Connect with us

Articles

കുട്ടനാട്ടുകാരെ സ്‌നേഹിച്ച ‘കുവൈത്ത് ചാണ്ടി'

Published

|

Last Updated

വിദ്യാര്‍ഥി പ്രസ്ഥാനത്തിലൂടെ പൊതു പ്രവര്‍ത്തന രംഗത്തെത്തി കെ കരുണാകരന്റെ വിശ്വസ്ഥനെന്ന നിലയില്‍ അധികാര രാഷ്ട്രീയത്തിലേക്ക് എത്തുകയായിരുന്നു തോമസ് ചാണ്ടി. വന്‍ ബിസിനസ് സാമ്രാജ്യം പടുത്തുയര്‍ത്തിയ ശേഷം 1996ലായിരുന്നു തോമസ് ചാണ്ടിയുടെ രാഷ്ട്രീയ പുനഃപ്രവേശം. കായല്‍ ടൂറിസവുമായി ബന്ധപ്പെട്ട് അദ്ദേഹം പടുത്തുയര്‍ത്തിയ ലേക്പാലസ് റിസോര്‍ട്ടില്‍ അദ്ദേഹത്തിന്റെ അതിഥികളായെത്താത്ത രാഷ്ട്രീയ നേതാക്കള്‍ രാജ്യത്ത് തന്നെ വിരളം. ഒടുവില്‍ ഇതേ റിസോര്‍ട്ടിന്റെ പേരില്‍ തന്നെ അദ്ദേഹം മന്ത്രി സ്ഥാനത്ത് നിന്ന് സ്ഥാനഭ്രഷ്ടനാക്കപ്പെട്ടതും വിധി വൈപരീത്യം. കുവൈത്തിലെ ഇന്ത്യന്‍ സ്‌കൂളുമായി ബന്ധപ്പെട്ട ആരോപണത്തിലും ചാണ്ടിയുടെ പേര് ഉയര്‍ന്ന് കേട്ടെങ്കിലും രാഷ്ട്രീയത്തില്‍ സജീവമായി ഇത് മറികടക്കുകയായിരുന്നു.

കരുണാകരന്റെ ആശിര്‍വാദത്തോടെ 2006ല്‍ കുട്ടനാട്ടില്‍ യു ഡി എഫ് സ്ഥാനാര്‍ഥിയായി മത്സരിച്ച് ആദ്യമായി ചാണ്ടി നിയമസഭയിലെത്തി. പണത്തിന്റെ വിജയമായാണ് ചാണ്ടിയുടെ തിരഞ്ഞെടുപ്പ് വിജയത്തെ അന്ന് എല്ലാവരും വിലയിരുത്തിയത്. 2011ല്‍ ജോസഫ് വിഭാഗം കോണ്‍ഗ്രസ് എമ്മില്‍ ലയിച്ചപ്പോള്‍ എന്‍ സി പി, എല്‍ഡി എഫിനൊപ്പം ചേര്‍ന്നു. എന്നാല്‍ ഇക്കുറിയും കെ സി ജോസഫിനെ കാത്തിരുന്നത് പരാജയമായിരുന്നു. 2016ല്‍ കുട്ടനാട്ടില്‍ ഹാട്രിക് വിജയം നേടിയ ചാണ്ടി ആ തിരഞ്ഞെടുപ്പില്‍ കാര്യമായ പ്രചാരണം പോലും നടത്തിയിരുന്നില്ല. അതോടെ പണത്തിന്റെ സ്വാധീനമെന്ന ആരോപണത്തിന് പൂട്ടിടാനും ചാണ്ടിക്ക് സാധിച്ചു. സ്വന്തം പോക്കറ്റിലെ പണം നാടിന്റെ വികസനത്തിനായി ചെലവാക്കിയ ആള്‍ എന്നു തന്നെയാണ് കുട്ടനാട്ടുകാര്‍ ഒരേസ്വരത്തില്‍ അവരുടെ എം എല്‍ എയെ വിശേഷിപ്പിക്കുന്നത്. കണ്ണെത്താത്ത ദൂരത്തോളം പരന്നു കിടക്കുന്ന കായലിന്റെ കരകളില്‍ ശുദ്ധജലം കിട്ടാതെ വിഷമിച്ച ജനങ്ങള്‍ക്കായി ആവിഷ്‌കരിച്ച ശുദ്ധജല പദ്ധതികളും ഗതാഗതം സുഗമമാക്കുന്നതിനായി സ്ഥാപിച്ച പാലങ്ങളും അദ്ദേഹം നടപ്പാക്കിയ വികസനങ്ങളില്‍ ചിലതുമാത്രം. ഏതു പ്രതിസന്ധിയും നേരിടാനുള്ള ചങ്കുറപ്പ് മുഖമുദ്രയാണ്.

കുവൈത്ത് കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന തോമസ് ചാണ്ടിയുടെ നിക്ഷേപങ്ങളേറെയും ടൂറിസം മേഖലയിലാണ്. വിവാദങ്ങളില്‍പ്പെട്ട് എ കെ ശശീന്ദ്രന്‍ രാജിവെക്കുമ്പോള്‍ തോമസ് ചാണ്ടി കുവൈത്തിലായിരുന്നു. രാജിവാര്‍ത്ത അറിഞ്ഞതിനെ തുടര്‍ന്ന് കേരളത്തില്‍ മടങ്ങിയെത്തിയാണ് മന്ത്രിയാകാനുള്ള നീക്കങ്ങള്‍ തുടങ്ങിയത്. തോമസ് ചാണ്ടി മന്ത്രിയാകുമ്പോള്‍ കുട്ടനാടിനെ പ്രതിനിധീകരിക്കുന്ന ആദ്യ മന്ത്രിയെന്ന ഖ്യാതിയും അദ്ദേഹത്തിന് സ്വന്തമായിരുന്നു. കായല്‍ കൈയേറി റിസോര്‍ട്ട് നിര്‍മിച്ചെന്ന ആരോപണത്തില്‍ കുരുക്ക് മുറുകിയതോടെയാണ് ഗതാഗത മന്ത്രിസ്ഥാനം തോമസ് ചാണ്ടിക്ക് ഒഴിയേണ്ടി വന്നത്. 2017 ഏപ്രില്‍ ഒന്നിന് സത്യപ്രതിജ്ഞ ചെയ്ത് അധികാരത്തിലേറിയ തോമസ് ചാണ്ടിക്ക് കേവലം ആറര മാസക്കാലം മാത്രമാണ് മന്ത്രിക്കസേരയില്‍ ഇരിക്കാന്‍ സാധിച്ചത്. എ കെ ശശീന്ദ്രന് പിന്നാലെ ചാണ്ടിക്കും മന്ത്രിസ്ഥാനം ഒഴിയേണ്ടി വന്നത് എന്‍ സി പിക്കു കനത്ത തിരിച്ചടിയായിരുന്നു. പാര്‍ട്ടിയിലും മുന്നണിയിലും മാസങ്ങള്‍ നീണ്ട അനിശ്ചിതത്വമാണ് വിവാദങ്ങള്‍ സൃഷ്ടിച്ചത്. ഭൂമി കൈയേറ്റവുമായി ബന്ധപ്പെട്ട് സി പി ഐ മന്ത്രി നേതൃത്വം നല്‍കുന്ന റവന്യൂ വകുപ്പിന്റെ നടപടികള്‍ തോമസ് ചാണ്ടിയെ ഏറെ വേദനിപ്പിച്ചു. കുട്ടനാട്ടില്‍ എല്‍ ഡി എഫ് സംഘടിപ്പിച്ച വേദിയില്‍ സി പി ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനെ വേദിയിലിരുത്തി ഇതിനെതിരെ തോമസ് ചാണ്ടി പ്രതികരിച്ചതും വിവാദമായിരുന്നു. അതിനിടെ, ഭൂമി കൈയേറ്റ കേസില്‍ ഹൈക്കോടതിയെ സമീപിച്ച് തന്റെ നിരപരാധിത്വം തെളിയിച്ച് വീണ്ടും മന്ത്രിസഭയിലെത്താമെന്ന പ്രതീക്ഷയിലായിരുന്നു അദ്ദേഹം.

ഏറെ നാളായി അര്‍ബുദ രോഗത്തിന് ചികിത്സയിലായിരുന്ന അദ്ദേഹത്തിന്റെ ചികിത്സക്കായി രണ്ട് കോടിയോളം രൂപ സര്‍ക്കാര്‍ ഖജനാവില്‍ നിന്ന് ചെലവഴിച്ചതും എതിരാളികള്‍ വിവാദമാക്കിയിരുന്നു. വിവാദങ്ങള്‍ വിടാതെ പിന്തുടരുമ്പോഴും തന്റെ നേതൃത്വത്തിലുള്ള ട്രസ്റ്റില്‍ നിന്ന് വര്‍ഷം തോറും വന്‍തുകയാണ് ജീവകാരുണ്യപ്രവര്‍ത്തനങ്ങള്‍ക്കായി തോമസ് ചാണ്ടി ചെലവഴിച്ചുപോന്നിരുന്നതെന്ന് എതിരാളികള്‍ പോലും സമ്മതിക്കുന്നതാണ്.