Connect with us

National

മംഗളുരു വെടിവെപ്പിലും മാധ്യമപ്രവര്‍ത്തകരെ കസ്റ്റഡിയിലെടുത്ത സംഭവത്തിലും അന്വേഷണം പ്രഖ്യാപിച്ച് കര്‍ണാടക സര്‍ക്കാര്‍

Published

|

Last Updated

മംഗളൂരു | പൗരത്വ നിയമഭേദഗതിക്കെതിരായ പ്രതിഷേധത്തിനിടെ പോലീസ് വെടിവെപ്പില്‍ രണ്ട് പേര്‍ കൊല്ലപ്പെട്ട സംഭവത്തില്‍ കര്‍ണാടക സര്‍ക്കാര്‍ അന്വേഷണം പ്രഖ്യാപിച്ചു. മുഖ്യമന്ത്രി ബി എസ് യെദിയൂരപ്പയാണ് അന്വേഷണം പ്രഖ്യാപിച്ചത്. അക്രമസംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യാന്‍ മംഗളുരുവിലെത്തിയ മലയാളി മാധ്യമപ്രവര്‍ത്തകരെ അകാരണമായി പോലീസ് കസ്റ്റഡിയിലെടുത്തത് സംബന്ധിച്ചും അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്. എന്നാല്‍ ഏത് തരത്തിലുള്ള അന്വേഷണമാണ് നടത്തുകയെന്ന് യെദിയൂരപ്പ വ്യക്തമാക്കിയിട്ടില്ല.

വ്യാഴാഴ്ച പോലീസ് വെടിവെപ്പില്‍ രണ്ട് പേര്‍ കൊല്ലപ്പെട്ട സംഭവത്തിന് പിറകെ ഇന്ന് യെദിയൂരപ്പ മംഗളുരു സന്ദര്‍ശിച്ചു. സുരക്ഷാ ക്രമീകരണങ്ങള്‍ വിലയിരുത്തുന്നതിനായി മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ഉന്നത പോലീസ് ഉദ്യോഗസ്ഥരുടെ യോഗം ചേര്‍ന്നു. ആഭ്യന്തര മന്ത്രി ബസവരാജ് ബൊമ്മയും യെദിയൂരപ്പക്കൊപ്പമുണ്ടാകും. സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് നഗരത്തില്‍ പ്രഖ്യാപിച്ച കര്‍ഫ്യൂവില്‍ അയവ് വരുത്തിയിട്ടുണ്ട്. ഉച്ചക്ക് മൂന്ന് മണിമുതല്‍ ആറ് വരെയാണ് കര്‍ഫ്യുവില്‍ ഇളവ് വരുത്തിയിരിക്കുന്നത്.

തിരിച്ചറിയല്‍ കാര്‍ഡുമായി എത്തുന്നവര്‍ക്ക് മാത്രമാണ് പോലീസ് നഗരത്തിലേക്ക് പ്രവേശനം അനുവദിച്ചിരുന്നത്.
അതേസമയം, ദക്ഷിണ കന്നട ജില്ലയില്‍ ഇന്റര്‍നെറ്റ് നിരോധനം ഇന്നും തുടരും. ചിക്മംഗളൂരു, ഹാസന്‍ ജില്ലകളിലെ ചില മേഖലകളിലും ഇന്റര്‍നെറ്റ് നിരോധനമുണ്ട്.