Connect with us

Articles

ഭയം ഇറങ്ങിപ്പോയ രാജ്യം

Published

|

Last Updated

ബംഗ്ലാദേശ്, പാക്കിസ്ഥാന്‍, അഫ്ഗാനിസ്ഥാന്‍ എന്നീ രാജ്യങ്ങളില്‍ നിന്ന് 2014 ഡിസംബര്‍ 31ന് മുമ്പ് ഇന്ത്യയിലെത്തി അഞ്ച് വര്‍ഷമായി ഇവിടെ താമസിക്കുന്ന മുസ്‌ലിംകളല്ലാത്തവര്‍ക്ക് പൗരത്വം അനുവദിച്ച് നിയമം ഭേദഗതി ചെയ്തപ്പോള്‍ ഭൂരിപക്ഷ സമുദായത്തിന്റെ അകമഴിഞ്ഞ പിന്തുണ പ്രതീക്ഷിച്ചിരുന്നു നരേന്ദ്ര മോദിയും അമിത് ഷായും സംഘ്പരിവാറും. ഇസ്‌ലാമിക ഭരണത്തിലുള്ള മൂന്ന് രാജ്യങ്ങളില്‍ ഹിന്ദുക്കളടക്കമുള്ള ന്യൂനപക്ഷം പീഡിപ്പിക്കപ്പെടുകയാണെന്നും അവരെ സംരക്ഷിക്കാന്‍ നടപടി സ്വീകരിക്കുകയാണെന്നും ഔദ്യോഗികമായി പ്രഖ്യാപിക്കുമ്പോള്‍ രാജ്യത്തെ മുസ്‌ലിംകളോടുള്ള വെറുപ്പ് അധികരിപ്പിക്കാനുള്ള ആയുധമായി പൗരത്വ നിയമ ഭേദഗതിയെ ഉപയോഗിക്കാനായിരുന്നു ശ്രമം. നിയമ ഭേദഗതിയിലുള്ള പ്രതിഷേധമെന്ന പേരില്‍ അക്രമം നടത്തുന്നവരെ വസ്ത്രം നോക്കി തിരിച്ചറിയാമെന്ന് പ്രധാനമന്ത്രി സ്ഥാനത്തിരുന്ന് നരേന്ദ്ര മോദി പ്രസംഗിച്ചതിന്റെ ഉദ്ദേശ്യവും മറ്റൊന്നായിരുന്നില്ല. “കഴിയാകുന്നത്ര പ്രതിഷേധിച്ചോളൂ, ഞങ്ങളീ നിയമം നടപ്പാക്കു”മെന്ന് ആഭ്യന്തര മന്ത്രി അമിത് ഷാ പ്രഖ്യാപിച്ചത്, പ്രതിഷേധം വളരുന്നത് വര്‍ഗീയ ധ്രുവീകരണത്തിന്റെ ആഴം കൂട്ടാന്‍ സഹായിക്കുമെന്ന പ്രതീക്ഷയിലുമായിരുന്നു. അത്തരം പ്രതീക്ഷകളെയൊക്കെ അസ്ഥാനത്താക്കും വിധത്തില്‍ ഫാസിസ്റ്റ് ഭരണകൂടത്തെ ഭരണഘടന വായിച്ച് കേള്‍പ്പിക്കുകയാണ് തെരുവിലിറങ്ങിയ ജനം. “”ഞങ്ങള്‍ ഇന്ത്യയിലെ ജനങ്ങള്‍…” എന്ന ഭരണഘടനയിലെ ആദ്യ വാക്യം അര്‍ഥവത്താകുന്ന കാഴ്ച രാജ്യം കണ്ടുകൊണ്ടിരിക്കുന്നു.

പൗരത്വ നിയമ ഭേദഗതിയും പൗരത്വപ്പട്ടിക രാജ്യവ്യാപകമാക്കുമെന്ന പ്രഖ്യാപനവും ജനങ്ങളെ ഭിന്നിപ്പിക്കാനും ഹിന്ദു രാഷ്ട്ര സ്ഥാപനമെന്ന രാഷ്ട്രീയ സ്വയംസേവക് സംഘിന്റെ അജന്‍ഡ നടപ്പാക്കാനുള്ള ശ്രമവുമാണെന്ന് മതനിരപേക്ഷ ജനാധിപത്യമായി ഇന്ത്യന്‍ യൂനിയന്‍ നിലനിന്ന് കാണണമെന്ന് ആഗ്രഹിക്കുന്നവര്‍ തിരിച്ചറിയുന്നുവെന്നതാണ് ഏറ്റവും പ്രധാനം. അതുകൊണ്ട് കൂടിയാണ് തെരുവുകള്‍ സമരഭൂമിയായി മാറുന്നത്. നിയമ ഭേദഗതിയും പൗരത്വപ്പട്ടിക ദേശവ്യാപകമാക്കുന്നതും നേരിട്ട് ബാധിക്കുക രാജ്യത്തെ ജനസംഖ്യയില്‍ പത്തൊമ്പത് ശതമാനം വരുന്ന മുസ്‌ലിംകളെയാണ്. ആ നീക്കം രാജ്യത്തിന്റെ ഭരണഘടനയെയാണ് തകര്‍ക്കുക എന്നും അത് പിന്നീട് തങ്ങളെ തടവറയിലേതിന് സമാനമായ ജീവിതത്തിലേക്ക് തള്ളിവിടുമെന്നും ഭൂരിപക്ഷ സമുദായത്തിലെ വലിയൊരു വിഭാഗം തിരിച്ചറിയുന്നുണ്ട്. ആ തിരിച്ചറിവാണ് പ്രക്ഷോഭത്തിന്റെ ജ്വാലയെ കെടാതെ സൂക്ഷിക്കുന്നത്. അതിലേക്ക് രാജ്യത്തെ നയിച്ചത്, വിദ്യാര്‍ഥികളാണെന്നതാണ് ഏറ്റവും പ്രധാനം.
1975ല്‍ രാജ്യത്ത് ഇന്ദിരാ ഗാന്ധി അടിയന്തരാവസ്ഥ പ്രഖ്യാപിച്ചപ്പോള്‍ അതിനെതിരെ സംഘടിതമായി തെരുവിലിറങ്ങിയിരുന്നു വിദ്യാര്‍ഥികള്‍. ബിഹാറില്‍ തുടങ്ങി ഇതര സംസ്ഥാനങ്ങളിലേക്ക് വ്യാപിച്ച വിദ്യാര്‍ഥി പ്രക്ഷോഭത്തെയാണ് സമ്പൂര്‍ണ വിപ്ലവമെന്ന മുദ്രാവാക്യമുയര്‍ത്തി ജനകീയ വിപ്ലവമാക്കി ജയപ്രകാശ് നാരായണനും കൂട്ടരും മാറ്റിയത്. ആ സമര വീര്യത്തിന് മുന്നിലാണ് ഇന്ദിരാ ഗാന്ധിക്ക് മുട്ടുമടക്കേണ്ടി വന്നത്.

ഏതാണ്ട് സമാനമായ അവസ്ഥയിലേക്കാണ് രാജ്യം ഇപ്പോള്‍ സഞ്ചരിച്ചു കൊണ്ടിരിക്കുന്നത്. പ്രതിഷേധമുയര്‍ത്തുന്നവരെ വസ്ത്രം നോക്കി തിരിച്ചറിയാമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞതിന് തൊട്ടുപിറകെയാണ് ഡല്‍ഹിയിലെ ജാമിഅ മില്ലിയ്യ ഇസ്‌ലാമിയ്യയിലും ഉത്തര്‍ പ്രദേശിലെ അലിഗഢ് മുസ്‌ലിം സര്‍വകലാശാലയിലും പോലീസ് അതിക്രമം കാട്ടിയത്. പേരു കൊണ്ടുതന്നെ മുസ്‌ലിം ന്യൂനപക്ഷവുമായി താദാത്മ്യമുള്ള രണ്ടിടങ്ങളെ കേന്ദ്രീകരിക്കുക വഴി, പ്രതിഷേധവും അതിന്റെ തുടര്‍ച്ചയായുണ്ടാകുന്ന സംഘര്‍ഷവും ആരുടെ സൃഷ്ടിയാണെന്ന് രാജ്യത്തെ ഭൂരിപക്ഷ സമുദായത്തിന് കാട്ടിക്കൊടുക്കുക എന്നതായിരുന്നു ബി ജെ പി ഭരണകൂടങ്ങളാല്‍ നിയന്ത്രിക്കപ്പെടുന്ന പോലീസിന്റെ ഉദ്ദേശ്യം.

ഈ വിഷലിപ്ത ബുദ്ധിയെ അതിവേഗം വിദ്യാര്‍ഥികള്‍ തിരിച്ചറിഞ്ഞു. ജവഹര്‍ലാല്‍ നെഹ്‌റു, ഡല്‍ഹി, ബനാറസ് ഹിന്ദു സര്‍വകലാശാലകളിലെ വിദ്യാര്‍ഥികള്‍ ജാമിഅയിലെയും അലിഗഢിലെയും വിദ്യാര്‍ഥികള്‍ക്ക് ഐക്യദാര്‍ഢ്യവുമായെത്തി. മുംബൈയിലെ ടാറ്റ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യല്‍ സയന്‍സസിലെയും ബെംഗളൂരുവിലെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ടിലെയും വിദ്യാര്‍ഥികള്‍ സമര മുഖത്തെത്തിയതോടെ സമരത്തെ, മതത്തിന്റെ കള്ളിയില്‍ തളച്ച് ദുര്‍ബലപ്പെടുത്താനുള്ള ഭരണകൂടത്തിന്റെ ശ്രമമാണ് പരാജയപ്പെട്ടത്. മദ്രാസ് സര്‍വകലാശാലയിലെയും കേരളത്തിലെ വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെയും കുട്ടികള്‍ രംഗത്തിറങ്ങി, വേഷം കണ്ട് തിരിച്ചറിയൂ എന്ന് വെല്ലുവിളിക്കുമെന്ന പ്രതീക്ഷ നരേന്ദ്ര മോദിക്കും കൂട്ടര്‍ക്കുമുണ്ടായില്ല. ജമ്മു കശ്മീരിന്റെ പ്രത്യേക പദവി എടുത്തുകളഞ്ഞതായി പ്രഖ്യാപിക്കുന്നതിന് മുമ്പ് തന്നെ അവിടുത്തെ ആശയവിനിമയ സംവിധാനങ്ങളൊക്കെ വിച്ഛേദിച്ചിരുന്നു.

ജനങ്ങളുടെ സഞ്ചാര സ്വാതന്ത്ര്യം തടയുകയും പ്രതിപക്ഷ നേതാക്കളെയൊക്കെ തടങ്കലിലാക്കുകയും ചെയ്തിരുന്നു. കൂടുതല്‍ സൈനികരെ അവിടേക്ക് നിയോഗിച്ച് ഭീതി വളര്‍ത്തുകയും ചെയ്തു. അവിടെയുയരുന്ന പ്രതിഷേധ ശബ്ദങ്ങളൊന്നും പുറമേക്ക് കേള്‍ക്കില്ലെന്ന് ഉറപ്പാക്കിയാണ് പ്രത്യേക പദവി എടുത്തുകളഞ്ഞത് ജനം പൂര്‍ണ മനസ്സോടെ സ്വീകരിച്ചുവെന്ന് ഭരണകൂടം പ്രചരിപ്പിച്ചത്. അതേ രീതി രാജ്യത്താകെ വ്യാപിപ്പിച്ച് പൗരത്വ നിയമ ഭേദഗതി നടപ്പാക്കാമെന്നും പൗരത്വ പട്ടിക രാജ്യവ്യാപകമാക്കുന്നതിന് നടപടി സ്വീകരിക്കാമെന്നും നരേന്ദ്ര മോദി സര്‍ക്കാര്‍ വ്യാമോഹിച്ചു. യു എ പി എ ഭേദഗതി, എന്‍ ഐ എ ഭേദഗതി, കശ്മീരിന്റെ പ്രത്യേക പദവി എടുത്തുകളയല്‍ തുടങ്ങിയവയില്‍ ഭിന്നിച്ച് നിന്നത് പോലെ, ഇതിലും പ്രതിപക്ഷം ഭിന്നിച്ചു നില്‍ക്കുമെന്നും കണക്കുകൂട്ടി.

അതിനെയെല്ലം അട്ടിമറിക്കുകയാണ് മതനിരപേക്ഷ ജനാധിപത്യം നിലനില്‍ക്കണമെന്ന് ആഗ്രഹിക്കുകയും തങ്ങള്‍ക്ക് ശരിയെന്ന് തോന്നുന്നതില്‍ ഉറച്ചുനില്‍ക്കണമെന്ന് താത്പര്യപ്പെടുകയും ചെയ്യുന്ന വിദ്യാര്‍ഥികള്‍.
പാര്‍ലിമെന്റിന്റെ ഇരു സഭകളിലും നിയമ ഭേദഗതിയെ ശക്തമായി എതിര്‍ക്കുകയും ബാക്കി യുദ്ധം കോടതിയില്‍ തുടരാമെന്ന് നിശ്ചയിക്കുകയും ചെയ്ത പ്രതിപക്ഷപ്പാര്‍ട്ടികളില്‍ ചിലതിനെയെങ്കിലും തെരുവിലേക്ക് ഇറക്കാന്‍ അവര്‍ക്ക് സാധിച്ചിരിക്കുന്നു. ആറ് വര്‍ഷത്തെ നരേന്ദ്ര മോദി ഭരണകാലത്ത്, പല മാര്‍ഗങ്ങളിലൂടെ രാജ്യത്ത് സൃഷ്ടിച്ചെടുത്ത ഭയത്തിന്റെ ആവരണത്തെ പറിച്ചെറിയാനും അവര്‍ക്കായി. നോട്ട് പിന്‍വലിച്ച് രാജ്യത്തെ ജനങ്ങളെയാകെ ദുരിതക്കയത്തിലേക്ക് വലിച്ചെറിഞ്ഞപ്പോള്‍, ന്യൂനപക്ഷങ്ങളെയും ദളിതുകളെയും ആള്‍ക്കൂട്ടമെന്ന ഓമനപ്പേരില്‍ അറിയപ്പെട്ട സംഘ്പരിവാര ബന്ധുക്കള്‍ തെരുവില്‍ ആക്രമിച്ചപ്പോള്‍, പ്രതിഷേധമുയര്‍ത്തിയവരെ മുഴുവന്‍ നിശ്ശബ്ദരാക്കാന്‍ പാകത്തില്‍ അസഹിഷ്ണുത വളര്‍ത്തിയപ്പോള്‍, രാഷ്ട്രീയ എതിരാളികളെ മുഴുവന്‍ വിവിധ ഏജന്‍സികളെ ഉപയോഗിച്ച് വേട്ടയാടിയപ്പോള്‍, എം എല്‍ എമാരെ വിലക്കെടുത്ത് ജനഹിതത്തെ അട്ടിമറിച്ചപ്പോള്‍ ഒക്കെ നിശ്ശബ്ദം സഹിച്ചിരുന്ന ജനതയുടെ പ്രതിരോധത്തിനാണ് രാജ്യമിപ്പോള്‍ സാക്ഷ്യം വഹിക്കുന്നത്. പൗരത്വ നിയമ ഭേദഗതിയില്‍ നിന്ന് പിന്നാക്കം പോകാന്‍ ഭരണകൂടത്തെ പ്രേരിപ്പിക്കാന്‍ ഈ സമരത്തിന് ഒരുപക്ഷേ സാധിക്കില്ലായിരിക്കാം. പൗരത്വ പട്ടിക രാജ്യവ്യാപകമാക്കാനുള്ള നീക്കത്തില്‍ നിന്ന് ഭരണകൂടത്തെ ഈ സമരം പിന്തിരിപ്പിക്കില്ലായിരിക്കാം. പക്ഷേ, ഭയത്തിന്റെ പിടിയില്‍ നിന്ന് ജനത്തെ മോചിപ്പിക്കാന്‍ ഈ സമരത്തിന് സാധിച്ചിരിക്കുന്നു. അതാണ് ഏറ്റവും വലിയ നേട്ടം. ഫാസിസ്റ്റ് വാഴ്ചയോട് സമരസപ്പെട്ടു പോകാനാകില്ലെന്നാണ് “ഞങ്ങള്‍ ഇന്ത്യയിലെ ജനങ്ങള്‍” തെരുവിലിറങ്ങി പ്രഖ്യാപിക്കുന്നത്. അത് മനസ്സിലാക്കുന്നതു കൊണ്ടാണ് പൗരത്വ നിയമ ഭേദഗതിയെ പിന്തുണച്ചവര്‍ പോലും എതിരഭിപ്രായവുമായി രംഗത്തുവരുന്നത്. പൗരത്വപ്പട്ടിക നടപ്പാക്കില്ലെന്ന് ഒഡീഷ മുഖ്യമന്ത്രി പ്രഖ്യാപിക്കുന്നത്.

അസിസ്റ്റന്റ്‌ ന്യൂസ് എഡിറ്റർ, സിറാജ്

Latest