Connect with us

Gulf

സീസണിലെ ആദ്യത്തെ വിനോദ സഞ്ചാര കപ്പല്‍ മറെല്ല ഡിസ്‌കവറി ക്രൂയിസ് ഫുജൈറയിലെത്തി

Published

|

Last Updated

അബൂദബി | ക്രൂയിസ് സീസണിന്റെ വരവ് അറിയിച്ചു ആദ്യത്തെ കപ്പല്‍ ഫുജൈറ തുറമുഖത്ത് എത്തി. മറെല്ല ഡിസ്‌കവറി ക്രൂയിസ് കപ്പലാണ് ഫുജൈറയിലെത്തിയത്. അബൂദബി തുറമുഖത്തിന്റെ പൂര്‍ണ ഉടമസ്ഥതയിലുള്ള ഫുജൈറ ടെര്‍മിനലില്‍ ആദ്യമായാണ് ക്രൂയിസ് കപ്പല്‍ എത്തുന്നത്. കപ്പലില്‍ എത്തിയ സന്ദര്‍ശകര്‍ക്ക് തുറമുഖ അധികൃതര്‍ സ്വീകരണം നല്‍കി. കപ്പല്‍ സന്ദര്‍ശകരുടെ നടപടി സുഗമമാക്കുന്നതിന് തുറമുഖത്ത് താത്കാലിക ക്രൂയിസ് ടെര്‍മിനല്‍ സ്ഥാപിച്ചതായി തുറമുഖ അധികൃതര്‍ അറിയിച്ചു. ഫിറ്റ്-ഫോര്‍-പര്‍പ്പസ്, പാസഞ്ചര്‍ ഹാള്‍, ലഗേജ് കൈകാര്യം ചെയ്യുന്ന സ്ഥലം എന്നിവ താത്ക്കാലിക ടെര്‍മിനലില്‍ ഒരുക്കിയിരുന്നു. കൂടാതെ ദുബൈ അന്താരാഷ്ട്ര വിമാനത്താവളത്തിലേക്കും പുറത്തേക്കും യാത്ര ചെയ്യുന്നതിന് യാത്രക്കാര്‍ക്ക് ഓണ്‍സൈറ്റ് ട്രാഫിക്കും ലോജിസ്റ്റിക് പിന്തുണയും സജ്ജീകരിച്ചതായി തുറമുഖ അധികൃതര്‍ അറിയിച്ചു.

ഫുജൈറ തുറമുഖത്ത് എത്തിയ ആദ്യത്തെ ക്രൂയിസ് കപ്പലിനെ സ്വീകരിക്കുന്നതിന് വിപുലമായ ഒരുക്കങ്ങളാണ് തുറമുഖത്ത് ഒരുക്കിയതെന്ന് ഫുജൈറ ടെര്‍മിനലുകളുടെ ആക്ടിംഗ് സി ഇ ഒ. അബ്ദുല്‍ അസീസ് അല്‍ ബലൂഷി പറഞ്ഞു. ക്രൂയിസ് ആഘോഷം ഫുജൈറയുടെ സുപ്രധാന പരിപാടികളില്‍ ഒന്നാണ്. രാജ്യത്തേക്ക് എത്തുന്ന സന്ദര്‍ശകരെ സ്വീകരിക്കുന്നതിനും ടൂറിസം സീസണിനെ പരിപോഷിപ്പിക്കുന്നതിനും വലിയ പിന്തുണയാണ് സര്‍ക്കാര്‍ നല്‍കുന്നത്. കൂടാതെ ആഗോള ക്രൂയിസ് മാര്‍ക്കറ്റിലെ പ്രധാന ലക്ഷ്യസ്ഥാനമായി ഫുജൈറയുടെ സ്ഥാനം ഉയര്‍ന്നു കഴിഞ്ഞു. അബ്ദുല്‍ അസീസ് അല്‍ ബലൂഷി വ്യക്തമാക്കി.

മറെല്ല ഡിസ്‌കവറിയുടെ വരവോടെ ഫുജൈറയില്‍ ക്രൂയിസ് സീസണിന്റെ തുടക്കം പ്രഖ്യാപിക്കുന്നതില്‍ ഞങ്ങള്‍ സന്തുഷ്ടരാണ്. ഈ സീസണിലേക്ക് എത്താന്‍ പോകുന്ന 16 ക്രൂയിസുകളില്‍ ആദ്യത്തേതാണ് മറെല്ല. ക്രൂയിസ് സീസണിലെ അവസാനത്തെ കപ്പല്‍ 2020 മെയ് 15 ന് എത്തും അബൂദബി തുറമുഖത്തെ ക്രൂസ് ടെര്‍മിനല്‍ മാനേജര്‍ നൗറ റഷീദ് അല്‍ ളാഹേരി പറഞ്ഞു. 2016 ലാണ് ആദ്യമായി ക്രൂയിസ് കപ്പലെത്തിയത്. കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി ക്രൂയിസ് കപ്പലുകളുടെ എണ്ണം ഗണ്യമായി വര്‍ധിച്ചു. ഇത് ഒരു മികച്ച യാത്രാ സ്ഥലമെന്ന നിലയില്‍ ഫുജൈറയുടെ വര്‍ധിച്ചുവരുന്ന ജനപ്രീതിയും യു എ ഇയില്‍ ക്രൂയിസ് മാര്‍ക്കറ്റ് വളര്‍ത്തുന്നതിനുള്ള അബൂദബി പോര്‍ട്ടുകളുടെ പ്രതിബദ്ധതയും എടുത്തുകാണിക്കുന്നു. 2019-2020 സീസണില്‍ 16 ക്രൂയിസ് കപ്പലുകളെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. ക്രൂയിസ് ടെര്‍മിനലില്‍ കഴിഞ്ഞ നാല് വര്‍ഷത്തിനിടയില്‍ ക്രൂയിസുകളുടെ എണ്ണത്തില്‍ 185 ശതമാനം വര്‍ധനയുണ്ടായതായി നൗറ റഷീദ് അല്‍ ളാഹേരി പറഞ്ഞു.

918 ക്യാബിനുകളുള്ള മറെല്ല ഡിസ്‌കവറിയില്‍ 11 ഡെക്കുകളുണ്ട്. 1,800 അതിഥികള്‍ക്ക് യാത്ര ചെയ്യാനാകും. ഫുജൈറയില്‍ നിന്ന് പുറപ്പെട്ട് അബൂദബി, ഒമാന്‍ വഴി ഇന്ത്യയിലെ വിവിധ നഗരങ്ങളില്‍ സന്ദര്‍ശനം നടത്തി കൊച്ചിയില്‍ യാത്ര അവസാനിപ്പിക്കും.

ബ്യൂറോ ചീഫ്, സിറാജ്, അബൂദബി

---- facebook comment plugin here -----

Latest