Connect with us

Kerala

കര്‍ണാടക പോലീസ് കസ്റ്റഡിയിലെടുത്ത മാധ്യമപ്രവര്‍ത്തകരെ വിട്ടയച്ചു; കുടിവെള്ളം പോലും നല്‍കാതെ ക്രൂരത

Published

|

Last Updated

കാസര്‍കോട് | മംഗളുരുവില്‍ പോലീസ് മണിക്കൂറുകളോളം ബന്ദികളാക്കിവെച്ച മാധ്യമപ്രവര്‍ത്തകരെ മോചിപ്പിച്ചു. കര്‍ണാടക പോലീസിന്റെ വാഹനത്തില്‍ കാസര്‍കോട് അതിര്‍ത്തിയായ തലപ്പാടിയില്‍ എത്തിച്ചാണ് ഇവരെ കേരള പോലീസിന് കൈമാറിയത്. മാധ്യമ പ്രവര്‍ത്തകരുടെ ഫോണ്‍ ക്യാമറകള്‍ തുടങ്ങിയ ഉപകരണങ്ങളും കര്‍ണാടക പോലീസ് തിരികെ നല്‍കി.

കസ്റ്റഡിയിലെടുത്ത് എട്ട് മണിക്കൂറുകളോളം പിന്നിട്ട ശേഷമാണ് ഇവരെ മോചിപ്പിച്ചത്. മംഗളുരുവിലെ അക്രമസംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യാനായി എത്തിയ മലയാളി മാധ്യമപ്രവര്‍ത്തകരായ പത്തോളം പേരെയാണ് കര്‍ണാടക പോലീസ് അന്യായമായി കസ്റ്റഡിയിലെടുത്തത്. അക്രഡറ്റേഷന്‍ കാര്‍ഡില്ലെന്ന പേരിലാണ് പോലീസ് ഇവരെ കസ്റ്റഡിയിലെടുത്തത്. പോലീസ് ക്രിമിനലുകളോടെന്നപോലെയാണ് തങ്ങളോട് പെരുമാറിയതെന്ന് വിട്ടയച്ച മാധ്യമപ്രവര്‍ത്തകര്‍ പറഞ്ഞു. വിട്ടയക്കുംവരെ കുടിവെള്ളമോ ഭക്ഷണമോ നല്‍കാന്‍ പോലീസ് തയ്യാറായുമില്ല.