Connect with us

National

പൗരത്വ നിയമ ഭേദഗതി: ന്യായീകരണവുമായി മോദി

Published

|

Last Updated

ന്യൂഡല്‍ഹി | പൗരത്വ നിയമ ഭേദഗതി നിയമം നടപ്പിലാക്കിയതിനെ ന്യായീകരിച്ച് പ്രധാന മന്ത്രി നരേന്ദ്ര മോദി. ജന വിധിയാണ് നടപ്പിലാക്കിയതെന്നും എന്നാല്‍, പൗരത്വ രജിസ്റ്റര്‍ രാജ്യവ്യാപകമായി നടപ്പിലാക്കാന്‍ സര്‍ക്കാറിന് ഉദ്ദേശ്യമില്ലെന്നും മോദി പറഞ്ഞു. ഡല്‍ഹിയില്‍ തിരഞ്ഞെടുപ്പ് പ്രചാരണാര്‍ഥം രാംലീല മൈതാനിയില്‍ സംഘടിപ്പിച്ച ബി ജെ പി റാലിയില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. പൗരത്വ നിയമ ഭേദഗതി രാജ്യത്തെ ജനങ്ങളുടെ നല്ല ഭാവിക്കു വേണ്ടിയാണ്. എന്നാല്‍ ചില രാഷ്ട്രീയ കക്ഷികള്‍ ഇതിനെ എതിര്‍ത്ത് കിംവദന്തികള്‍ പ്രചരിപ്പിക്കുകയാണ്.രാജ്യത്ത് അരാജകത്വമുണ്ടാക്കാനാണ് പ്രതിപക്ഷ കക്ഷികളുടെ ശ്രമം.

ദേശീയ പൗരത്വ രജിസ്റ്ററിനെക്കുറിച്ചും കോണ്‍ഗ്രസ്, അവരുടെ സഖ്യകക്ഷികള്‍, അര്‍ബന്‍ നക്സലുകള്‍ തുടങ്ങിയവര്‍ ചേര്‍ന്ന് അഭ്യൂഹങ്ങള്‍ പടച്ചുവിടുകയാണ്. മുസ്‌ലിങ്ങള്‍ക്കായി അഭയ കേന്ദ്രങ്ങള്‍ നിര്‍മിക്കുന്നതായി കള്ള പ്രചാരണം നടത്തുകയാണ്. രാജ്യത്ത് എവിടെയും മുസ്‌ലിങ്ങള്‍ക്കായി അഭയകേന്ദ്രങ്ങള്‍ നിര്‍മിച്ചിട്ടില്ല. ഇന്ത്യയിലെ പൗരന്‍മാര്‍ക്കു വേണ്ടിയുള്ളതല്ല പൗരത്വ ഭേദഗതി നിയമം. പാകിസ്താന്‍, അഫ്ഗാനിസ്ഥാന്‍, ബംഗ്ലാദേശ് എന്നിവിടങ്ങളില്‍ മതത്തിന്റെ പേരില്‍ പീഡനങ്ങള്‍ അനുഭവിക്കുന്നവര്‍ക്കു വേണ്ടിയാണ് ഈ നിയമം. പൗരത്വ നിയമ ഭേദഗതിയും പൗരത്വ രജിസ്റ്ററും ഇന്ത്യയിലെ മുസ്ലിങ്ങള്‍ക്ക് പ്രയാസമൊന്നും ഉണ്ടാക്കില്ല. മോദി വ്യക്തമാക്കി.