Connect with us

National

ഝാര്‍ഖണ്ഡില്‍ മഹാസഖ്യത്തിന് നേരിയ മുന്‍തൂക്കം

Published

|

Last Updated


റാഞ്ചി | ഝാര്‍ഖണ്ഡ് നിയമസഭാ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ പുരോഗമിക്കുമ്പോള്‍ മഹാസഖ്യവും ബി ജെ പിയും തമ്മില്‍ ഇഞ്ചോടിഞ്ച് പോരാട്ടം. ഒടുവില്‍ പുരോഗമിക്കുമ്പോള്‍ ജെ എം എം, കോണ്‍ഗ്രസ്, ആര്‍ ജെ ഡി സഖ്യം 39 സീറ്റുകളില്‍ മുന്നിട്ട് നില്‍ക്കുകയാണ്. ഭരണകക്ഷിയായ ബി ജെ പി 31 സീറ്റുകളിലും മുന്നിട്ട് നില്‍ക്കുന്നു. എ ജെ എസ് യു മൂന്നും സ്വതന്ത്രര്‍ എട്ട് സീറ്റുകളിലും മുന്നിട്ട് നില്‍ക്ുകയാണ്. സംസ്ഥാനത്ത് ശക്തമായി തിരിച്ചുവരാന്‍ കോണ്‍ഗ്രസ് സഖ്യത്തിന് കഴിഞ്ഞിട്ടുണ്ടെങ്കിലും അധികാരത്തിലേക്ക് എത്തുമോയെന്നത് പ്രവചനാതീതമാണ്. നിലവിലെ ലീഡ് നില പ്രകാരം ബി ജെ പിയാണ് ഏറ്റവും വലിയ ഒറ്റകക്ഷി.

ബി ജെ പിയുടേയും മഹാ സഖ്യത്തിന്റേയും പ്രമുഖരല്ലാം മുന്നിട്ട് നില്‍ക്കുകയാണ്. ജെ എം എം നേതാവ് ഹേമന്ദ് സോറന്‍ മത്സരിച്ച രണ്ട് മണ്ഡലങ്ങളിലും ലീഡ് ചെയ്യുകയാണ്. ബി ജെ പി മുഖ്യമന്ത്രി രഘുബര്‍ദാസ് ജെം്ഡപൂര്‍ ഈസ്റ്റില്‍ ആദ്യം പിന്നില്‍ പോയെങ്കിലും ഇപ്പോള്‍ ലീഡ് പിടിച്ചിട്ടുണ്ട്. വോട്ടെണ്ണല്‍ പുരോഗമിക്കുന്നതിനിടെ വീണ്ടും സര്‍ക്കാര്‍ രൂപവത്ക്കരിക്കാനുള്ള അണിയറ ശ്രമങ്ങള്‍ ബി ജെ പി തുടങ്ങിയതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

ആകെ 237 സ്ഥാനാര്‍ത്ഥികളാണ് ജാര്‍ഖണ്ഡ് നിയമസഭയിലേക്ക് ജനവിധി തേടുന്നത്. 81 അംഗ നിയമസഭയിലെ 65 സീറ്റിലേക്കുള്ള തിരഞ്ഞടുപ്പ് നവംബര്‍ 30, ഡിസംബര്‍ 16, ഡിസംബര്‍ 20 എന്നീ തിയ്യതികള്‍ക്കുള്ളില്‍ നാല് ഘട്ടങ്ങളിലായാണ് നടന്നത്.
പൗരത്വനിയമഭേദഗതിക്കെതിരെ രാജ്യമൊന്നാകെ പ്രതിഷേധം ശക്തിപ്പെട്ട പശ്ചാത്തലത്തില്‍ തിരഞ്ഞെടുപ്പ് ഫലങ്ങള്‍ ബി ജെ പിക്കും പ്രതിപക്ഷ പാര്‍ട്ടികള്‍ക്കും നിര്‍ണായകമായിരിക്കും.

---- facebook comment plugin here -----

Latest