ടാത്തതായി മാറിയാല്‍ അത്ഭുതപ്പെടാനില്ല. അതുകൊണ്ട് രാജ്യമൊട്ടാകെ പൗരത്വ ഭേദഗതി നിയമത്തിനെതിരായി നടക്കുന്ന ശക്തമായ സമരങ്ങള്‍ പുറത്താക്കപ്പെടാന്‍ സാധ്യതയുള്ള മുസ്‌ലിം ന്യൂനപക്ഷത്തിനു വേണ്ടി മാത്രമുള്ളതായി ചുരുക്കിക്കാണരുത്. ഭരണഘടനയെയും മതേതരത്വത്തെയും ജനാധിപത്യത്തെയും സംരക്ഷിക്കാന്‍ വേണ്ടിയുള്ള മുന്നേറ്റമായി കാണണം. അതുകൊണ്ട് ഇന്ത്യയൊട്ടാകെ ശക്തമായ ബോധവത്കരണങ്ങളും സമാധാനപരമായ പ്രക്ഷോഭങ്ങളും സംഘടിപ്പിച്ച് ഫാസിസത്തെ ചെറുക്കുക എന്ന അജന്‍ഡയിലേക്ക് ഇന്ത്യയിലെ ബി ജെ പി ഇതര കക്ഷികള്‍ക്ക് ഐക്യപ്പെടാനുള്ള സുവര്‍ണാവസരം കൂടിയാണ് ദേശീയ പൗരത്വ ഭേദഗതി നിയമം വഴിയൊരുക്കിയിരിക്കുന്നത്. മോദിയും ഷായും മാത്രമല്ല ബി ജെ പിയെന്ന് ആ പാര്‍ട്ടിയിലെ വിവേകം അവശേഷിക്കുന്ന പല നേതാക്കളെയും ബോധ്യപ്പെടുത്താനുള്ള ശ്രമങ്ങള്‍ മറ്റു കക്ഷികള്‍ നടത്തേണ്ടതുണ്ട്. അതിന് കരുത്തുറ്റ ഒരു ദേശീയ നേതാവിനെ കണ്ടെത്തുക എന്നതും തങ്ങളുടെ ദൗത്യമായി പ്രതിപക്ഷം ഏറ്റെടുക്കേണ്ടതുണ്ട്. അടിയന്തരാവസ്ഥക്കാലത്ത് അതിനെ പ്രതിരോധിക്കാന്‍ ജയപ്രകാശ് നാരായണന്റെ നേതൃത്വത്തില്‍ ഒരു സമ്പൂര്‍ണ വിപ്ലവം എന്ന ആശയം ഉരുത്തിരിഞ്ഞു വന്നിരുന്നു. അതാണ് ഇപ്പോള്‍ ഇന്ത്യ ആവശ്യപ്പെട്ടുകൊണ്ടിരിക്കുന്നത്. ഏതായാലും ഫാസിസത്തിന് ഉദ്ദേശിച്ചത്ര എളുപ്പത്തില്‍ കടന്നുകയറി ആധിപത്യമുറപ്പിക്കാന്‍ കഴിയുന്ന മണ്ണല്ല ബഹുസ്വരത ഇനിയും പൂര്‍ണമായും കൈയൊഴിഞ്ഞിട്ടില്ലാത്ത ഇന്ത്യ എന്ന പാഠം നല്‍കുന്നുണ്ട് പൗരത്വ ഭേദഗതി നിയമാനന്തരമുള്ള സാഹചര്യം.