Connect with us

National

പൗരത്വ നിയമ ഭേദഗതി: വിജ്ഞാപനം വൈകുമെന്ന് റിപ്പോര്‍ട്ട്

Published

|

Last Updated

ന്യൂഡല്‍ഹി |രാജ്യത്താകമാനം പ്രക്ഷോഭങ്ങള്‍ പടരുന്ന സാഹചര്യത്തില്‍ പൗരത്വ നിയമ ഭേദഗതിയുമായി ബന്ധപ്പെട്ട വിജ്ഞാപനം വൈകുമെന്നു റിപ്പോര്‍ട്ട്. നിലവില്‍ പൗരത്വ നിയമം സുപ്രീം കോടതിക്ക് മുന്നിലെത്തിയ സാഹചര്യത്തില്‍ വിദഗ്ധ ഉപദേശം തേടാനാണു കേന്ദ്ര തീരുമാനമെന്ന് ആഭ്യന്തര മന്ത്രാലയ വൃത്തങ്ങള്‍ സൂചിപ്പിച്ചു. ചീഫ് ജസ്റ്റിസ് എസ് എ ബോബ്‌ഡെ അധ്യക്ഷനായ മൂന്നംഗ ബെഞ്ച് പൗരത്വ നിയമ ഭേദഗതിക്കെതിരേ സമര്‍പ്പിക്കപ്പെട്ട 59 ഹര്‍ജികള്‍ അടുത്തമാസം 22നു പരിഗണിക്കാന്‍ തീരുമാനിച്ചിരുന്നു.

പൗരത്വ ഭേദഗതി നിയമം കോടതിയില്‍ ചോദ്യം ചെയ്യപ്പെടാന്‍ സാധ്യതയുണ്ടെന്നു വിദഗ്ധ ഉപദേശം ലഭിച്ചാല്‍ ജനുവരി 22 വരെ കേന്ദ്രസര്‍ക്കാര്‍ കാത്തിരിക്കും. ഡിസംബര്‍ 12നാണ് ബില്ലിനു രാഷ്ട്രപതി അംഗീകാരം നല്‍കിയത്. എന്നാല്‍ ഇതുവരെ വിജ്ഞാപനം പുറപ്പെടുവിക്കാന്‍ സര്‍ക്കാര്‍ തയാറായിട്ടില്ല.

ദേശീയ പൗരത്വ പട്ടിക (എന്‍ആര്‍സി) തയാറാക്കാനുള്ള തീരുമാനം കേന്ദ്രസര്‍ക്കാര്‍ ഉടന്‍ നടപ്പാക്കില്ലെന്ന സൂചനകളും പുറത്തുവന്നു. ഇതുമായി ബന്ധപ്പെട്ട് രുപരേഖ പോലും തയാറായില്ലെന്ന് കേന്ദ്ര ആഭ്യന്തര സഹമന്ത്രി ജി കെ റെഡ്ഡി അറിയിച്ചു. രൂപരേഖ തയാറാകുന്ന മുറയ്ക്ക് ജനങ്ങളെ പറഞ്ഞു മനസിലാക്കിയായിരിക്കും സര്‍ക്കാര്‍ നടപടിയുമായി മുന്നോട്ടു പോകുക എന്നും അദ്ദേഹം അറിയിച്ചു.

സംസ്ഥാനങ്ങളുടെ സഹകരണമില്ലാതെ പൗരത്വ പട്ടിക നടപ്പാക്കാനാകില്ല. വിവിധ സംസ്ഥാനങ്ങളില്‍ പ്രതിഷേധം തുടരുന്ന സാഹചര്യത്തിലാണ് പൗരത്വ പട്ടിക ഉടന്‍ തയാറാക്കില്ലെന്ന നിലപാടിലേക്ക് കേന്ദ്രം എത്തുന്നതെന്നാണ് സൂചന. കേരളം, പശ്ചിമ ബംഗാള്‍, ഒഡിഷ, പഞ്ചാബ്, ബീഹാര്‍, മധ്യപ്രദേശ്, ഛത്തീസ്ഗഢ്, ഡല്‍ഹി, തെലങ്കാന എന്നിങ്ങനെ 9 സംസ്ഥാനങ്ങളാണ് എന്‍ആര്‍സിയെ ശക്തമായി എതിര്‍ക്കുന്നത്. രാജ്യത്തെ മുസ്‌ലിംകളെ ലക്ഷ്യം വച്ചാണ് പൗരത്വ പട്ടിക തയാറാക്കാനുള്ള കേന്ദ്ര നീക്കമെന്ന ആരോപണവും ശക്തമാണ്. പുതിയ പൗരത്വ നിയമമനുസരിച്ച് അയല്‍ സംസ്ഥാനങ്ങളില്‍ നിന്നുള്ള മുസ്‌ലിംകളല്ലാത്ത അഭയാര്‍ഥികള്‍ക്ക് ഇന്ത്യന്‍ പൗരത്വം ലഭ്യമാകും.

Latest