Connect with us

National

പൗരത്വ നിയമത്തിനെതിരായ പ്രക്ഷോഭം: യു പിയില്‍ മാത്രം 11 മരണം

Published

|

Last Updated

ന്യൂഡല്‍ഹി | പൗരത്വ ഭേദഗതി നിയമത്തിനെതിരെ ഉത്തര്‍പ്രദേശില്‍ നടന്ന പ്രതിഷേധത്തിനിടെയുണ്ടായ സംഘര്‍ഷത്തില്‍ എട്ടു വയസുകാരന്‍ ഉള്‍പ്പെടെ പതിനൊന്ന് പേര്‍ കൊല്ലപ്പെട്ടു. വാരാണസിയില്‍ പോലീസ് നടപടിക്കിടെ ഉണ്ടായ തിക്കിലും തിരക്കിലുമാണ് കുട്ടി മരിച്ചതെന്നു പൊലീസ് ഭാഷ്യം. മീററ്റില്‍ നാലു പേര്‍ മരിച്ചു. മറ്റിടങ്ങളിലായി ആറു പേര് മരിച്ചെന്നും പോലീസ് അറിയിച്ചു.

അതേ സമയം മരിച്ചവരാരും പോലീസ് വെടിവെപ്പിലല്ല മരിച്ചതെന്നാണ് ഉത്തര്‍പ്രദേശ് ഡിജിപി ഒ പി സിങ് പറയുന്നത്. പോലീസ് ഒരു തവണപോലും വെടിയുതിര്‍ത്തിട്ടില്ലെന്നും അദ്ദേഹം അവകാശപ്പെട്ടു.
ആറു പോലീസുകാര്‍ക്ക് വെടിയേറ്റു. ഇതില്‍ ഒരാളുടെ നില ഗുരുതരമെന്നും യുപി പൊലീസ് അറിയിച്ചു. യുപിയിലെ സര്‍വകലാശാലകളും കോളജുകളും ഉള്‍പ്പെടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ഇന്ന് അവധി പ്രഖ്യാപിച്ചു. മധ്യപ്രദേശിലെ 50 ജില്ലകളില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു. ജബല്‍പൂരില്‍ ഇന്റര്‍നെറ്റ് സേവനം തടഞ്ഞു. പൗരത്വ ഭേദഗതി നിയമത്തിനെതിരെ ബിഹാറില്‍ ആര്‍ജെഡി പ്രഖ്യാപിച്ച ബന്ദ് തുടരുകയാണ്. ഇടത് പാര്‍ട്ടികള്‍ ബന്ദിന് പിന്തുണ അറിയിച്ചിട്ടുണ്ട്. കോണ്‍ഗ്രസിന്റെ നേതൃത്വത്തിലും ഇന്ന് വിവിധ ഇടങ്ങളില്‍ പ്രതിഷേധം സംഘടിപ്പിക്കും. പൗരത്വ നിയമത്തിനെതിരായ പ്രതിഷേധം തുടങ്ങിയ ശേഷം അസം, യുപി, കര്‍ണാടകം എന്നിവിടങ്ങളിലായി 17 പേര്‍ കൊല്ലപ്പെട്ടിട്ടുണ്ട്.

അതേ സമയം കേരളത്തില്‍ നിന്നുള്ള വാഹനങ്ങള്‍ തലപ്പാടിയില്‍ കര്‍ണാടക പൊലീസ് തടയുന്നു. കാറുകളും ഇരുചക്രവാഹനങ്ങളും മാത്രമാണ് കടത്തിവിടുന്നത്. യാത്രാരേഖകളും തിരിച്ചറിയല്‍ രേഖകളും മറ്റും പരിശോധിച്ച ശേഷം മാത്രമാണ് കര്‍ണാടകയിലേക്ക് പ്രവേശനം അനുവദിക്കുന്നത്. ബസുകള്‍ അതിര്‍ത്തിവരെ മാത്രമേ സര്‍വീസ് നടത്തുന്നുള്ളു. കേരളത്തിലേക്കുള്ള വാഹനങ്ങള്‍ക്കു നിയന്ത്രണമില്ല.