Connect with us

Editorial

ദുര്‍ബലമാകുന്ന ജനാധിപത്യത്തിന്റെ മൂന്നാം തൂണ്‍

Published

|

Last Updated

എന്തിനാണ് രാജ്യത്തെ കോടതികള്‍ പ്രവര്‍ത്തിക്കുന്നത്? ജനാധിപത്യത്തിന്റെ മൂന്നാം തൂണെന്നു വിശേഷിപ്പിക്കപ്പെടുന്ന ജുഡീഷ്യറിയുടെ ധര്‍മമെന്താണ്? ഭരണകൂടത്തിന്റെ ജനാധിപത്യവിരുദ്ധ നയങ്ങള്‍ക്ക് ചൂട്ടുപിടിക്കുകയാണോ? പൗരത്വ നിയമ ഭേദഗതി നിയമ (സി എ എ)വുമായി ബന്ധപ്പെട്ടു കഴിഞ്ഞ ദിവസങ്ങളില്‍ സമര്‍പ്പിക്കപ്പെട്ട ഹരജികളുടെ കാര്യത്തില്‍ വിവിധ കോടതികളില്‍ നിന്നുണ്ടായ സമീപനമാണ് ഇങ്ങനെയൊരു സന്ദേഹത്തിന് കാരണം. സി എ എക്കെതിരെ വിവിധ സംഘടനകളും പാര്‍ട്ടികളും സമര്‍പ്പിച്ച അറുപതോളം ഹരജികള്‍ ബുധനാഴ്ച സുപ്രീം കോടതി പരിഗണനക്കെടുത്തപ്പോള്‍, ഇക്കാര്യത്തില്‍ കേന്ദ്ര സര്‍ക്കാറിന്റെ നിലപാട് അറിയാതെ ഒന്നും പറയാനോ തീരുമാനമെടുക്കാനോ ആകില്ലെന്നും വിശദീകരണമാവശ്യപ്പെട്ട് കേന്ദ്രത്തിനു നോട്ടീസയക്കാമെന്നും പറഞ്ഞ് വിഷയത്തില്‍ നിന്ന് തത്കാലം ഒഴിഞ്ഞു മാറുകയായിരുന്നു ജഡ്ജിമാര്‍. സി എ എക്കെതിരെ രാജ്യമെമ്പാടും പ്രതിഷേധജ്വാല കത്തിപ്പടര്‍ന്നിട്ടും വിശദീകരണം നല്‍കാന്‍ ജനുവരി രണ്ടാമത്തെ ആഴ്ച വരെ സര്‍ക്കാറിനു സമയം അനുവദിക്കുകയും ഭേദഗതിക്ക് സ്റ്റേ വേണമെന്ന ആവശ്യം നിരസിക്കുകയും ചെയ്തു കോടതി.

ജാമിഅ മില്ലിയ്യയിലും അലിഗഢ് സര്‍വകലാശാലയിലും പൗരത്വ നിയമ ഭേദഗതിയില്‍ പ്രതിഷേധിച്ച വിദ്യാര്‍ഥികള്‍ക്കെതിരെ പോലീസ് നടത്തിയ നരനായാട്ടിനെ കുറിച്ചും ക്യാമ്പസുകളില്‍ നടക്കുന്ന പോലീസ് അതിക്രമങ്ങളെക്കുറിച്ചും കോടതിയുടെ നേതൃത്വത്തില്‍ അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ടു സമര്‍പ്പിച്ച ഹരജിയില്‍ ഇടപെടാതെ ഹരജിക്കാരോട് ഹൈക്കോടതികളെ സമീപിക്കാന്‍ നിര്‍ദേശിച്ച് സുപ്രീം കോടതി ഒഴിഞ്ഞു മാറുകയും ചെയ്തു. ഇതടിസ്ഥാനത്തില്‍ ജാമിഅ മില്ലിയ്യ യിലെ പോലീസ് നടപടികള്‍ അവസാനിപ്പിക്കാനും വിദ്യാര്‍ഥികള്‍ക്ക് ഇടക്കാല സംരക്ഷണം നല്‍കാനും ഉത്തരവിടണമെന്നാവശ്യപ്പെട്ടു വിദ്യാര്‍ഥികള്‍ ഡല്‍ഹി ഹൈക്കോടതിയെ സമീപിച്ചപ്പോള്‍ കോടതി അതംഗീകരിച്ചതുമില്ല. മാത്രമല്ല, ജാമിഅ സംഘര്‍ഷവുമായി ബന്ധപ്പെട്ട ഹരജികള്‍ ഫെബ്രുവരി നാലിന് ശേഷത്തേക്ക് നീട്ടിവെക്കുകയും ചെയ്തു. ക്യാമ്പസും പരിസരവും സംഘര്‍ഷഭരിതമായതിനാല്‍ ഹരജികള്‍ എത്രയും പെട്ടെന്നു പരിഗണിക്കണമെന്ന അഭിഭാഷകരുടെ ആവശ്യം കോടതി നിരാകരിക്കുകയായിരുന്നു. നിയമലോകത്ത് അമ്പരപ്പുണ്ടാക്കിയിട്ടുണ്ട് സുപ്രീം കോടതിയുടെയും ഡല്‍ഹി ഹൈക്കോടതിയുടെയും ഈ നടപടികള്‍. അതീവ പ്രാധാന്യം അര്‍ഹിക്കുന്ന ഒരു വിഷയത്തിന്റെ പരിഗണന ഒന്നര മാസത്തേക്ക് നീട്ടിവെച്ച ഹൈക്കോടതി തീരുമാനത്തിനെതിരെ “ഷെയിം ഷെയിം” വിളിച്ച് അഭിഭാഷകര്‍ പ്രതിഷേധിച്ചത് ഈ സാഹചര്യത്തിലാണ്.
ക്രമസമാധാന തകര്‍ച്ച, ജനങ്ങളുടെ സുരക്ഷ, നിയമലംഘനങ്ങള്‍ തുടങ്ങി ഗൗരവതരമായ വിഷയങ്ങളില്‍ ജാഗ്രതയോടെ ഇടപെടാനും പ്രതികരിക്കാനും നമ്മുടെ ജുഡീഷ്യറിക്ക് കഴിയുമെന്ന് കോടതികള്‍ പലതവണ തെളിയിച്ചിട്ടുണ്ട്. കുറച്ച് മുമ്പ് ഉന്നാവില്‍ പെണ്‍കുട്ടി ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട കേസില്‍ സുപ്രീം കോടതി പൊട്ടിത്തെറിക്കുന്നത് നാം കണ്ടു. ഈ രാജ്യത്ത് എന്താണ് സംഭവിക്കുന്നത്? ഇവിടെ നിയമപ്രകാരം വല്ലതും നടക്കുന്നുണ്ടോ എന്നൊക്കെ അതിരൂക്ഷമായ ഭാഷയിലാണ് കോടതി ചോദിച്ചത്. കൊച്ചി മരടിലെ അനധികൃത ഫ്‌ളാറ്റ് വിഷയത്തില്‍ കോടതി പല തവണ അതിന്റെ ശൗര്യം പ്രകടിപ്പിച്ചു. കഴിഞ്ഞ ജൂലൈയില്‍ കേരളത്തിലെ ചില ക്രിസ്തീയ ചര്‍ച്ചുകളിലെ ഓര്‍ത്തഡോക്‌സ്, യാക്കോബായ തര്‍ക്ക കേസുകളില്‍ സംസ്ഥാന സര്‍ക്കാറിനെതിരെ കടുത്ത ഭാഷയിലാണ് കോടതി പ്രതികരിച്ചത്. ഈ വിഷയത്തില്‍ സംസ്ഥാന ചീഫ് സെക്രട്ടറിയെ വിളിച്ചു വരുത്തി ജയിലിലടക്കുമെന്നു വരെ കോടതി മുന്നറിയിപ്പ് നല്‍കി. 2005ലെ ഹിന്ദു പിന്തുടര്‍ച്ചാവകാശവുമായി ബന്ധപ്പെട്ട ഒരു അപ്പീല്‍ 2015 ഒക്ടോബറില്‍ പരിഗണനക്ക് വന്നപ്പോള്‍ ഈ കേസുമായി നേരിട്ട് ഒരു ബന്ധവുമില്ലാത്ത മുസ്‌ലിം സ്ത്രീകളുടെ അവകാശവുമായി ബന്ധപ്പെട്ട വിഷയത്തില്‍ പൊതുതാത്പര്യ ഹരജി സമര്‍പ്പിക്കാന്‍ സ്വമേധയാ ഉത്തരവിടുക വഴി ജുഡീഷ്യറിയുടെ അമിതാധികാര പ്രയോഗവും നാം കണ്ടതാണ്.

പൗരത്വ നിയമ ഭേദഗതി നിയമത്തിനെതിരായ പ്രക്ഷോഭം ഭരണകൂടത്തിന്റെ എല്ലാ കണക്കുകൂട്ടലുകളെയും തെറ്റിച്ചു. അടിച്ചമര്‍ത്തലുകളെ അതിജീവിച്ച് അനുദിനം ശക്തിപ്പെടുകയും ചെയ്യുന്നു. മതം അടിസ്ഥാനമാക്കിയുള്ള പൗരത്വ നയം ആഗോള സമൂഹത്തില്‍ കടുത്ത വിമര്‍ശനങ്ങള്‍ക്കു വിധേയമാകുകയും ചെയ്തു. എന്നിട്ടും കോടതി അതിനു നേരെ മുഖം തിരിക്കുകയാണ്. ഇതിന്റെ പിന്നിലെ ചേതോവികാരം മനസ്സിലാക്കാന്‍ പ്രയാസമുണ്ട്. ഭരണഘടനയുടെ മൗലിക തത്വങ്ങളെ മറികടന്നാണ് സര്‍ക്കാര്‍ പൗരത്വ നിയമം ഭേദഗതി ചെയ്തു രാജ്യത്തെ ഒരു വിഭാഗത്തെ മാത്രം അതിന്റെ ആനുകൂല്യത്തില്‍ നിന്ന് മാറ്റിനിര്‍ത്തിയത്. ജനാധിപത്യം അപകടത്തിലാകുകയും ഭരണഘടന കാറ്റില്‍ പറത്തുകയും ചെയ്യുമ്പോള്‍ എങ്ങനെ കോടതിക്ക് ഇവ്വിധം നോക്കുകുത്തിയാകാന്‍ സാധിക്കുന്നു? ജുഡീഷ്യറി അപകടത്തിലാണെന്ന മുന്നറിയിപ്പോടെ 2018 ജനുവരിയില്‍ ജസ്റ്റിസ് ചെലമേശ്വറിന്റെ നേതൃത്വത്തില്‍ നാല് സുപ്രീം കോടതി ജഡ്ജിമാര്‍ കോടതി നടപടികള്‍ നിര്‍ത്തി വെച്ചു മാധ്യമങ്ങള്‍ക്കു മുമ്പിലെത്തിയ സംഭവമാണ് ഈ ഘട്ടത്തില്‍ ഓര്‍മ വരുന്നത്.

ഭരണഘടനയുടെ സംരക്ഷകനും വ്യാഖ്യാതാവുമായി വര്‍ത്തിക്കുകയെന്നതാണ് ജുഡീഷ്യറിയുടെ കടമ. നിയമനിര്‍മാണ സഭകള്‍ രൂപം നല്‍കുന്നതും ഭരണസംവിധാനം നടപ്പിലാക്കുന്നതുമായ നിയമങ്ങള്‍ ഭരണഘടനക്ക് നിരക്കുന്നതാണോ എന്നു പരിശോധിക്കേണ്ട ഉത്തരവാദിത്വം ജുഡീഷ്യറിക്കുണ്ട്. ഭരണഘടനയുടെ അടിസ്ഥാന ശിലകളിലൊന്നായ മതേതരത്വത്തിന്റെ സംരക്ഷണവും കോടതിയുടെ ഉത്തരവാദിത്വത്തില്‍ ഉള്‍പ്പെടുന്നു. ഭരണഘടനയുടെ ചട്ടക്കൂട്ടില്‍ നിന്ന് സര്‍ക്കാറുകള്‍ വ്യതിചലിക്കുമ്പോള്‍ മുമ്പൊക്കെ കോടതികള്‍ അതിനെതിരെ താക്കീത് നല്‍കുകയും നിയമവിധേയവും സുതാര്യവുമായ മാര്‍ഗം അവലംബിക്കണമെന്നു ഓര്‍മപ്പെടുത്തുകയും ചെയ്യാറുണ്ടായിരുന്നു. ഇന്നിപ്പോള്‍ സര്‍ക്കാറുകളെ സഹായിക്കുക എന്ന മട്ടിലാണ് കോടതികള്‍ പലപ്പോഴും പ്രശ്‌നങ്ങളെ സമീപിക്കുന്നതും ഉത്തരവിറക്കുന്നതും. അപകടകരമായ ഈ നയവ്യതിചലനം ജനാധിപത്യത്തിന്റെ മൂന്നാം തൂണെന്ന വിശേഷണത്തിനുള്ള ജുഡീഷ്യറിയുടെ അര്‍ഹത ഇല്ലാതാക്കുകയും ജനാധിപത്യ സംവിധാനത്തിന്റെ അന്ത്യം കുറിക്കാന്‍ തന്നെ ഇടയാക്കുകയും ചെയ്യും.

---- facebook comment plugin here -----

Latest