Connect with us

National

കര്‍ഫ്യു തുടരുന്നു; മുഖ്യമന്ത്രി ബി എസ് യെദിയൂരപ്പ ഇന്ന് മംഗളുരുവിലെത്തും

Published

|

Last Updated

മംഗളൂരു |പൗരത്വ നിയമഭേദഗതിക്കെതിരായ പ്രതിഷേധത്തിനിടെ പോലീസ് വെടിവെപ്പില്‍ രണ്ട് പേര്‍ കൊല്ലപ്പെട്ട മംഗളുരുവില്‍ കര്‍ണാടക മുഖ്യമന്ത്രി ബി എസ് യെദിയൂരപ്പ ഇന്ന് സന്ദര്‍ശനം നടത്തും. സുരക്ഷാ ക്രമീകരണങ്ങള്‍ വിലയിരുത്തുന്ന മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ഉന്നത പോലീസ് ഉദ്യോഗസ്ഥരുടെ യോഗവും ചേരും. ആഭ്യന്തര മന്ത്രി ബസവരാജ് ബൊമ്മയും യെദിയൂരപ്പക്കൊപ്പമുണ്ടാകും. സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് നഗരത്തില്‍ കര്‍ഫ്യൂ തുടരുകയാണ്. തിരിച്ചറിയല്‍ കാര്‍ഡുമായി എത്തുന്നവര്‍ക്ക് മാത്രമാണ് നഗരത്തിലേക്ക് പ്രവേശനം അനുവദിക്കുന്നുള്ളൂ.

അതേസമയം, ദക്ഷിണ കന്നട ജില്ലയില്‍ ഇന്റര്‍നെറ്റ് നിരോധനം ഇന്നും തുടരും. ചിക്മംഗളൂരു, ഹാസന്‍ ജില്ലകളിലെ ചില മേഖലകളിലും ഇന്റര്‍നെറ്റ് നിരോധനമുണ്ട്.

മംഗളൂരുവില്‍ ഇന്നലെ മലയാളി മാധ്യമപ്രവര്‍ത്തകരെ അകാരണമായി പോലീസ് കസ്റ്റഡിയിലെടുത്തത് വലിയ പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു. സിറ്റി പൊലീസ് കമ്മീഷണറുടെ നേതൃത്വത്തിലാണ് മാധ്യമപ്രവര്‍ത്തകരെ കസ്റ്റഡിയിലെടുത്തത്. മാധ്യമ സംഘത്തില്‍ നിന്ന് ക്യാമറ അടക്കമുള്ള ഉപകരണങ്ങള്‍ പൊലീസ് പിടിച്ചെടുത്തു. മണിക്കൂറുകള്‍ കഴിഞ്ഞാണ് ഇവരെ വിട്ടയച്ചത്.